ബജറ്റിൽ പ്രതീഷയർപ്പിച്ച്​ വിപണി; കുതിക്കുമോ, കിതക്കുമോ ?

കൊച്ചി: ഇന്ത്യൻ ഓഹരി വിപണിയിലെ അതിശക്തമായ സാങ്കേതിക തിരുത്തൽ ഒരു വിഭാഗം നിക്ഷേപകരുടെ നെഞ്ചടിപ്പ്‌ ഉയർത്തി. അതേ സമയം പുതിയ വാങ്ങലുകൾക്ക്‌ അവസരം കാത്തിരുന്നവർ വിപണിയിൽ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്‌. കേന്ദ്ര ബജറ്റിന്‌ മുന്നോടിയായുള്ള തിരുത്തലിന്‌ വഴിതുറന്നത്‌ വിദേശ ഫണ്ടുകളുടെ പ്രോഫിറ്റ്‌ ബുക്കിങാണ്‌. ആറ്‌ പ്രവർത്തി ദിനങ്ങളിൽ ഇന്ത്യൻ ഇൻഡക്‌സുകൾ ഏഴ്‌ ശതമാനം ഇടിഞ്ഞു. പിന്നിട്ടവാരം ഇടപാടുകൾ നാല്‌ ദിവസങ്ങളിൽ ഒതുങ്ങിയിട്ടും സെൻസെക്‌സും നിഫ്‌റ്റിയും അഞ്ച്‌ ശതമാനം കുറഞ്ഞു. ബോംബെ സെൻസെക്‌സ്‌ 2592 പോയിൻറ്റും നിഫ്‌റ്റി 737 പോയിൻറ്റും കഴിഞ്ഞവാരം ഇടിഞ്ഞു.

പന്ത്രണ്ട്‌ ആഴ്‌ച്ചകൾ നീണ്ട ബുൾ റാലിക്ക്‌ ഒടുവിലെ തിരുത്തലിൽ ഏതാണ്ട്‌ 11.6 ലക്ഷം കോടി രൂപയാണ്‌ വിപണിയിൽ നിന്ന്‌ അലിഞ്ഞ്‌ ഇല്ലാതായത്‌. സൂചികയിലെ തകർച്ചയ്‌ക്ക്‌ ഇടയിൽ അപായ സൂചന നൽകി ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്‌സ്‌ 22.30 ൽ നിന്ന് 4.33 ശതമാനം ഉയർന്ന്‌ 25.34 ലേയ്‌ക്ക്‌ കുതിച്ചു. സൂചിക 20 റേഞ്ചിൽ ചലിക്കുന്നത്‌ നിക്ഷേപകർക്ക്‌ അനുകൂലം, എന്നാൽ നിലവിലെ സാഹചര്യത്തിൽ ചാഞ്ചാട്ട സാധ്യത ഉയരുമെന്നത്‌ നിക്ഷേപകരിൽ സമ്മർദ്ദം ഉയർത്താം.

വിദേശ ധനകാര്യസ്ഥാപനങ്ങൾ വിൽപ്പനയ്‌ക്കാണ്‌ മുൻ തുക്കം നൽകിയത്‌. പിന്നിട്ട മൂന്ന്‌ മാസമായി സൂചികയെ ഉയർത്തുന്നതിൽ മുഖ്യ പങ്ക്‌ വഹിച്ച വിദേശ ഓപ്പറേറ്റർമാരുടെ ചുവട്‌ മാറ്റം തിരിച്ചടി രൂക്ഷമാക്കി. അവർ ഏതാണ്ട്‌ 12,000 കോടി രൂപയുടെ വിൽപ്പന പിന്നിട്ടവാരം നടത്തി. വാരത്തിൻറ്റ തുടക്കത്തിൽ വിൽപ്പനയ്‌ക്ക്‌ ഉത്സാഹിച്ച ആഭ്യന്തര ഫണ്ടുകൾ രണ്ടാം പകുതിയിൽ 4180 കോടിയുടെ ഓഹരികൾ വാങ്ങി.

തൊട്ട്‌ മുൻവാരം അരലക്ഷം പോയിൻറ്റിലേയ്‌ക്ക്‌ പ്രവേശിച്ച്‌ നിക്ഷേപകരെ ഹരം കൊള്ളിച്ച ബോംബെ സെൻസെക്‌സിന്‌ പക്ഷേ പിന്നിട്ട വാരം 49,263 ന്‌ മുകളിൽ ഇടം കണ്ടത്താനായില്ല. ഉയർന്ന നിലവാരത്തിൽ ക്യാഷ്‌ മാർക്കറ്റിൽ ലാഭമെടുപ്പിന്‌ ഉത്സാഹിച്ച ഫണ്ടുകൾ ഫ്യൂച്ചേഴ്‌സിൽ വിൽപ്പനയ്‌ക്കും മത്സരിച്ചതോടെ സൂചിക ഞെരിഞ്ഞ്‌ അമർന്നു. ഒരവസരത്തിൽ സൂചിക 46,160 ലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം വ്യാപാരാന്ത്യം 46,285 പോയിൻറ്റിലാണ്‌.

നിഫ്‌റ്റി സൂചിക ഉയർന്ന നിലവാരമായ 13,491 പോയിൻറ്റിൽ നിന്നുള്ള തിരുത്തലിൽ 14,088 പോയിൻറ്റിലെ നിർണായക താങ്ങും തകർത്ത്‌ 13,596 വരെ ഇടിഞ്ഞു. മാർക്കറ്റ്‌ ക്ലോസിങിൽ സൂചിക 13,634 പോയിൻറ്റിലാണ്‌. കഴിഞ്ഞ വർഷം ഫെബ്രുവരിക്ക്‌ ശേഷം ആദ്യമായി സൂചിക തുടർച്ചയായി അഞ്ച്‌ ദിവസങ്ങളിൽ ഇടിഞ്ഞത്‌ വിപണിയുടെ സാങ്കേതിക വശങ്ങളിൽ കാര്യമായ മാറ്റമുളവാക്കി.

പുതിയ സാഹചര്യത്തിൽ 13,323 പോയിൻറ്റിലെ സപ്പോർട്ട്‌ നിലനിർത്തി 14,218 ലേയ്‌ക്ക്‌ തിരിച്ചുവരവിന്‌ ഈ വാരം നിഫ്‌റ്റി ശ്രമം നടത്താം. നിഫ്‌റ്റി സൂചിക അതിൻറ്റ 50 ദിവസങ്ങളിലെ ശരാശരിയായ 13,720 ന്‌ മുകളിൽ ഇടം കണ്ടത്താനുള്ള ആദ്യ നീക്കം വിജയിച്ചില്ലങ്കിൽ 13,012 പോയിൻറ്റ്‌ വരെ തിരുത്തൽ തുടരാം. അതേ സമയം ബജറ്റ്‌വിപണിക്ക്‌ അനുകുലമായാൽതിരിച്ചു വരവിന്‌ വേഗയേറും.

ബജറ്റ്‌ പ്രഖ്യാപനത്തെ ഉറ്റുനോക്കുകയാണ്‌ നിക്ഷേപകർ. വിപണിക്ക്‌ അനുകൂലമായ നിർദ്ദേശങ്ങൾ പുറത്തുവന്നാൽ വീണ്ടും ഒരു ബുൾ തരംഗം ഉടലെടുക്കും. അതേ സമയം പുതിയ നികുതി നിർദ്ദേശങ്ങൾ ഓഹരി സൂചികയിൽ വിള്ളൽ ഉളവാക്കാം.

പതിനഞ്ച്‌ വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക്‌ പുതിയ നികുതി ഏർപ്പെടുത്തുമെന്ന വിവരം വിപണിയെ ഞെട്ടിച്ചു, എന്നാൽ ഇത്‌ സർക്കാർ വാഹനങ്ങൾക്ക്‌ മാത്രം ബാധകമാകുയെന്ന വെളിപ്പെടുത്തലുകൾ തകർച്ചയ്‌ക്ക്‌ താങ്ങ്‌ പകരാം. അതേ സമയം പുതിയ വാഹനങ്ങളുടെ വിൽപ്പനയെ ബാധിക്കുമെന്ന വിലയിരുത്തലുകളും വാഹന നിർമ്മാതാക്കളുടെ ഓഹരികളെ സ്വാധീനിക്കാം. എല്ലാ മേഖലയിലെയും ഓഹരികൾക്ക്‌പിന്നിട്ടവാരം തിരിച്ചടിനേരിട്ടു. ഐ ടി, ഓട്ടോ വിഭാഗങ്ങൾക്ക്‌ കനത്ത നഷ്‌ടം. മാരുതി, ആർ.ഐ‌.എൽ, ടാറ്റ മോട്ടോഴ്‌സ്, എച്ച് ഡി ‌എഫ്സി, ഇൻ‌ഫോസീസ്, എച്ച് സി എൽ ടെക് തുടങ്ങിയവയ്‌ക്ക്‌ തളർച്ച.

മുൻ നിര ഓഹരിയായ മാരുതി സുസുക്കി 7207 രൂപയിലും, ടാറ്റ സ്റ്റീൽ 601, ഭാരതി എയർടെൽ 553, ബജാജ് ഓട്ടോ 4007, ഇൻഫോസിസ് 1239, ടിസിഎസ് 3112, ഒ.എൻ.ജി .സി 88, എച്ച്​.സി.എൽ ടെക്നോളജീസ് 914, എം ആൻറ്‌ എം 749, എച്ച്​.ഡി എഫ്​.സി 2377, ആർ.ഐ.എൽ 1843, എച്ച്‌.യു എൽ 2263 രൂപയിലുമാണ്‌.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT