ന്യൂഡൽഹി: എൻ.എസ്.ഇ മുൻ ഡയറക്ടർ ചിത്രരാമകൃഷ്ണയും വിവാദ യോഗിയും തമ്മിലുള്ള സംഭാഷണത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇരുവരും തമ്മിലുള്ള ഇമെയിൽ സന്ദേശങ്ങളുടെ വിവരങ്ങളാണ് പുറത്ത് വന്നത്. 20 വർഷങ്ങൾക്ക് മുമ്പ് ഗംഗയുടെ തീരങ്ങളിലാണ് താൻ ആദ്യം യോഗിയെ കണ്ടതെന്ന് ചിത്രരാമകൃഷ്ണ സെബിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഒരുതവണ കണ്ടതൊഴിച്ചാൽ പിന്നീട് ഇയാളെ നേരിട്ട് കണ്ടിട്ടില്ല. യോഗി നൽകിയ ഇമെയിൽ ഐഡിയിലൂടെയായിരുന്നു പിന്നീടുള്ള ആശയവിനിമയങ്ങൾ. വ്യക്തിപരമായ കാര്യങ്ങൾക്കും പ്രൊഫഷണൽ ആവശ്യങ്ങൾക്കും താൻ യോഗിയുടെ സഹായം തേടിയെന്നും ചിത്രരാമകൃഷ്ണ സെബിയോട് വെളിപ്പെടുത്തിയിട്ടുണ്ട്.
2015 ഫെബ്രുവരി 25ന് ചിത്രക്ക് ലഭിച്ച ഇമെയിലിൽ ദ്വീപ്രാഷ്ട്രമായ സീഷെല്ലിലേക്ക് പോകാൻ തയാറായിരിക്കാൻ യോഗി ആവശ്യപ്പെടുന്നുണ്ട്. ടിക്കറ്റ് അടക്കമുള്ള കാര്യങ്ങൾ താൻ ഏർപ്പാടാക്കാമെന്നും യോഗി പറയുന്നുണ്ട്. നീന്തൽ അറിയുമെങ്കിൽ സീഷെല്ലിലെ കടൽ നിങ്ങൾക്ക് നന്നായി ആസ്വദിക്കാമെന്നും ഇയാൾ ചിത്രരാമകൃഷ്ണയോട് പറയുന്നുണ്ട്.
ഫെബ്രുവരി 25ന് അയച്ച ഇമെയിലിൽ അഞ്ജാതനായ ഒരാൾ ചിത്രരാമകൃഷ്ണന് വിവിധ ഹെയർ സ്റ്റൈലുകളെ കുറിച്ച് പറഞ്ഞുകൊടുക്കുന്നുണ്ട്. സെപ്തംബറിൽ അയച്ച ഇമെയിലിൽ താൻ അയച്ചുതന്ന ഭക്തിഗാനം കേട്ടോയെന്നായിരുന്നു അജ്ഞാതന്‍റെ ചിത്ര രാമകൃഷ്ണയോടുള്ള ചോദ്യം. അതേസമയം, ഹിമാലയൻ യോഗിക്ക് എൻ.എസ്.ഇയുടെ വിവരങ്ങൾ ചോർത്തി നൽകി വിവാദത്തിലായ ചിത്രരാമകൃഷ്ണയെ സി.ബി.ഐ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ആദായ നികുതി വകുപ്പ് ചിത്ര രാമകൃഷ്ണയുടെ വീട്ടിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.