കൊച്ചി: ആഭ്യന്തര പെട്രോളിയം ഉൽപ്പന്ന വില തുടർച്ചയായ ദിവസങ്ങളിൽ ഉയർത്തിയത് ഓഹരി വിപണിയുടെ മുന്നേറ്റ സാധ്യതകളെ പിടിച്ചുകെട്ടി. വിപണി തുടർച്ചയായ മൂന്നാം വാരത്തിലും മികവ് കാണിക്കുമെന്ന് കണക്ക് കൂട്ടിയതിനിടയിലാണ് വിദേശ ധനകാര്യസ്ഥാപനങ്ങൾ വാങ്ങലിൽ നിന്നും വിൽപ്പനയിലേയ്‌ക്ക് ചുവടു മാറ്റിയത്. പുതിയ സാമ്പത്തിക വർഷാരംഭത്തിലെ കുതിപ്പിനെ പെട്രോളിയം വില വർധന ചെറിയ അളവിൽ സ്വാധീനിക്കും.
തുടർച്ചയായി പെട്രോൾ, ഡീസൽ വിലകൾ വർധിപ്പിച്ചത് നാണയപ്പരുപ്പം രൂക്ഷമാക്കുമെന്ന് വ്യക്തമായതോടെ നിക്ഷേപകർ വീണ്ടും പിൻവലിയുന്ന കാഴ്ചയാണ് വിപണിയിൽ കാണുന്നത്. പോയവാരം ബോംബെ സൂചിക 501 പോയിൻറ്റും നിഫ്‌റ്റി 134 പോയിൻറ്റും നഷ്‌ടത്തിലാണ്.
ഉത്തരേന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞടുപ്പ് മുൻ നിർത്തി നാലര മാസത്തിൽ ഏറെ സ്‌റ്റെഡിയായി നീങ്ങിയ എണ്ണ വില വീണ്ടും വർധിച്ചത് സാമ്പത്തിക മേഖലയ്‌ക്ക് കനത്ത ആഘാതമാവും. നാണയപെരുപ്പം നിയന്ത്രിക്കാനുള്ള ആർ.ബി.ഐ നീക്കങ്ങൾ കൈപിടിയിൽ നിന്നും വഴുതുമെന്ന് വ്യക്തമായ സാഹചര്യത്തിൽ പലിശ നിരക്ക് ഉയർത്തുകയെന്നതാവും കേന്ദ്ര ബാങ്കിന് മുന്നിലുള്ള ഏക പോംവഴി.
വിദേശ ധനകാര്യസ്ഥാപനങ്ങൾ വാങ്ങൽ തോത് കുറച്ചു. തൊട്ട് മുൻവാരത്തിൽ 3112 കോടി രൂപയുടെ നിക്ഷേപത്തിന് തയ്യാറായ വിദേശ ഓപ്പറേറ്റർമാർ പോയവാരത്തിൽ ആകെ 865 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് നടത്തിയത്. അതേ സമയം 6200 കോടി രുപയുടെ വിൽപ്പനയ്‌ക്കും അവർ തിടുക്കം കാണിച്ചു. ഈ അവസരത്തിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 865 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചതിനൊപ്പം 3700 കോടിയുടെ വാങ്ങലുകൾക്കും തയ്യാറായി. ഇത് ഒരു പരിധി വരെ ഓഹരി സൂചികയുടെ തകർച്ചയെ പിടിച്ചു നിർത്താൻ ഉപകരിച്ചു.
ബോംബെ സെൻസെക്‌സ് 57,863 ൽ നിന്നും മികവിന് ശ്രമിക്കുമെന്ന് നിക്ഷേപകർ കണക്ക് കൂട്ടിയതിനിടയിൽ പെട്രോളിയം വില വർധന കണ്ട് ഓപ്പറേറ്റർമാർ രംഗത്ത് നിന്ന് അകന്നതോടെ സെൻസെക്‌സ് 56,994 ലേയ്‌ക്ക് ഇടിഞ്ഞങ്കിലും വാരമദ്യം തകർച്ചയിൽ നിന്ന് അൽപ്പം മെച്ചപ്പെട്ട് 58,200 റേഞ്ചിലേയ്‌ക്ക് തിരിച്ചു വരവ് നടത്തി.
എന്നാൽ ഇതിനിടയിൽ വീണ്ടും പ്രതികൂല വാർത്തകൾ പുറത്തുവന്നതോടെ വിദേശ ഫണ്ടുകളുടെ വിൽപ്പനയിൽ സൂചിക 57,362 പോയിന്റിലേയ്‌ക്ക് താഴ്‌ന്ന് മാർക്കറ്റ് ക്ലോസിങ് നടന്നു. ഈവാരം 58,050‐58,700 റേഞ്ചിൽ സെൻസെക്‌സിന് പ്രതിരോധം നിലനിൽക്കുന്നു. വീണ്ടും തിരുത്തലിന് വിപണി ശ്രമം നടത്തിയാൽ 56,800‐56,300 റേഞ്ചിൽ സൂചികയ്‌ക്ക് സപ്പോർട്ട് പ്രതീക്ഷിക്കാം.
17,000 പോയിന്റിലെ താങ്ങ് നിലനിർത്തുകയാണ് നിഫ്‌റ്റി. 17,287 ൽ നിന്നും 17,020 ലേയ്‌ക്ക് സാങ്കേതിക തിരുത്തൽ സൂചിക കാഴ്‌ച്ചവെച്ചതിനിടയിൽ ബുൾ ഇടപാടുകാർ മുൻ നിര ഓഹരികളിൽ പിടിമുറുക്കിയത് നിഫ്‌റ്റിയെ 17,385 ലേയ്‌ക്ക് ഉയർത്തിയെങ്കിലും വാരാന്ത്യത്തിലെ ലാഭമെടുപ്പിൽ അൽപ്പം തളർന്ന് 17,153 ൽ ക്ലോസിങ് നടന്നു. ഈവാരം 16,985 ലെ സപ്പോർട്ട് നിലനിർത്തി വീണ്ടും ഒരു മുന്നേറ്റത്തിന് മുതിരാമെങ്കിലും 17,350 ലും 17,550 ലും തടസമുള്ളതിനാൽ ബുൾ ഇടപാടുകാർ വീണ്ടും പ്രോഫിറ്റ് ബുക്കിങിന് നീക്കം നടത്താം.
മുൻ നിര ഓഹരികളായ ഡോ: റെഡീസ്, ആർ.ഐ.എൽ, ഐ.ടി.സി, ടാറ്റ സ്‌റ്റീൽ, എൻ.ടി.പി.സി, ഇൻഫോസിസ്, ടി.സി.എസ്, വിപ്രോ ഓഹരികളിൽ വാങ്ങൽ താൽപര്യം ദൃശ്യമായി. എസ്.ബി.ഐ, എച്ച്.ഡി എഫ്.സി, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്.യു.എൽ, എം ആൻറ് എം, സൺ ഫാർമ്മ, എൽ ആൻറ് ടി, എയർടെൽ തുടങ്ങിയവയിൽ നിക്ഷേപകർ ലാഭമെടുപ്പിന് ഉത്സാഹിച്ചത് നിരക്ക് താഴാൻ ഇടയാക്കി.
ഫോറെക്‌സ് മാർക്കറ്റിൽ യു.എസ് ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 76.02 ൽ നിന്ന് 76.27 ലേയ്‌ക്ക് ഇടിഞ്ഞു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു. യുക്രെയ്ൻ സൈനിക എണ്ണ സംഭരണ ശാലയ്‌ക്ക് നേരെയുണ്ടായ ആക്രമണ വാർത്ത രാജ്യാന്തര മാർക്കറ്റിൽ ക്രൂഡ് വില ബാരലിന് 107 ഡോളറിൽ നിന്നും 119 ലേയ്‌ക്ക് ഉയർത്തി.
വാരാന്ത്യം സൗദി എണ്ണ സംഭരണ കേന്ദ്രത്തിന് വേരെയുണ്ടായ ആക്രമണം കണക്കിലെടുത്താൽ തിങ്കളാഴ്‌ച്ച എണ്ണ വിലയിൽ വീണ്ടും കുതിപ്പിന് സാധ്യത കാണുന്നു. ഈവാരം 123 ഡോളറിലെ പ്രതിരോധം തകർന്നാൽ എണ്ണ വില 132 ഡോളർ ലക്ഷ്യമാക്കി കുതിക്കാം. സ്വർണ വിലയിലും മുന്നേറ്റം ദൃശ്യമായി. ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 1920 ഡോളറിൽ നിന്നും 1957 ഡോളറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.