2025ൽ ഓഹരി വിപണികൾ തകർന്നടിയും; കാത്തിരിക്കുന്നത് 2008നേക്കാളും വലിയ തകർച്ച

2025ൽ ഓഹരി വിപണികൾ തകർന്നടിയുമെന്ന പ്രവചനവുമായി യു.എസ് സാമ്പത്തികശാസ്ത്രജ്ഞൻ. 2008നേക്കാളും വലിയ പ്രതിസന്ധിയാണ് വിപണികളെ കാത്തിരിക്കുന്നതെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ യു.എസ് ശാസ്ത്രജ്ഞനായ ഹാരി ഡെന്റ് പറയുന്നു. സമ്പദ്‍വ്യവസ്ഥകളെ പഠനവിധേയമാക്കുന്നതിനായി തന്റേതായ സിദ്ധാന്തം വികസിപ്പിച്ചെടുത്ത സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഹാരി ഡെന്റ്.

ഇപ്പോൾ ഓഹരി വിപണിയിലുണ്ടായ നേട്ടം കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണ്. സമ്പദ്‍വ്യവസ്ഥക്ക് നൽകുന്ന ഉത്തേജനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ഇത്തരത്തിൽ പെരുപ്പിച്ചെടുത്ത കുമിളകൾ അഞ്ചോ ആറോ വർഷത്തേക്ക് തിരിച്ചറിയപ്പെടാതെ പോകും. എന്നാൽ, കുറേ വർഷങ്ങളായി പെരുപ്പിച്ചെടുത്ത കുമിള ഇപ്പോഴും അതേ പോലെ തുടരുകയാണ്. അത് തകരുമ്പോൾ വലിയ ആഘാതങ്ങളുണ്ടാവുന്നത് സ്വാഭാവികമാണെന്നും ഡെന്റ് പറഞ്ഞു.

വൻ തോതിലുള്ള പണമൊഴുക്കും ഉദാരമായ പണനയങ്ങളുമാണ് ഇപ്പോഴുള്ള ഓഹരി വിപണിയുടെ നേട്ടത്തിന് പിന്നിൽ. ഇത് കേവലം വലിയൊരു കുമിള മാത്രമാണെന്നും വൈകാതെ അത് പൊട്ടുമെന്നുമാണ് ഡെന്റിന്റെ പ്രവചനം.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് യു.എസ്‍ സർക്കാർ സമ്പദ്‍വ്യവസ്ഥയിലേക്ക് കൂടുതൽ പണമൊഴുക്കിയതും പലിശനിരക്കുകൾ പരമാവധി കുറച്ചതും ഓഹരി വിപണിയുടെ മുന്നേറ്റത്തിന് കാരണമായെന്നും ഡെന്റ് പറഞ്ഞു. അടുത്ത വർഷം യു.എസ് സൂചികയായ എസ്&പി 80 ശതമാനവും നാസ്ഡാക്ക് 90 ശതമാനവും ഇടിയുമെന്നും ഡെന്റ് പ്രവചിക്കുന്നു.

അതേസമയം, പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തിൽ ഈ വർഷം ഒരു തവണയെങ്കിലും യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്ക് കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിൽ ആഗോള സമ്പദ്‍വ്യവസ്ഥയുടെ 2.6 ശതമാനം നിരക്കിൽ വളരുമെന്ന് ലോകബാങ്ക് പ്രവചിച്ചിരുന്നു. ഇതിനിടയിലാണ് വലിയ സാമ്പത്തിക തകർച്ച പ്രവചിച്ച് യു.എസ് ശാസ്ത്രജ്ഞൻ രംഗത്തെത്തിയിരിക്കുന്നത്.

Tags:    
News Summary - US economist predicts a 2025 stock market crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT