കൊച്ചി: ധനകാര്യസ്ഥാപനങ്ങൾ മുൻ നിര ബാങ്കിങ് ഓഹരികളിൽ കാണിച്ച താൽപര്യം വിപണിയിൽ കുതിച്ചു ചാട്ടം സൃഷ്‌ടിച്ചു. സാമ്പത്തിക മേഖലയിൽ നിന്നുള്ള അനുകൂല വാർത്തകൾ ഇടപാടുകാരെ ആകർഷിച്ചത് ഓഹരി ഇൻഡക്‌സുകളിൽ ബജറ്റിന് ശേഷമുള്ള ഏറ്റവും മികച്ച റാലിക്ക് വഴിതെളിച്ചു.കടപത്രം ശേഖരിക്കാൻ റിസർവ് ബാങ്ക് കാണിച്ചു ഉത്സാഹം വാരാവസാനം സൂചികയുടെ അടിഒഴുക്കിൽ മാറ്റം വരുത്തി. ബോംബെ സൂചിക സെൻസെക്‌സ് 1807 പോയിൻറ്റും ദേശീയ സൂചിക നിഫ്‌റ്റി 497 പോയിൻറ്റും കഴിഞ്ഞവാരം ഉയർന്നു.
തുടക്കത്തിൽ ഫണ്ടുകൾ വിൽപ്പനയ്‌ക്ക് മുൻ തൂക്കം നൽകിയെങ്കിലും പിന്നീടവർ നിഷേപകരായത് ഇൻഡക്‌സുകളുടെ മുഖഛായ തന്നെ മാറ്റി മറിച്ചു. നിഫ്‌റ്റിക്ക് ഏറെ നിർണായകമായി മുൻ വാരം സൂചിപ്പിച്ച 50 ദിവസങ്ങളിലെ ശരാശരിയായ 14,723 പോയിൻറ്റിലെ സപ്പോർട്ട് തിരിച്ചു പിടിക്കാനായത് ബുൾ ഇടപാടുകാരുടെ ആത്‌മവിശ്വാസം ഇരട്ടിപ്പിച്ചു.ഇതിനിടയിൽ വിദേശത്ത് നിന്നുള്ള അനുകൂല വാർത്തകളും കോർപ്പറേറ്റ് മേഖലയിലെ മികച്ച ത്രൈമാസ റിപ്പോർട്ടുകളും വിപണിക്ക് ഊർജം പകർന്നു. വാങ്ങൽ താൽപര്യം കനത്തതോടെ നിഫ്‌റ്റി 15,000 ലെ പ്രതിരോധം തകർത്ത് 15,190 വരെ മുന്നേറിയെങ്കിലും വ്യാപാരാന്ത്യം സൂചിക 15,120 പോയിൻറ്റിലാണ്.
ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ നിഫ്‌റ്റിയുടെ റെക്കോർഡ് ഉയരം 15,431 പോയിൻറ്റാണ്. ഇത്‌മറികടക്കും മുമ്പേ 15,336 ൽ ഈവാരം ആദ്യ തടസം നേരിടാം. വിപണി തിരുത്തലിന് ശ്രമിച്ചാൽ14,870 ൽ താങ്ങ് പ്രതീക്ഷിക്കാം.ബോംബെ സെൻസെക്‌സ് 50,000 പോയിൻറ്റിന് മുകളിൽ കരുത്ത് തിരിച്ചു പിടിച്ച ആവേശത്തിലാണ്. മുൻവാരത്തിലെ 48,732 ൽ നിന്ന് 48,990 ലേയ്‌ക്ക് ഉയർന്നാണ് തിങ്കളാഴ്‌ച്ച ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. ബുൾ ഇടപാടുകാരുടെ കടന്ന് വരവിൽ കൂടുതൽ മികവ് കാണിച്ച് സെൻസെക്‌സ് ഒരു വേള 50,591 വരെ ഉയർന്ന ശേഷം ക്ലോസിങിൽ 50,540 പോയിൻറ്റിലാണ്.
എസ്.ബി.ഐ യുടെ ത്രൈമാസ അറ്റാദായം 80 ശതമാനം വർദ്ധിച്ച് 6451 കോടി രൂപയിലെത്തിയത് ബാങ്കിങ് ഓഹരികളെ മൊത്തത്തിൽ സജീവമാക്കി. വാരാന്ത്യ ദിനം സെൻസെക്‌സ് 975പോയിൻറ്റ്‌മുന്നേറിയതിന് പിന്നിൽ എസ്.ബി.ഐ ഓഹരിയുടെ പങ്ക് വലുതായിരുന്നു. ഏതാണ്ട് നാല് ശതമാനം കുതിപ്പാണ് എസ്.ബി.ഐ സെൻസെക്‌സിന് സമ്മാനിച്ചത്.എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, ആക്സിസ്ബാങ്ക്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ് ബാങ്ക് തുടങ്ങിയവയും ശ്രദ്ധിക്കപ്പെട്ടു.പിന്നിട്ടവാരം ഇൻഫോസീസ്, ടി.സി.എസ്, എച്ച്.സി.എൽ, ആർ ഐ എൽ, സൺ ഫാർമ്മ, എം ആൻറ് എം, എയർടെൽ, ബജാജ് ഓട്ടോ, എച്ച്.യു.എൽ തുടങ്ങിയവയിലും വാങ്ങൽതാൽപര്യം ദൃശ്യമായി.
വിനിമയ വിപണിയിൽ ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം ഉയർന്നു. 73.23 ൽ നിന്ന് രൂപ 72.81 ലേയ്‌ക്ക് മെച്ചപ്പെട്ടു. കേന്ദ്ര ബാങ്ക് വ്യാഴാഴ്ച നടന്ന ലേലത്തിൽ 35,000 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങിയത് വിപണിയിൽഅനുകൂല തരംഗം സൃഷ്‌ടിച്ചു. ഇതിനിടയിൽ നിക്ഷേപകരുടെ മനോവീര്യംഉയർത്തി ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്‌സ് 19.08 നിലവാരത്തിലേയ്‌ക്ക് താഴ്‌ന്നതും വിപണി നേട്ടമാക്കി.
രാജ്യാന്തര വിപണിയിൽ സ്വർണ വില ഉയർന്നു. ഫണ്ടുകളിൽ നിന്നുള്ള വാങ്ങൽ താൽപര്യം കനത്തതോടെ ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 1844 ഡോളറിൽ നിന്ന് 1880ഡോളറായി ഉയർന്നു. വിപണി സാങ്കേതികമായി ബുള്ളിഷ് മൂഡിലേയ്‌ക്ക് തിരിഞ്ഞ സാഹചര്യത്തിൽ മഞ്ഞലോഹം വരും ദിനങ്ങളിൽകൂടുതൽ തിളങ്ങാൻ ഇടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.