കൊച്ചി: ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ രണ്ടാം വാരത്തിലും മുന്നേറി. ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ ടെക്‌നോളജി ഓഹരികളോട് കാണിച്ച താൽപര്യം നിഫ്‌റ്റിക്ക് 185 പോയന്‍റും സെൻസെക്‌സിന് 619 പോയന്‍റും നേട്ടംസമ്മാനിച്ചു.രണ്ട് സൂചികയും ഒരു ശതമാനം പ്രതിവാര നേട്ടത്തിലാണ്.
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിപണിക്ക് ശക്തമായ പിൻതുണയുമായി രംഗത്ത് പിടിച്ചു നിന്നത് സൂചികയുടെ മുന്നേറ്റത്തിന് വേഗത പകർന്നു. പോയ വാരം ആഭ്യന്തര ധനകാര്യസ്ഥാപന ങ്ങൾ 5887.66 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഇതോടെ നവംബറിലെ അവരുടെ മൊത്തം നിക്ഷേപം 6231.48 കോടി രൂപയിലെത്തി.
അതേ സമയം വിദേശ ഓപ്പറേറ്റർമാർ പിന്നിട്ടവാരം 3317.16 കോടി രൂപയുടെ ഓഹരികൾ വിറ്റു, ഈ മാസം അവർ ഇതിനകം 4004.48 കോടിയുടെ വിൽപ്പന നടത്തി. നീണ്ട അവധി ദിനങ്ങൾ മുന്നിൽ കണ്ട് വിദേശ ഫണ്ടുകൾ സാധാരണ ഡിസംബറിൽ വിൽപ്പനയ്‌ക്ക് ഉത്സാഹിക്കാറുണ്ട്. എന്നാൽ ഇക്കുറി അവർ നേരത്തെ തന്നെ വിൽപ്പനക്കാരായി തുടരുന്നതിനാൽ മുന്നിലുള്ള ആഴ്‌ച്ചകളിൽ വാങ്ങലുകൾക്ക് താൽപര്യം കാണിച്ചാൽ വിപണിയിൽ ശ്രദ്ധേയമായ മാറ്റത്തിന് അവസരം ലഭിക്കും.
ഈവാരം ഇടപാടുകൾ നാല് ദിവസങ്ങളിൽ ഒതുങ്ങും. ഗുരു നാനാക്ക് ജയന്തി പ്രമാണിച്ച് വെള്ളിയാഴ്‌ച്ച മാർക്കറ്റ് അവധിയാണ്. നിഫ്‌റ്റിയിൽ മുൻ നിര ഓഹരികളായ ഇൻഫോസിസ്, ടി.സി.എസ്, എച്ച്.സി.എൽ, ആർ.ഐ.എൽ, എച്ച്.ഡി.എഫ്.സി, ഡോ: റെഡീസ്, സൺ ഫാർമ്മ, സിപ്ല, ടാറ്റാ മോട്ടേഴ്‌സ്, എം ആൻറ് എം, ബി പി സി എൽ, ഒ എൻ ജി സി, എൽ ആൻറ് ടി എന്നിവയുടെ നിരക്ക് ഉയർന്നു.
എം ആൻറ് എം ഏഴ് ശതമാനവും എയർടെൽ ആറ് ശതമാനവും മുന്നേറി. ബി.എസ്.ഇ ടെലികോം ഇൻഡക്‌സ് പോയവാരം 4.18 ശതമാനം ഉയർന്നു. ഓയിൽ ആൻഡ് ഗ്യാസ്, ക്യാപിറ്റൽ ഗുഡ്‌സ്, പവർ, ഇൻഫർമേഷൻ ടെക്‌നോളജി ഇൻഡക്‌സുകൾ രണ്ട് ശതമാനത്തിനും നാല് ശതമാനത്തിനും ഇടയിൽ നേട്ടമുണ്ടാക്കി. അതേ സമയം ബാങ്ക്, റിയാലിറ്റി, മെറ്റൽ ഇൻക്‌സുകൾ ഒരു ശതമാനം തളർന്നു.
ബോംബെ സെൻസെക്‌സ് മുൻവാരത്തിലെ 60,067 ൽ നിന്ന് 59,776 ലേയ്‌ക്ക് താഴ്‌ന്നെങ്കിലും വാരാവസാനം കൈവരിച്ച പുത്തൻ ഉണർവിൽ സൂചിക 60,750 ലേയ്‌ക്ക് കയറിയ ശേഷം ക്ലോസിങിൽ 60,687 പോയിന്‍റിലാണ്. ഈവാരം 61,031 നെ ലക്ഷ്യമാക്കിയാവും ഇടപാടുകൾക്ക് തുടക്കം കുറിക്കുക, അനുകൂല വാർത്തകൾക്ക് സൂചികയെ 61,378 ന് മുകളിലെത്തിക്കാനാവുമെങ്കിലും വിദേശ ഫണ്ടുകൾ വിൽപ്പനക്കാരായി തുടരുന്ന സാഹചര്യത്തിൽ സാങ്കേതിക തിരുത്തലുണ്ടായാൽ 60,058 ൽ ആദ്യ താങ്ങ് പ്രതീക്ഷിക്കാം.
നിഫ്‌റ്റി വീണ്ടും 18,000 ന് മുകളിൽ ഇടം കണ്ടത്തി. 17,916 ൽ നിന്ന് 18,123 വരെ ഉയർന്ന അവസരത്തിലെ ലാഭമെടുപ്പിൽ അൽപ്പം തളർന്ന് വാരാന്ത്യം സൂചിക 18,102 പോയിൻറ്റിലാണ്. മുൻവാരം സൂചിപ്പിച്ച 18,250‐18,350റേഞ്ചിലേയ്‌ക്കുള്ള തിരിച്ചു വരവിനുള്ള വിപണിയുടെ ശ്രമം വിജയിച്ചാൽ ഡിസംബറിന് മുമ്പായി 18,600 ലെ നിർണായക പ്രതിരോധം തകർക്കാനുള്ള കരുത്ത് വിപണിക്ക് കണ്ടത്താനാവും.
വിനിമയ വിപണിയിൽ രൂപയ്‌ക്ക് തളർച്ച. യു.എസ് ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം മുൻവാരത്തിലെ 74.19 ൽ നിന്ന് 74.34 ലേയ്‌ക്ക് തളർന്നു. ഫോറെക്‌സ് മാർക്കറ്റിലെ ചലനങ്ങൾ വിലയിരുത്തിയാൽ മൂല്യം 75.25 ലേയ്‌ക്ക് ദുർബലമാകാനുള്ള സാധ്യതയുണ്ട്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് മികവ് നിലനിർത്താനായില്ല. എണ്ണ വില ബാരലിന് 85.60 ഡോളറിൽ നിന്ന് വാരാവസാനം 82.06 ലേയ്‌ക്ക് താഴ്‌ന്നു.
ന്യൂയോർക്കിൽ സ്വർണത്തിന് തിളക്കമേറി. 1818 ഡോളറിൽ ട്രോയ് ഔൺസിന് ഇടപാടുകൾക്ക് തുടക്കം കുറിച്ച മഞ്ഞലോഹം ഒരവസരത്തിൽ 1867 ഡോളർ വരെ ഉയർന്ന ശേഷം വ്യാപാരാന്ത്യം സ്വർണം 1864 ഡോളറിലാണ്. ഡെയ്‌ലി ചാർട്ടിൽ സ്വർണം സാങ്കേതികമായി സെല്ലിങ് മൂഡിലേയ്‌ക്ക് തിരിഞ്ഞത് കണ്ട് ഒരു വിഭാഗം ഓപ്പറേറ്റർമാർ ഉയർന്ന തലത്തിൽ വിൽപ്പനയ്‌ക്ക് ഉത്സാഹിച്ച സാഹചര്യത്തിൽ സ്വർണ വിലയിൽ വീണ്ടും തിരുത്തൽ സാധ്യത തെളിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.