വീണ്ടു വിൽപനക്കാരായി വിദേശനിക്ഷേപകർ; വിപണിയിൽ തകർച്ച

യു.എസ്​ സമ്പദ്​വ്യവസ്ഥയിലെ പുതിയ മാറ്റങ്ങൾ കരുത്ത്​ പകരാൻ വിദേശ ഓപ്പറേറ്റർമാർ ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലെ ഓഹരിവിപണികളിൽ വിൽപനക്കാരായി മാറി. കഴിഞ്ഞ കുറേ ദിവസങ്ങളായി വിൽപനക്കാരായി മാറിയ വിദേശ ഓപ്പറേറ്റർമാരുടെ സാന്നിധ്യം വിപണിയെ സ്വാധീനിക്കുന്നുണ്ട്​.

ഇന്ത്യൻ ഓഹരി വിപണിയിൽ പിന്നിട്ട ഒമ്പത്‌ മാസത്തിനിടയിൽ ഏട്ട്‌ മാസവും വിൽപ്പനക്കാരുടെ മേലങ്കി അണിഞ്ഞാണ്‌ വിദേശ ഓപ്പറേറ്റർമാർ നിലകൊണ്ടത്‌. സെപ്‌റ്റംബറിൽ മാത്രം വാങ്ങലുകാരി അവർ രംഗത്തുണ്ടായിരുന്നു. ബാധ്യതകൾ പണമാക്കി മാറ്റാൻ നടത്തിയ നീക്കങ്ങൾ വിപണിയിൽ വൻ സമ്മർദ്ദമുളവാക്കിയെങ്കിലും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നിക്ഷപകരായത്‌ ആശ്വാസം പകർന്നു.

പിന്നിട്ടവാരം ആഭ്യന്തര ഫണ്ടുകൾ 6341 കോടി രൂപയുടെ നിക്ഷേപം നടത്തി. എന്നാൽ മറുവശത്ത്‌ വിദേശ ഫണ്ടുകൾ അഞ്ച്‌ ദിവസത്തിൽ വിറ്റുമാറിയത്‌ 10,452 കോടി രൂപയുടെ ഓഹരികളാണ്‌. ഈ മാസം എല്ലാ ദിവസങ്ങളിലും അവർ വിൽപ്പനയ്‌ക്കാണ്‌ താൽപര്യം കാണിച്ചത്‌. വർഷാന്ത്യത്തിന്‌ പത്ത്‌ പ്രവർത്തി ദിനങ്ങൾ മാത്രം ശേഷിക്കുന്നതിനാൽ അവരുടെ നിലപാടിൽ കാര്യമായ മാറ്റത്തിന്‌ ഇടയില്ലെന്നത്‌ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കാം.

സാങ്കേതികമായി മാർക്കറ്റ്‌ ഓവർ സോൾഡാവുന്ന അവസരങ്ങളിൽ തിരഞ്ഞടുത്തഓഹരികളിൽ നിക്ഷേപത്തിന്‌ നീക്കം നടത്തുന്നതാവും ചെറുകിട ഇടപാടുകാർക്ക്‌ അഭികാമ്യം. ബോംബെ സെൻസെക്‌സും നിഫ്‌റ്റി സൂചികയും പിന്നിട്ട വാരം മൂന്ന്‌ ശതമാനം ഇടിഞ്ഞു. സെൻസെക്‌സ്‌ 1775 പോയിൻറ്റും നിഫ്‌റ്റി 520 പോയിൻറ്റും നഷ്‌ടത്തിലാണ്‌. വാരത്തിന്‍റെ തുടക്കത്തിൽ അൽപ്പം മികവ്‌ കാണിച്ച്‌ സൂചിക 59,181 വരെ ഉയർന്ന അവസരത്തിൽ അലയടിച്ച വിൽപ്പന തരംഗത്തിൽ സെൻസെക്‌സ്‌ 57,000 ലെ നിർണായക താങ്ങും തകർത്ത്‌ 56,950 ലേയ്‌ക്ക്‌ ഇടിഞ്ഞങ്കിലും വാരാന്ത്യം സുചിക 57,011 പോയിൻറ്റിലാണ്‌.

നിഫ്‌റ്റി 17,511 ൽ നിന്ന്‌ 17,632 ലേയ്‌ക്ക്‌ ചുവടുവെച്ചങ്കിലും കഴിഞ്ഞവാരം വ്യക്തമാക്കിയ 17,700 റേഞ്ചിലെ പ്രതിരോധ മേഖലയിലേയ്‌ക്ക്‌ പ്രവേശിക്കും മുമ്പേ മുൻ നിര ഓഹരികളിൽ അനുഭവപ്പെട്ട തളർച്ച സൂചികയെ 16,966 ലേയ്‌ക്ക്‌ തളർത്തി, മാർക്കറ്റ്‌ ക്ലോസിങിൽ നിഫ്‌റ്റി 16,985 പോയിൻറ്റിലാണ്‌. വാരത്തിന്‍റെ ആദ്യ പകുതിയിൽ 16,756 ലെ താങ്ങ്‌ നിലനിർത്താനായാൽ ക്രിസ്‌തുമസ്‌ വേളയിൽ 17,400 ലേയ്‌ക്ക്‌ തിരിച്ച്‌ വരവിന്‌ നീക്കം നടത്താം. എന്നാൽ ആദ്യ താങ്ങ്‌ നഷ്‌ടപ്പെട്ടാൽ 16,500 റേഞ്ചിലേയ്‌ക്ക്‌ നിഫ്‌റ്റി തളരാം.

മുൻ നിര ഓഹരികളായ ആർ.ഐ.എൽ, എസ്‌.ബി.ഐ, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, ഐ.സി.ഐ.സി.ഐ ബാങ്ക്‌, മാരുതി, ടാറ്റാ മോട്ടേഴ്‌സ്‌, ബജാജ്‌ ഓട്ടോ, എം ആൻറ്‌ എം, ടാറ്റാ സ്‌റ്റീൽ, എൽ ആൻറ്‌ ടി, സിപ്ല, സൺ ഫാർമ്മ, ഡോ: റെഡീസ്‌ തുടങ്ങിയവയുടെ നിരക്ക്‌ ഇടിഞ്ഞു. വിപണിയിലെ പ്രതിസന്ധിക്കിടയിൽ വിപ്രോ, ഇൻഫോസീസ്‌, എച്ച്‌.സി.എൽ, സൺ ഫാർമ്മ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു.

അന്താരാഷ്‌ട്ര മാർക്കറ്റിൽ എണ്ണ വില വീണ്ടും കുറഞ്ഞു. ന്യൂയോർക്ക്‌ എക്‌സ്‌ചേഞ്ചിൽ ക്രൂഡ്‌ ഓയിൽ വില ബാരലിന്‌ 75.29 ഡോളറിൽ നിന്ന്‌ 73 ഡോളറായി. യു എസ്‌ ഡോളർ സൂചികയിലെ ചലനങ്ങൾ കണ്ട്‌ ഫണ്ടുകൾ മഞ്ഞലോഹത്തിലേയ്‌ക്ക്‌ശ്രദ്ധതിരിച്ചത്‌ ആഗോള സ്വർണ വില ഉയർത്തി. ട്രോയ്‌ ഔൺസിന്‌ 1782 ഡോളറിൽ നിന്ന്‌ 1817 ഡോളർ വരെ കുതിച്ച സ്വർണം വാരാന്ത്യം 1798 ഡോളറിലാണ്‌.

Tags:    
News Summary - Stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT