മുംബൈ: ഓഹരി വിപണിയെ കുറിച്ച് തെറ്റായ ടിപ്പുകൾ നൽകി കബളിപ്പിക്കുന്ന മാഫിയക്കെതിരെ നടപടി ശക്തമാക്കി സെബി. ടെലഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെയാണ് ഇത്തരത്തിൽ വ്യാജ വിവരങ്ങൾ പങ്കുവെക്കുന്നത്. ഇവരെ കണ്ടെത്താൻ പ്രാദേശിക പൊലീസ് സംവിധാനത്തിന്റെ സഹായത്തോടെ സെബി വ്യാപക പരിശോധനകൾ നടത്തിയെന്നാണ് റിപ്പോർട്ട്.
വൻ നഗരങ്ങളിൽ ഇതിനായി വലിയ മാഫിയകൾ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് സെബിയുട അനുമാനം. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികൾക്കോ ബ്രോക്കർമാർക്കോ ഇതുമായി ബന്ധമുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്. അതേസമയം, അന്വേഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ സെബി തയാറായിട്ടില്ല.
ഇതുവരെ നടത്തിയ റെയ്ഡുകളിൽ നിന്ന് ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും സെബി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തു.
ലോക്ഡൗണിന് ശേഷം ഓഹരി വിപണിയിലേക്ക് റീടെയിൽ നിക്ഷേപകരുടെ വലിയ ഒഴുക്കുണ്ടായിട്ടുണ്ട്. ഇതിനെ പിൻപറ്റിയാണ് വിവിധ സമൂഹമാധ്യമ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. വിപണിയിൽ ഏത് ഓഹരി വാങ്ങണമെന്നും ഷെയറുകൾ എപ്പോൾ വിൽക്കണമെന്നുമുള്ള വിവരങ്ങളാണ് പ്രധാനമായും ഇത്തരം ഗ്രൂപ്പുകളിൽ പങ്കുവെക്കപ്പെടുന്നത്. എന്നാൽ, ഈ വിവരങ്ങൾ പലപ്പോഴും കൃത്യമാകാറില്ല. ഇത്തരം ഗ്രൂപ്പുകളിൽ ചേരുന്നതിന് 10,000 രൂപ മുതൽ ഒരു ലക്ഷം വരെ ഈടാക്കിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.