കൊച്ചി: ഓഹരി ഇൻഡക്‌സുകൾ വീണ്ടും റെക്കോർഡ് നേട്ടം കൈവരിച്ചെങ്കിലും രണ്ടാഴ്‌ച്ചകളിൽ കാഴ്‌ച്ചവെച്ച ഉണർവ് നിലനിർത്താനാവാതെ സൂചികകൾ വാരാന്ത്യം തളർന്നു. നിക്ഷേപകർ ഉയർന്ന റേഞ്ചിൽ ലാഭമെടുപ്പിന് ഉത്സാഹിച്ചത് പ്രതിവാര തളർച്ചയ്‌ക്ക് ഇടയാക്കി. സെൻസെക്‌സ് 108 പോയിൻറ്റും നിഫ്‌റ്റി 78 പോയിൻറ്റും താഴ്‌ന്നു.
ബുള്ളിഷ് ട്രൻറ്റിൽ നീങ്ങുന്ന ഇന്ത്യൻ ഓഹരി വിപണി ഒരു മാസത്തിനിടയിൽ ആറ് ശതമാനം ഉയർന്നു. ഈ കാലയളവിൽ സെൻസെക്‌സ് 3130 പോയിൻറ്റും നിഫ്‌റ്റി 818 പോയിൻറ്റും മുന്നേറി. വിപണി കരുത്ത് കാത്ത് സൂക്ഷിക്കുന്നുണ്ടെങ്കിലും ഉയർന്നറേഞ്ചിൽ ലാഭമെടുപ്പ് വിപണിയുടെ അടിത്തറ ശക്തമാക്കുന്നു.
നിക്ഷേപകർ പിടിമുറുക്കിയതോടെ മുൻ നിര ഓഹരികളായ റ്റി സി എസ്, ഇൻഫോസീസ്, എച്ച് ഡി എഫ് സി, ആർ എ എൽ, എം ആൻറ് എം തുടങ്ങിയവ മികവ് കാണിച്ചു. അതേ സമയം ലാഭമെടുപ്പിൽ എച്ച് സി എൽ, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, ഐ റ്റി സി, എയർ ടെൽ, ടാറ്റ സ്‌റ്റീൽ, എൽ ആൻറ് റ്റി, സൺ ഫാർമ്മ, ഡോ: റെഡീസ്, മാരുതി എന്നിവയുടെ നിരക്ക് താഴ്‌ന്നു.
ബോംബെ സെൻസെക്‌സ് പിന്നിട്ട ഏഴ് മാസങ്ങളിൽ കുതിച്ചു കയറിയത് 6000 പോയിൻറ്റാണ്. ജനുവരിയിൽ 50,000 പോയിൻറ്റിൽ നിലകൊണ്ട സെൻസെക്‌സ് ഇതിനകം 56,000 വരെ കയറി, ഏതാണ്ട് പന്ത്രണ്ട് ശതമാനം നേട്ടം ചുരുങ്ങിയ കാലയളവിൽ വിപണി സ്വന്തമാക്കിയ സാഹചര്യത്തിൽ ഒരു തിരുത്തലിനുള്ള ശ്രമം എത് അവസരത്തിലും പ്രതീക്ഷിക്കാം. അഞ്ച് ശതമാനം തിരുത്തൽ വിപണിയുടെ കരുത്ത് ഇരട്ടിപ്പിക്കും.
മുൻവാരത്തിലെ 55,437 പോയിൻറ്റിൽ നിന്ന് 55,479 ലേയ്‌ക്ക് കയറി മികവോടെയാണ് വ്യാപാരം തുടങ്ങിയത്. വാരമദ്ധ്യത്തിൽ സൂചിക ചരിത്രത്തിൽ ആദ്യമായി 56,000 വും കടന്ന് 56,118 വരെ ഉയർന്നതിനിടയിൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പിന് മത്സരിച്ചതിനാൽ സൂചിക 55,013 ലേയ്‌ക്ക് ഇടിഞ്ഞങ്കിലും വാരാന്ത്യക്ലോസിങിൽ 55,329 പോയിൻറ്റിലാണ്. ഈവാരം 54,855 ലെ ആദ്യ സപ്പോർട്ട് നിലനിർത്തി 55,960 ന് മുകളിൽ ഇടം പിടിക്കാൻ ശ്രമിക്കാം. ഈ നീക്കം വിജയിക്കാതെ വന്നാൽ ആദ്യ സപ്പോർട്ട് തകർത്ത് 54,380 റേഞ്ചിലേയ്‌ക്ക് സാങ്കേതിക തിരുത്തൽ തുടരാം.
നിഫ്റ്റി സൂചിക 16,500 റേഞ്ചിൽ നിന്ന് പുതിയ റെക്കോർഡായ 16,701 വരെ സഞ്ചരിച്ചു. വിപണി ചരിത്ര നേട്ടം കൈവരിച്ചതിനിടയിൽ വിദേശ ഫണ്ടുകൾക്ക് ഒപ്പം ആഭ്യന്തര ധനകാര്യസ്ഥാപനങ്ങളും പ്രോഫിറ്റ് ബുക്കിങിലേയ്‌ക്ക് ചുവടു മാറ്റിയത് തളർച്ചയ്‌ക്ക് ഇടയാക്കി. ഇതോടെ 16,376 പോയിൻറ്റിലേയ്‌ക്ക് നിഫ്‌റ്റി ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം അൽപ്പം മെച്ചപ്പെട്ട് 16,450 പോയിൻറ്റിലാണ്.
ഈവാരം മദ്ധ്യം വരെ 16,317 ലെ ആദ്യ താങ്ങ് നിലനിർത്താനായാൽ രണ്ടാം പകുതിയിൽ സൂചിക 16,642 ന് മുകളിൽ ഇടം പിടിക്കാൻ നീക്കം നടത്താം. അതേ സമയം ആദ്യ താങ്ങ് നഷ്‌ടപ്പെട്ടാൽ 16,184 വരെ സാങ്കേതിക പരീക്ഷണങ്ങൾക്ക് ഇടയുണ്ട്.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡക്‌സ് 13 ൽ നിന്ന് 13.96 ലേയ്‌ക്ക് ഉയർന്നു. വാരാവസാനം അനുഭവപ്പെട്ട വിൽപ്പന സമ്മർദ്ദം സൂചിക ഉയരാൻ ഇടയാക്കി, അതേ സമയം നിലവിലെ സാഹചര്യത്തിൽ 17.80 വരെ ഉയരാൻ ഇടയുള്ളതിനാൽ ഓഹരി സൂചികയിലെ ചാഞ്ചാട്ട സാധ്യതയും ശക്തമാകാം.
വിനിമയ വിപണിയിൽ രൂപയുടെ മൂല്യം വീണ്ടും കുറഞ്ഞു. വിനിമയ നിരക്ക് 74.29 ൽ നിന്ന് ഒരവസരത്തിൽ 74.48 ലേയ്‌ക്ക് ഇടിഞ്ഞങ്കിലും വാരാന്ത്യം 74.36 ലാണ്. ഈ വാരം രൂപ 74.03‐75.00 റേഞ്ചിൽ സഞ്ചരിക്കാം.
ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ മൂന്ന് മാസത്തെ താഴ്‌ന്ന നിലവാരത്തിൽ. വാരത്തിൻറ്റ തുടക്കത്തിൽ എണ്ണ വില ബാരലിന് 70 ഡോളറിലേയ്‌ക്ക് അടുത്തങ്കിലും വാങ്ങൽ താൽപര്യം കുറഞ്ഞതും വിൽപ്പന സമ്മർദ്ദവും മൂലം നിരക്ക് 65 ഡോളറിലേയ്‌ക്ക് ഇടിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.