കെ.വൈ.സി ഇനി ഒരു ഭാരമല്ല

മുംബൈ: ഇനി ബാങ്ക് അക്കൗണ്ട് തുറക്കാനും മ്യൂച്വല്‍ ഫണ്ട്, ഓഹരി നിക്ഷേപങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പോളിസികള്‍ക്കുമെല്ലാം വേറെവേറെ കെ.വൈ.സികള്‍ (ഉപയോക്താവിനെ അറിയല്‍ രേഖ) പൂരിപ്പിച്ച് ബുദ്ധിമുട്ടേണ്ട. ധനകാര്യ മേഖലയിലെ നിയന്ത്രകരായ റിസര്‍വ് ബാങ്ക്, സെബി, ഐ.ആര്‍.ഡി.എ.ഐ എന്നിവ പൊതുവായ കെ.വൈ.സി തയാറാക്കുകയും ബാങ്കുകളും നിക്ഷേപസ്ഥാപനങ്ങളുമുള്‍പ്പെടെ എല്ലാവരും പുതുതായി കിട്ടുന്ന കെ.വൈ.സികള്‍ വഴി ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പുതിയ സംവിധാനമായ സെന്‍ട്രല്‍ രജിസ്ട്രി ഓഫ് സെക്യൂരിറ്റൈസേഷന്‍ അസറ്റ് റീകണ്‍സ്ട്രക്ഷന്‍ ആന്‍ഡ് സെക്യൂരിറ്റി ഇന്‍ററെസ്റ്റ് ഓഫ് ഇന്ത്യക്ക് (സി.ഇ.ആര്‍.എസ്.എ.ഐ) അപ്ലോഡ് ചെയ്തുകൊടുക്കാന്‍ ഏര്‍പ്പാടുണ്ടാക്കുകയും ചെയ്തതോടെയാണിത്. ഇതനുസരിച്ച് പുതിയ അക്കൗണ്ടുകള്‍ക്കായി കെ.വൈ.സി പൂരിപ്പിച്ചു നല്‍കുന്നവര്‍ക്ക് 14 അക്ക നമ്പര്‍ ലഭിക്കും. 

പിന്നീട് ഏത് ധനകാര്യ സ്ഥാപനത്തിലും ഏത് ധനകാര്യ ഇടപാടിനും കെ.വൈ.സി പൂരിപ്പിച്ചു നല്‍കേണ്ടിവന്നാല്‍ ഈ നമ്പര്‍ നല്‍കിയാല്‍ മതിയാവും. ഈ നമ്പറുപയോഗിച്ച് കേന്ദ്രീകൃത സംവിധാനത്തിലുള്ള വിവരങ്ങള്‍ പങ്കുവെക്കുകയാണ് സ്ഥാപനങ്ങള്‍ ചെയ്യുക. റിസര്‍വ് ബാങ്കും ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റിയും ജൂലൈ 15 വരെയാണ് ഇതിന് സമയം അനുവദിച്ചിരുന്നത്. സെബി ആഗസ്റ്റ് ഒന്നുവരെയും. പല സ്ഥാപനങ്ങളും പുതിയ കെ.വൈ.സി സംവിധാനം നടപ്പാക്കിയിട്ടുണ്ട്.

എന്നാല്‍, പൂര്‍ണമായും നടപ്പാകാന്‍ ഇനിയും സമയമെടുക്കുമെന്നാണ് സൂചന. ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്രദമാണ് കേന്ദ്രീകൃത കെ.വൈ.സി. മുമ്പ് ഓരോ ധനകാര്യ സ്ഥാപനങ്ങളും വ്യത്യസ്തമായ വിവരങ്ങളാണ് കെ.വൈ.സിയില്‍ ആവശ്യപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ ഓരോന്നിനും വേറെവേറെ ആവശ്യവുമായിരുന്നു. ഈ അവസ്ഥക്കാണ് പുതിയ സംവിധാനം മാറ്റം വരുത്തുന്നത്. 

ഫോറിന്‍ അക്കൗണ്ട് ടാക്സ് കോംപ്ളിയന്‍സ് (ഫാറ്റ്ക) അനുസരിച്ച് ആവശ്യമായ വിവരങ്ങളും പുതിയ കെ.വൈ.സിയിലുണ്ടാവും. മാതാവിന്‍െറ പേര്, പ്രായപൂര്‍ത്തിയാകാത്തവരാണെങ്കില്‍ ബന്ധുക്കളുടെ വിവരങ്ങള്‍, മൂന്നാം ലിംഗക്കാര്‍ക്ക് അതുരേഖപ്പെടുത്താനുള്ള ഇടം തുടങ്ങിയവയും ഉണ്ടാകും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.