ഹൈദരാബാദ്: രാജ്യത്തെ ആദ്യ ഗോൾഡ് എ.ടി.എം ഹൈദരാബാദിലെ ബേഗംപേട്ടിൽ പ്രവർത്തനം തുടങ്ങി. ഹൈദരാബാദ് ആസ്ഥാനമായ ഗോൾഡ്സിക്ക എന്ന സ്വകാര്യ സ്ഥാപനമാണ് ഓപൺക്യൂബ് ടെക്നോളജീസുമായി ചേർന്ന് എ.ടി.എമ്മിൽ നിന്ന് പണം എടുക്കുന്നത് പോലെ സ്വർണം വാങ്ങാനുമുള്ള സൗകര്യം ഒരുക്കിയത്.
ജ്വല്ലറിയിൽ പോകാതെ തന്നെ സ്വർണം വാങ്ങാനുള്ള സൗകര്യമാണ് തങ്ങൾ ഒരുക്കിയതെന്ന് ഗോൾഡ്സിക്ക പറയുന്നു. സാധാരണ എ.ടി.എമ്മുകളിൽ ചെന്ന് കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കുന്നത് പോലെ ഗോൾഡ് എ.ടി.എമ്മിൽ നിന്ന് സ്വർണം വാങ്ങാനാകും. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാം.
എത്ര തുകയ്ക്ക് വേണമെങ്കിലും സ്വർണം വാങ്ങാമെന്നതാണ് പ്രത്യേകതയെന്ന് ഇവർ പറയുന്നു. കമ്പോളത്തിലെ ഏറ്റവും കുറഞ്ഞ തുകയിൽ എ.ടി.എമ്മിൽ സ്വർണം ലഭ്യമാക്കും. സ്വർണനാണയങ്ങളാണ് ലഭിക്കുക.
പണമെടുക്കുന്നതു പോലെ കാർഡും പിൻ നമ്പറും ഉപയോഗിക്കണം. പിന്നീട് എത്ര തുകയ്ക്കാണ് സ്വർണം വേണ്ടതെന്ന് തീരുമാനിക്കണം. അര ഗ്രാം, 1 ഗ്രാം, 2 ഗ്രാം, അഞ്ച് ഗ്രാം, 10 ഗ്രാം, 20 ഗ്രാം, 50 ഗ്രാം, 100 ഗ്രാം നാണയങ്ങളാണ് എ.ടി.എമ്മിലുണ്ടാവുക. ആവശ്യമായ തുക നൽകിയാൽ അതിനനുസരിച്ചുള്ള കോയിനുകൾ ലഭിക്കും. നിമിഷങ്ങൾ കൊണ്ട് സ്വർണം വാങ്ങൽ പൂർത്തിയാകും.
അതിസുരക്ഷിതമായ പാക്കറ്റുകളിൽ 999 ശുദ്ധതയുള്ള സ്വർണമാണ് എ.ടി.എമ്മിൽ നിന്ന് ലഭിക്കുകയെന്ന് ഗോൾഡ്സിക്ക പറയുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപങ്ങളിലൊന്നായ സ്വർണം കൈയിലുള്ള പണത്തിന് വളരെയെളുപ്പം സ്വന്തമാക്കാനുള്ള അവസരമാണിതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഹൈദരാബാദിൽ കരിംനഗറിലും എയർപോർട്ടിലും വാറങ്കലിലുമായി മൂന്ന് എ.ടി.എമ്മുകൾ കൂടി തുറക്കാനാണ് കമ്പനിയുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.