ചൈനീസ്​ സാമ്പത്തിക മേഖലയിൽ നിന്നുള്ള വാർത്തകൾ തിരിച്ചടിയാവുമോ? ആശങ്കയിൽ വിപണി

കൊച്ചി: വിദേശ ഫണ്ടുകൾ ഒരിക്കൽ കൂടി വൻ നിക്ഷേപത്തിന്‌ മത്സരിച്ചത്‌ ഓഹരി ഇൻഡക്‌സുകൾ സർവകാല റെക്കോർഡിലേയ്‌ക്ക്‌ ഉയർത്തി. മുൻനിര ഓഹരികളോട്‌ ഇടപാടുകാർ കാണിച്ച താൽപര്യം നിഫ്‌റ്റിയെ 18,000 ലേയ്‌ക്കും സെൻസെക്‌സിനെ 60,000 ലേയ്‌ക്കും അടുപ്പിക്കുമെന്ന പ്രതീക്ഷയിലാണ്‌. അതേ സമയം ചൈനീസ്‌ സാമ്പത്തിക മേഖലയിൽ നിന്നുള്ള പ്രതികൂല വാർത്തകൾ ഏഷ്യൻ മാർക്കറ്റുകളെ പിടിച്ച്‌ ഉലക്കുമോയെന്ന ആശങ്ക ഉയരുന്നുണ്ട്​.

ഷാങ്‌ഹായ്‌ സൂചിക വാരാന്ത്യം നേട്ടത്തിലാണെങ്കിലും ചൈനയിൽ റിയൽ എസ്‌റ്റേറ്റ്‌ വിഭാഗം ഓഹരികൾ ഏഷ്യൻ ഓഹരി ഇൻഡക്‌സുകളെ പിടിച്ച്‌ ഉലക്കാൻ ഇടയുണ്ട്‌. ഏതാനും മാസങ്ങളായി ആഭ്യന്തര വിപണിക്ക്‌ ഒപ്പം ചുവടുവെച്ച്‌ വൻ നിക്ഷേപം നടത്തിയ മ്യൂച്വൽ ഫണ്ടുകൾ കഴിഞ്ഞവാരം ലാഭമെടുപ്പിന്‌ മുൻ തൂക്കം നൽകി. 3064 കോടി രൂപയുടെ ഓഹരികൾ അവർ വിറ്റു. കേവലം 168 കോടി രൂപ മാത്രമാണ്‌ നിക്ഷേപിച്ചത്‌.

നാലാഴ്‌ച്ചയായി തുടരുന്നു ബുൾ റാലിയിൽ നിഫ്‌റ്റിയും ബോംബെ സെൻസെക്‌സും പുതിയ ഉയരം കൈപിടിയിൽ ഒതുക്കിയത്‌ ബുൾ ഇടപാടുകാരെ വിപണിയിലേയ്‌ക്ക്‌ അടുപ്പിച്ചു. രണ്ട്‌ സൂചികയും ഒരു ശതമാനത്തിൽ അധികം ഉയർന്നു. സെൻസെക്‌സ്‌ 710 പോയിൻറ്റും നിഫ്‌റ്റി 215 പോയിൻറ്റും പ്രതിവാര നേട്ടത്തിലാണ്‌. ഒരു മാസം കൊണ്ട്‌ ഇവ യഥാക്രമം 3224 പോയിൻറ്റും 970 പോയിൻറ്റും വർദ്ധിച്ചു. ബി.എസ്‌,ഇ മുൻവാരത്തിലെ 58,305 ൽ നിന്ന്‌ 58,553 ലെ റെക്കോർഡ്‌ തകർത്ത്‌ പുതിയ ഉയരമായ 59,737 പോയിൻറ്റ്‌ വരെ കയറി.

വാരാന്ത്യ ദിനത്തിൽ വിപണി റെക്കോർഡ്‌ പ്രകടനം കാഴ്‌ച്ചവെച്ച വേളയിൽ ഫണ്ടുകൾ പ്രോഫിറ്റ്‌ ബുക്കിങിലേയ്‌ക്ക്‌ ശ്രദ്ധതിരിച്ചതിനാൽ ഇടപാടുകളുടെ അവസാന പകുതി സൂചിക തളർന്നു. ഇതേ തുടർന്ന്‌ റെക്കോർഡ്‌ തലത്തിൽ നിന്നും 722 പോയിൻറ്റ്‌ ഇടിഞ്ഞ്‌ 59,015 ൽ ക്ലോസിങ്‌ നടന്നു. വിപണിയുടെ സാങ്കേതിക വശങ്ങളിൽ കാര്യമായ മാറ്റമില്ലെങ്കിലും വിദേശത്ത്‌ നിന്നുള്ള പ്രതികൂല വാർത്തകൾ സൂചികയിൽ ചാഞ്ചാട്ടങ്ങൾക്ക്‌ ഇടയാക്കാമെന്നതിനാൽ മുന്നിലുള്ള ദിവസങ്ങളിൽ കരുതലോടെ വിപണിയെ സമീപിക്കുന്നതാവും അഭികാമ്യം. വാരാന്ത്യം

ദൃശ്യമായ ലാഭമെടുപ്പ്‌ ഇനിയുള്ള ദിവസങ്ങളിലും ഫണ്ടുകൾ ആവർത്തിച്ചാൽ താഴ്‌ന്ന റേഞ്ചിൽ പുതിയ നിക്ഷേപങ്ങൾക്ക്‌ അവസരം കണ്ടത്താനാവും. ഈവാരം ബി.എസ്‌.ഇ സൂചികയ്‌ക്ക്‌ 58,130 റേഞ്ചിൽ ആദ്യ സപ്പോർട്ടുണ്ട്‌. വാരമധ്യം വരെ ഇത്‌നിലനിർത്തിയാൽ 59,800 ലെ പ്രതിരോധം തകർക്കാനാവശ്യമായ ഊർജം കണ്ടത്താനാവും. ആദ്യ സപ്പോർട്ട്‌ നഷ്‌ടപ്പെട്ടാൽ 57,240 വരെ സാങ്കേതിക പരീക്ഷണം തുടരാം.

ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റിക്ക്‌ 18,000 ലേയ്‌ക്ക്‌ പ്രവേശിക്കാൻ വേണ്ട കരുത്ത്‌ സ്വരുപിക്കാനുള്ള ശ്രമത്തിലാണ്‌. 17,500‐17,433 റേഞ്ചിലെ സപ്പോർട്ട്‌ ഈവാരം കാത്ത്‌ സൂക്ഷിക്കാനായാൽ 17,793 ലെ ആദ്യ പ്രതിരോധം തകർക്കാൻ നിഫ്‌റ്റിക്കാവും.

മുൻ നിര ഓഹരികളിൽ നിറഞ്ഞു നിന്ന്‌ വാങ്ങൽ താൽപര്യത്തിൽ എയർടെൽ, ഐ.ടി.സി, എസ്‌.ബി.ഐ, എച്ച്.ഡി.എഫ്.സി ബാങ്ക്‌, എച്ച്ഡി എഫ് സി, റ്റി സി എസ്‌, ബജാജ്‌ ഓട്ടോ, മാരുതി, എൽ ആൻറ്‌ റ്റി, എച്ച്‌ സി എൽ, എം ആൻറ്‌ എം തുടങ്ങിയവയുടെ നിരക്ക്‌ കയറി. അതേ സമയം ഉയർന്ന തലത്തിലെ ലാഭമെടുപ്പിൽ ഡോ: റെഡീസ്‌, സൺ ഫാർമ്മ, ആർ ഐ എൽ, എച്ച്‌.യു.എൽ, ടാറ്റാ സ്‌റ്റീൽ, ഇൻഫോസിസ്‌, ഐ.സി.ഐ.സി.ഐ എന്നിവയ്‌ക്ക്‌ തളർച്ച നേരിട്ടു.

വിനിമയ വിപണിയിൽ യു.എസ്‌ ഡോളറിന്‌ മുന്നിൽ രൂപയുടെ മൂല്യം 73.52 ൽനിന്ന്‌ 73.36 ലേയ്‌ക്ക്‌ ശക്തിപ്രാപിച്ചെങ്കിലുംവാരാന്ത്യം രൂപ 73.69 ലാണ്‌. ആഗോള വിപണിയിൽ സ്വർണ വില ഇടിഞ്ഞു. ഡോളർ ശക്തമാക്കുമെന്ന പ്രതീക്ഷയിൽ ഫണ്ടുകൾ വിൽപ്പനയിലേയ്‌ക്ക്‌ ചുവടു മാറ്റിയതോടെ മഞ്ഞലോഹം ട്രോയ്‌ ഔൺസിന്‌ 1802 ഡോളറിൽനിന്ന്‌ 1747 ഡോളറിലേയ്‌ക്ക്‌ താഴ്‌ന്നങ്കിലും ക്ലോസിങിൽ നിരക്ക്‌ 1753 ഡോളറിലാണ്‌.

Tags:    
News Summary - Stock Market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT