സ്വര്‍ണ ബോണ്ടുകള്‍ നവംബര്‍ 26ന് പുറത്തിറങ്ങും

ന്യൂഡല്‍ഹി: ഇനി സ്വര്‍ണം ബോണ്ടായും വാങ്ങാം. സ്വര്‍ണത്തിന്‍െറ ഇറക്കുമതി കുറക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സോവറിന്‍ ഗോള്‍ഡ് ബോണ്ടുകള്‍ നവംബര്‍ 26ന് വിതരണം ചെയ്യും. തുടര്‍വില്‍പന പിന്നീട് പ്രഖ്യാപിക്കും. നവംബര്‍ അഞ്ചു മുതല്‍ 20 വരെ അപേക്ഷിക്കാം. ബാങ്കുകളിലൂടെയും തെരഞ്ഞെടുത്ത പോസ്റ്റ് ഓഫിസുകളിലൂടെയുമാവും വില്‍പന. ഗ്രാമിന്‍െറ ഗുണിതങ്ങളായാവും ബോണ്ടിന്‍െറ മൂല്യം. അടിസ്ഥാന യൂനിറ്റ് ഒരു ഗ്രാമാവും. കുറഞ്ഞ നിക്ഷേപം രണ്ട് യൂനിറ്റാണ് (രണ്ട് ഗ്രാം). ഒരു സാമ്പത്തിക വര്‍ഷം പരമാവധി നിക്ഷേപം 500 ഗ്രാമില്‍ കവിയരുത്. എട്ടുവര്‍ഷമായിരിക്കും കാലാവധി. 2.75 ശതമാനമാണ് വാര്‍ഷിക പലിശ. അഞ്ചാമത്തെ വര്‍ഷം മുതല്‍ പലിശ നല്‍കുന്ന ദിവസങ്ങളില്‍ ബോണ്ടില്‍നിന്ന് പുറത്തുകടക്കാന്‍ അവസരമുണ്ടാകും. 999 ശുദ്ധതയുള്ള സ്വര്‍ണത്തിന്‍െറ മുന്‍ ആഴ്ചയിലെ ക്ളോസിങ് പ്രൈസിന്‍െറ ശരാശരി അടിസ്ഥാനമാക്കി രൂപയിലായിരിക്കും പലിശ നിര്‍ണയിക്കുക. നിക്ഷേപകര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഡീമാറ്റ് രൂപത്തിലേക്ക് മാറ്റാനുമാവും. മുന്‍ ആഴ്ചയിലെ ഇന്ത്യ ബുള്ള്യന്‍ ആന്‍ഡ് ജ്വല്ളേഴ്സ് അസോസിയേഷന്‍െറ 999 ശുദ്ധതയുള്ള സ്വര്‍ണത്തിന്‍െറ ശരാശരി വിലയുടെ അടിസ്ഥാനത്തിലായിരിക്കും പണം പിന്‍വലിക്കാന്‍ അവസരം. ബോണ്ടുകളിലെ പലിശക്ക് ആദായ നികുതി ബാധകമാണ്. സ്വര്‍ണത്തിന്‍െറ കാര്യത്തിലെന്നതുപോലെ മൂലധന നേട്ടത്തിനുള്ള നികുതിയും ബാധകമായിരിക്കും. എക്സ്ചേഞ്ചുകളില്‍ ഇവ വ്യാപാരം നടത്തുന്നതിനും സാധാരണ സ്വര്‍ണം പോലെ ഈട് നല്‍കി വായ്പ എടുക്കുന്നതിനും സാധിക്കും. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-09 05:00 GMT