കൊച്ചി: സാമ്പത്തിക രംഗം മികവ് കാണിക്കുമെന്ന പ്രതീക്ഷകൾ ആഭ്യന്തര ഫണ്ടുകളെ ഓഹരി വിപണിലേയ്‌ക്ക് അടുപ്പിച്ചത് തുടർച്ചയായ രണ്ടാം വാരവും പ്രമുഖ ഇൻഡക്‌സുകൾക്ക് തിളങ്ങാൻ അവസരം നൽകി. രണ്ട് ശതമാനത്തിന് അടുത്താണ് ഓഹരി സൂചികകൾ കയറിയത്. ബി.എസ്.ഇ സെൻസെക്‌സ് 1090 പോയിൻറ്റും എൻ.എസ്.ഇ 314 പോയിന്‍റും വർധിച്ചു.
ആഴ്ചയുടെ ആദ്യ പകുതിയിൽ സൂചിക നേരിയ റേഞ്ചിൽ നീങ്ങി. കേന്ദ്ര ബാങ്കിൽ നിന്നുള്ള പുതിയ വായ്‌പ്പാ പ്രഖ്യാപനത്തെ ഈ അവസരത്തിൽ വിപണി കാതോർത്തു നിന്നു. എന്നാൽ പലിശ നിരക്ക് സ്‌റ്റെഡിയായി നിലനിർത്താൻ ആർ.ബി.ഐ തീരുമാനിച്ച വിവരം പുറത്തുവന്നതോടെ വൻ മുന്നേറ്റം ദൃശ്യമായെങ്കിലും വാരാന്ത്യ ദിനം ഇത് നിലനിർത്താനായില്ല. വിദേശ ധനകാര്യസ്ഥാപനങ്ങൾ വിൽപ്പനക്കാരുടെ മേലങ്കി അഴിച്ചു മാറ്റാൻ ഇനിയും താൽപര്യം കാണിച്ചിട്ടില്ല. കഴിഞ്ഞവാരം അവർ 9203 കോടി രൂപ വിലവരുന്ന ഓഹരികൾ വിറ്റഴിച്ചു. അതേ
സമയം ഈ അവസരത്തിൽ ആഭ്യന്തര ഫണ്ടുകൾ ശക്തമായ പിൻതുണയുമായി 7200 കോടിയുടെ ഓഹരികൾ ശേഖരിച്ചു. നവംബറിലെ പോലെ വർഷാന്ത്യ മാസത്തിലും വിദേശ ഫണ്ടുകൾ ബാധ്യതകൾ കുറക്കാൻ മത്സരിക്കുകയാണ്. ഏകദേശം 16,200 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ അവർ ഡിസംബറിൽ ഇതിനകം വിറ്റു. ആഭ്യന്തര ഫണ്ടുകൾ 13,000 കോടി രൂപ ഈ മാസം നിക്ഷേപിച്ചു.
റിസർവ് പലിശ നിരക്കിൽ മാറ്റം വരുത്തിയില്ലെങ്കിലും രൂപയുടെ മൂല്യ തകർച്ച പിടിച്ചു നിർത്താൻ പുതിയ പദ്ധതികൾ ഒന്നും പ്രഖ്യാപിച്ചില്ല. തുടർച്ചയായ മൂന്നാം വാരത്തിലും വിനിമയ വിപണിയിൽ രൂപ സമ്മർദ്ദത്തിലാണ്. രൂപയുടെ മൂല്യം 75.23 ൽ നിന്ന് 75.77 ലേയ്‌ക്ക് ഇടിഞ്ഞു.
ഇതിനിടയിൽ യു എസ് ഫെഡ് റിസർവ് ഈവാരം യോഗം ചേരും. ഉയർന്ന പണപെരുപ്പം കണക്കിലെടുത്ത് അവർ കടപത്രം ശേഖരിക്കാനുള്ള നടപടികൾ ഊർജിതമാക്കാൻ ഇടയുണ്ട്. പ്രമുഖ നാണയങ്ങൾക്ക് മുന്നിൽ ഡോളറിന് കരുത്ത് ലഭിക്കാൻ വേണ്ടിയുള്ള ഫെഡ് റിസർവ് തീരുമാനം ഫലത്തിൽ മാസമദ്ധ്യം രൂപയെ കൂടുതൽ ദുർബലമാക്കാം.
നിക്ഷപ താൽപര്യത്തിൽ മുൻ നിര ബാങ്കിങ് ഓഹരികളായ എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ തുടങ്ങിയവ മികവ് കാണിച്ചു.
ഐ.ടി. സി, ഇൻഫോസിസ്, ആർ.ഐ.എൽ, മാരുതി, എം ആൻറ് എം, ടാറ്റാ സ്‌റ്റീൽ, എൽ ആൻറ് ടി, സൺ ഫാർമ്മ, ഒ.എൻ.ജി.സി, ബജാജ് ഓട്ടോ തുടങ്ങിയവയും ശ്രദ്ധിക്കപ്പെട്ടു. സെൻസെക്‌സ് മുൻവാരത്തിലെ 57,696 പോയിന്‍റിൽ നിന്ന് തുടക്കത്തിൽ 56,750 ലേയ്‌ക്ക് തളർന്നങ്കിലും വാരത്തിൻറ്റ രണ്ടാം പകുതിയിൽ 58,800 ന് മുകളിലേയ്‌ക്ക് സഞ്ചരിച്ച് വിപണി കരുത്ത് കാണിച്ച ശേഷം ക്ലോസിങ് വേളയിൽ സൂചിക 58,786 പോയിന്‍റിലാണ്.
ഈവാരം വിപണിക്ക് 59,500‐60,200 റേഞ്ചിൽ പ്രതിരോധം നേരിടാം, വിൽപ്പന സമ്മർദ്ദമുണ്ടായാൽ 57,400‐56,000 റേഞ്ചിൽ താങ്ങുണ്ട്. നിഫ്‌റ്റി സൂചിക മുൻവാരത്തിലെ 17,196 പോയിന്‍റിൽ നിന്ന് ഓപ്പണിങ് വേളയിൽ 16,913ലേയ്‌ക്ക് താഴ്‌ന്ന അവസരത്തിലെ നിക്ഷേപ താൽപര്യത്തിൽ സുചിക 17,500 ലെ പ്രതിരോധവും തകർത്ത് 17,523 വരെ മുന്നേറിയ ശേഷം 17,511 ൽ വ്യാപാരം അവസാനിച്ചു. 17,500 ന് മുകളിൽ ഇടം പിടിക്കാനായത് ബുൾ ഇടപാടുകാരുടെ ആത്‌മവിശ്വാസം ഉയർത്തും.
അതേ സമയം 17,700 റേഞ്ചിൽ വീണ്ടും വിൽപ്പന സമ്മർദ്ദം ഉടലെടുക്കുമോയെന്ന ആശങ്കയും ഇടപാടുകാരിലുണ്ട്. ഈ വാരം കൺസോളിഡേഷനുള്ള നീക്കം വിജയിച്ചാൽ പുതു വർഷത്തിൽ നിഫ്‌റ്റി സൂചിക 18,536 ലേയ്‌ക്ക് ചുവടുവെക്കാം.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ കാര്യമായ ഏറ്റകുറച്ചിൽ ദൃശ്യമായില്ല, എണ്ണ വില വാരാന്ത്യം ബാരലിന് 75.29 ഡോളറിലാണ്. ന്യൂയോർക്കിൽ സ്വർണം വിൽപ്പനക്കാരുടെ പിടിയിലാണ്. ഒരവസരത്തിൽ 1792 ഡോളർ വരെ ഉയർന്നഘട്ടത്തിലെ വിൽപ്പന സമ്മർദ്ദം മൂലം 1770 ലേയ്‌ക്ക് ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം മഞ്ഞലോഹം 1782 ഡോളറിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.