മുംബൈ: അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് കനത്ത തിരിച്ചടി നേരിടുന്നതിനിടെ ഇക്കാര്യത്തിൽ പ്രതികരണവുമായി സെബി. ഓഹരിവിപണിയുടെ ചിട്ടയായതും കാര്യക്ഷമവുമായ പ്രവർത്തനം ഉറപ്പാക്കാൻ ഞങ്ങൾ എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്ന് സെബി അറിയിച്ചു. ചില വ്യക്തിഗത ഓഹരികളിൽ വലിയ ചാഞ്ചാട്ടം നിരീക്ഷിച്ചുവരികയാണെന്നും സെബി അറിയിച്ചു.
അദാനി ഗ്രൂപ്പിനെ പേരെടുത്ത് പറയാതെയാണ് സെബിയുടെ വിമർശനം. ഒരു ബിസിനസ് സ്ഥാപനത്തിന്റെ ഓഹരി വിലയിലുണ്ടായ അസാധാരണമായ മാറ്റങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും സെബി അറിയിച്ചു.സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബി.എസ്.ഇയും എൻ.എസ്.ഇയും അദാനിയുടെ അദാനി എൻറർപ്രൈസ്, അദാനി പോർട്സ് ആൻഡ് സെപ്ഷ്യൽ ഇക്കണോമിക് സോൺ, അംബുജ സിമന്റ് എന്നിവയെ കർശന നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ സെബിയും പ്രതികരണം നടത്തിയിരിക്കുന്നത്.
നേരത്തെ അദാനി വിവാദം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ പ്രതിഛായയെ ബാധിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു. എതെങ്കിലുമൊരു കമ്പനി എഫ്.പി.ഒ ഉപേക്ഷിക്കുന്നത് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ ബാധിക്കില്ലെന്നും ധനമന്ത്രി പറഞ്ഞിരുന്നു. നിയന്ത്രണ ഏജൻസികൾ അവരുടെ ജോലി കൃത്യമായി നിർവഹിക്കുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.