ബൈഡന്‍റെയും വാക്​സിന്‍റെയും വരവും, വിദേശ നിക്ഷേപവും; വിപണിയിലെ കുതിപ്പിന്‍റെ കാരണങ്ങളറിയാം

മുംബൈ: ചരിത്രനേട്ടത്തിന്‍റെ നെറുകലാണ്​ ഇന്ത്യൻ ഓഹരിവിപണി. ആദ്യമായി ഇന്ത്യൻ ഓഹരി വിപണി 50,000തൊട്ടു. കോവിഡ്​ 19 രാജ്യത്ത്​ പിടിമുറുക്കിയ 2020 മാർച്ചിൽ റെക്കോർഡ്​ ഇടിവ്​ നേരിട്ട വിപണി ഒരു വർഷം തികയുന്നതോടെ ചരിത്ര നേട്ടത്തിലെത്തുകയായിരുന്നു. ഇടിവിന്​ പിന്നിലെ പ്രധാനകാരണം കോവിഡ്​ ആയിരുന്നെങ്കിൽ നേട്ടത്തിന്​ പിന്നിലും 'വൈറസ്'​ സാന്നിധ്യമുണ്ട്​.

രാജ്യത്ത്​ കോവിഡ്​ പ്രതിരോധത്തിനായി വാക്​സിൻ ഉപയോഗം ആരംഭിച്ചതോടെയാണ്​ നേട്ടം സ്വന്തമാക്കാൻ വിപണിക്ക്​ കഴിഞ്ഞത്​. കോവിഡ്​ വാക്​സിൻ വിതരണം ആരംഭിച്ചതുമുതൽ വിപണിയിൽ പ്രതീക്ഷ തുടങ്ങിയിരുന്നു. ഇതോടെ കഴിഞ്ഞദിവസങ്ങളിൽ വിപണി 50,000ത്തിന്​ അടുത്തെത്തി. വാക്​സിനിലൂടെ കോവിഡ്​ വ്യാപനം കുറക്കാൻ കഴിയുന്നതോടെ സമ്പദ്​വ്യവസ്​ഥ ഉണരുമെന്ന വിശ്വാസത്തിലാണ്​ നിക്ഷേപകർ.


യു.എസിലെ ഭരണമാറ്റമാണ്​ വിപണിക്ക്​ അനുകൂലമായ മറ്റൊരു ഘടകം. മുൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ നയങ്ങളെ തിരുത്തുന്ന പ്രഖ്യാപനങ്ങളിൽ പ്രസിഡന്‍റ്​ ജോ ​ൈബഡൻ ഒപ്പുവെച്ചുകഴിഞ്ഞു. ഇതോടെ ആഗോളവിപണിയിലും ഉണർവുണ്ടായിട്ടുണ്ട്​. ആഗോളവിപണിയുടെ ഉണർവ്​ ഇന്ത്യൻ വിപണിയിലും പ്രതിഫലിക്കുന്നുണ്ടെങ്കിലും യഥാർഥ കാരണം മറ്റൊന്നാണ്​. പുതിയ ഭരണകൂടത്തിന്‍റെ നയങ്ങളിൽ ചൈനയോടുള്ള സമീപനമാണ്​ ലോക​രാജ്യങ്ങൾ ഉറ്റുനോക്കുന്നത്​. യു.എസിനും ചൈനക്കുമിടയിൽ നിലനിൽക്കുന്ന വ്യാപാരയുദ്ധം അവസാനിച്ചേക്കാമെന്ന പ്രത്യാശ വിപണിയെ അനുകൂലമായി സ്വാധീനിക്കുകയായിരുന്നു.

യു.എസ്​ ഡോളറിന്​ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇടിവ്​ ഇന്ത്യൻ രൂപക്ക്​ നേട്ടമാകുകയായിരുന്നു. യു.എസിലെ തൊഴിലില്ലായ്​മ നിരക്ക്​ ഉയരുന്നതാണ്​ ഡോളറിനെ ചതിച്ചത്​.

ഇന്ത്യൻ വിപണിയിലേക്ക്​ മുൻകാലങ്ങളിൽ കാണാത്ത വിദേശനിക്ഷേപമാണ്​ ഒഴു​കികൊണ്ടിരിക്കുന്നത്​. രാജ്യത്ത്​ കോവിഡ്​ പിടിമുറുക്കിയിരുന്നപ്പോഴും വിദേശനിക്ഷേപം കുതിച്ചുയർന്നിരുന്നു. 2020 ഏപ്രിൽ -ആഗസ്റ്റ്​ മാസങ്ങളിൽ വിദേശനിക്ഷേപം മുൻവർഷത്തെ അപേക്ഷിച്ച്​ 13ശതമാനം ഉയർന്നിരുന്നു.

കോവിഡ്​ സമ്പദ്​വ്യവസ്​ഥയെ പിടിച്ചുലച്ചെങ്കിലും മെച്ചപ്പെട്ട പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ഇന്ത്യൻ കമ്പനികൾക്ക്​ സാധിച്ചു. വാഹനവിപണിയിൽ ഉൾപ്പെടെ ഉണർവുണ്ടായി.


​േലാക്​ഡൗണിൽ ​നിക്ഷേപം ഉയർന്നത്​ സ്വർണത്തിലായിരുന്നുവെങ്കിൽ അതിലൊരു മാറ്റം ഒരാഴ്ചയായി കണ്ടുതുടങ്ങിയിട്ടുണ്ട്​. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ സമീപിച്ചിരുന്നവർ ഓഹരിവിപണി​യിലേക്ക്​ കളം മാറ്റി. ഇത്​ ഇന്ത്യൻ വിപണിയുടെ തിരിച്ചുവരവിന്​ കൂടുതൽ വഴിയൊരുക്കുകയും ഭാവി പ്രതീക്ഷ ഉയർത്തുകയും ചെയ്​തിട്ടുണ്ട്​.

ഇന്ത്യൻ വിപണിയെ സ്വാധീനിക്കുന്ന മറ്റൊന്ന്​​ ഫെബ്രുവരി ഒന്നിന്​ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റാകും. കോവിഡ്​ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ബജറ്റായതിനാൽ തളർന്ന മേഖലകളെ ഉയിർത്തെഴുന്നേൽപ്പിക്കാനുള്ള പദ്ധതികളുണ്ടാകുമെന്നാണ്​ വിലയിരുത്തൽ. കൂടാതെ സമ്പദ്​ വ്യവസ്​ഥ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളുമുണ്ടാകും.

വ്യാഴാഴ്ച രാവിലെ വ്യാപാരം ആരംഭിച്ച്​ മണിക്കൂറുകൾക്കകും സെൻസെക്​സ്​ 300 പോയന്‍റ്​ ഉയർന്ന്​ 50014.55ൽ എത്തുകയായിരുന്നു. നിഫ്​റ്റിയും നേട്ടമുണ്ടാക്കുന്നുണ്ട്​. നിഫ്​റ്റി ആദ്യമായി 14,700 പോയന്‍റ്​ കടന്നു. റിലയൻസ്​ ഇൻഡ്​ട്രീസാണ്​ ഓഹരി വിപണിയിൽ വ്യാഴാഴ്ച നേട്ടം കൊയ്​ത ഭീമൻ.

Tags:    
News Summary - Sensex Hits 50,000 For First Time Reasons Behind

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT