ഹിൻഡൻബർഗിൽ വീണില്ല, തിരിച്ചുകയറി വിപണി; അദാനി ഓഹരികളിൽ ഇടിവ്

മുംബൈ: ഹിൻഡൻബർഗ് റിസർചിന്‍റെ വെളിപ്പെടുത്തൽ ഉണ്ടാക്കിയ വിൽപനസമ്മർദത്തിൽ നിന്ന് തിരിച്ചുകയറി വിപണി. വ്യാപാരത്തിന്‍റെ തുടക്കത്തിൽ 0.35 ശതമാനം വരെ ഇടിഞ്ഞ ദേശീയ ഓഹരിസൂചികയായ എൻ.എസ്.ഇ നിഫ്റ്റി പിന്നീട് നേട്ടത്തിലേക്ക് ഉയർന്നു. അദാനി ഓഹരികൾ തുടക്കത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് നില മെച്ചപ്പെടുത്തി.

ഉച്ചക്ക് 12നുള്ള വിവരപ്രകാരം നിഫ്റ്റി 45 പോയിന്‍റ് നേട്ടത്തോടെ 24,410 പോയിന്‍റിലാണ് വ്യാപാരം തുടരുന്നത്. ബി.എസ്.ഇ സെൻസെക്സ് 166 പോയിന്‍റ് നേട്ടത്തോടെ 79,875ലുമാണുള്ളത്. ഐ.ആർ.എഫ്.സി, ജെ.എസ്.ഡബ്ല്യു സ്റ്റീൽ, ഹീറോ മോട്ടോർകോർപ് തുടങ്ങിയവയാണ് നിഫ്റ്റിയിൽ കൂടുതൽ നേട്ടമുണ്ടാക്കിയത്.

അദാനി സ്റ്റോക്കുകളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരമെങ്കിലും തുടക്കത്തിലെ ഇടിവിൽ നിന്ന് കരകയറി. 3.26 ശതമാനം ഇടിഞ്ഞ അദാനി എനർജിയാണ് ഇന്ന് ഏറ്റവും ഇടിവ് നേരിട്ടത്. അദാനി എന്‍റർപ്രൈസ് നിലവിൽ 1.37 ശതമാനം ഇടിവിലും അദാനി പോർട്സ് 1.5 ശതമാനം ഇടിവിലുമാണ്. അദാനിയുടെ തന്നെ എൻ.ഡി.ടി.വി ഓഹരികൾ 2.33 ശതമാനം നഷ്ടത്തിലാണ്. അതേസമയം, അംബുജ സിമന്‍റ്സ് 0.3 ശതമാനം നേട്ടത്തിലുമാണ്.

നേരത്തെ, അദാനി ഗ്രൂപ്പ് ഓഹരികൾ ഏഴ് ശതമാനം വരെ ഇടിഞ്ഞപ്പോൾ നിക്ഷേപകർക്ക് 53,000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. അദാനി ഗ്രൂപ്പിന്റെ പത്ത് ഓഹരികളുടെ വിപണി മൂല്യം 16.7 ലക്ഷം കോടിയായി കുറഞ്ഞിരുന്നു. ഹിൻഡൻബർഗിന്‍റെ കഴിഞ്ഞ വർഷത്തെ വെളിപ്പെടുത്തൽ സൃഷ്ടിച്ച അത്ര ആഘാതം ഇത്തവണ വിപണിയിലുണ്ടായില്ല എന്നത് നിക്ഷേപകർക്ക് ആശ്വാസമാണ്. ക​ഴി​ഞ്ഞ വ​ര്‍ഷം ജ​നു​വ​രി​യി​ല്‍ ഹി​ൻ​ഡ​ൻ​ബെ​ർ​ഗ് അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ പു​റ​ത്തു​വി​ട്ട റി​പ്പോ​ര്‍ട്ട് ഓ​ഹ​രി വി​പ​ണി​യി​ൽ കൂ​പ്പു​കു​ത്ത​ലി​ന് കാ​ര​ണ​മാ​യി​രു​ന്നു.

ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശത്തെ ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നാണ് ശനിയാഴ്ച ഹിൻഡൻബർഗ് റിസർച് വെളിപ്പെടുത്തിയത്. നേരത്തേ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ഇത് രാജ്യത്ത് രാഷ്ട്രീയ വിവാദത്തിനും തിരികൊളുത്തിയിരിക്കുകയാണ്. 

Tags:    
News Summary - Share market updates August 12 20204

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT