ന്യൂഡൽഹി: യുറോപ്യൻ യൂണിയൻ, യു.എൻ, യു.എസ് എന്നിവർ ഉപരോധമേർപ്പെടുത്തിയ റഷ്യൻ സ്ഥാപനങ്ങളുമായുള്ള ഇടപാടുകൾക്ക് എസ്.ബി.ഐ നിരോധനമേർപ്പെടുത്തിയതായി റിപ്പോർട്ട്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെയാണ് എസ്.ബി.ഐ നടപടി. എസ്.ബി.ഐ ഉദ്യോഗസ്ഥർക്ക് നൽകിയ കത്തിനെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഉപരോധത്തിന്റെ പിടിയിലായ റഷ്യൻ സ്ഥാപനങ്ങൾ, ബാങ്ക്, പോർട്ടുകൾ, കപ്പലുകൾ എന്നിവയുമായി ഇനി ഇടപാടുകൾ നടത്തേണ്ടെന്ന് എസ്.ബി.ഐ നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്. അതേസമയം, എസ്.ബി.ഐ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അന്താരാഷ്ട്രതലത്തിൽ എസ്.ബി.ഐക്ക് വ്യാപാരമുണ്ട്. ഞങ്ങൾ യു.എസിന്റേയും യുറോപ്യൻ യൂണിയന്റേയും ചട്ടങ്ങൾ അവരുടെ പ്രദേശങ്ങളിൽ പാലിക്കാൻ ബാധ്യസ്ഥരാണ്. നിയമങ്ങൾ പാലിക്കാതെ മുന്നോട്ട് പോകാനാവില്ലെന്നും എസ്.ബി.ഐയിലെ സീനിയർ എക്സിക്യൂട്ടീവ് പ്രതികരിച്ചു.
ഉപരോധമേർപ്പെടുത്തിയിരിക്കുന്ന സ്ഥാപനങ്ങളുമായി ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത വേണമെന്നും എസ്.ബി.ഐ ഉപയോക്താക്കളോട് നിർദേശിച്ചിട്ടുണ്ട്. റഷ്യയിലെ ഇടപാടുകളെ കുറിച്ച് ഇന്ത്യൻ എണ്ണ കമ്പനികളോട് എസ്.ബി.ഐ വിവരങ്ങൾ തേടിയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
റഷ്യയിലെ നിക്ഷേപം, റഷ്യയിൽ നിന്നും സ്വീകരിച്ച ഫണ്ടുകൾ എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങളാണ് തേടിയത്. കഴിഞ്ഞ ഒരു വർഷത്തെ ഇത്തരം ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ എസ്.ബി.ഐ സ്വീകരിക്കുന്നുണ്ടെന്നാണ് സൂചന. എണ്ണകമ്പനികൾക്ക് പുറമേ ഇന്ത്യയിലെ രാസവള നിർമ്മാതാക്കൾക്കും റഷ്യയുമായി വാണിജ്യ ബന്ധങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.