ചരിത്രവും പൈതൃകവുമുറങ്ങുന്ന അറബ് ലോകത്തെ മഹാനഗരമാണ് ഷാർജ. യു.എ.ഇയിലെ ഏറ്റവും വലിയ മൂന്നാമത്തെ എമിറേറ്റായ ഇതിന് 5000 വർഷത്തിലധികം നീണ്ട കുടിയേറ്റ ചരിത്രമുണ്ട്. സംസ്കാരവും പാരമ്പര്യവുമുറങ്ങുന്ന ഇവിടം പ്രകൃതി വിഭവങ്ങളാലും അടിസ്ഥാന സൗകര്യങ്ങളാലും വളരെ സമ്പന്നമായ പട്ടണമാണ്. പുതിയ കാലത്ത് ഷാർജ പട്ടണത്തിൽ സ്വന്തമായൊരു പ്രോപ്പർട്ടി സ്വന്തമാക്കുക എന്നത് പലരുടെയും സ്വപ്നമാണ്. അതിനനുസരിച്ച് തുറന്ന സമീപനവുമായി ഭരണാധികാരികൾ രംഗത്തു വന്നിട്ടുണ്ടെങ്കിലും, ഇവിടുത്തെ നിയമത്തിലെ എളുപ്പവും സാധ്യതകളും പലർക്കും അറിയില്ല. ഇന്ത്യക്കാർക്കും മറ്റു വിദേശികൾക്കും ഇവിടെ വില്ലകളും അപാർട്മെന്‍റുകളും സ്വന്തമാക്കുന്നത് പ്രയാസരഹിതമാണ്. ഷാർജയിലെ ഏറ്റവും വലിയ മാസ്റ്റർ ഡെവലപ്പറായ 'അരാദ'യുടെ ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഷിമ്മി മാത്യൂ ഷാർജയിൽ പ്രോപ്പർട്ടി വാങ്ങുന്നതിന് നിലവിലുള്ള നിയമവും അതിന്‍റെ സാധ്യതകളും സംബന്ധിച്ച് വായനക്കാർക്ക് വേണ്ടി 'ഗൾഫ് മാധ്യമ'വുമായി സംസാരിക്കുന്നു.
ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ 2014ൽ പുറപ്പെടുവിച്ച ഉത്തരവ് വിദേശികൾക്ക് എമിറേറ്റിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന് പുതിയ വാതിലുകൾ തുറന്നിടുന്നതായിരുന്നു. ഷാർജയിലെ ഫ്രീഹോൾഡ്/ലീസ്ഹോൾഡ് നിയമത്തിന്‍റെ പ്രത്യേകതകൾ എന്തെല്ലാമാണ്? ഇത് എങ്ങനെയാണ് ഇന്ത്യക്കാരടക്കമുള്ള വിദേശികളെ പ്രോപ്പർട്ടി വാങ്ങുന്നതിന് സഹായിക്കുന്നത്?
എല്ലാ രാജ്യക്കാർക്കും പ്രോപ്പർട്ടി വാങ്ങുന്നതിന് അനുവാദം നൽകിയ 2014ലെ തീരുമാനം ഷാർജയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് വലിയ തോതിൽ നിക്ഷേപത്തിന് വാതിൽ തുറക്കുന്നതായിരുന്നു. മാത്രമല്ല ഇന്ന് എമിറേറ്റിൽ കാണുന്ന സംയോജിതമായ കമ്മ്യൂണിറ്റികൾ ഒരുക്കുന്നതിന് 'അരാദ' പോലുള്ള ഡെവലപ്പർമാർക്ക് വേദിയൊരുക്കുകയും ചെയ്തു. ഫ്രീഹോൾഡ് അല്ലെങ്കിൽ ലീസ്ഹോൾഡ് ഉടമസ്ഥാവകാശ അടിസ്ഥാനത്തിൽ എമിറേറ്റിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രോപ്പർട്ടികൾ സ്വന്തമാക്കാനാണ് നിയമം വിദേശികൾക്ക് അനുവാദം നൽകിയത്. ഫ്രീഹോൾഡ് അടിസ്ഥാനത്തിൽ ഇമാറാത്തി, അറബ്, ഗൾഫ് വിഭാഗത്തിലുള്ളവർക്കാണ് വാങ്ങാൻ സാധിക്കുക. ഇന്ത്യക്കാരടക്കമുള്ള മറ്റു രാജ്യക്കാർക്ക് 100വർഷത്തെ ലീസ്ഹോൾഡ് അടിസ്ഥാനത്തിൽ റിലൽ എസ്റ്റേറ്റ് വസ്തുവകകൾ സ്വന്തമാക്കാനും ഇത് അനുവാദം നൽകി.
ഫ്രീഹോൾഡ്/ലീസ്ഹോൾഡ് ഉടമാവകാശങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാമാണ്? ഏത് തരത്തിലെ പ്രോപ്പർട്ടിയാണ് കൂടുതൽ സുരക്ഷിതം?
നിയമപരമായ കാഴ്ചപ്പാടിൽ ഫ്രീഹോൾഡും ലീസ്ഹോൾഡും തമ്മിലെ വ്യത്യാസം വളരെ ലളിതമാണ്. ലീസ്ഹോൾഡിൽ വാങ്ങുന്നയാൾക്ക് 100വർഷത്തേക്ക് അപാർട്മെന്‍റ്, വില്ല, കെട്ടിടം എന്നിവയുടെ ഉടമാവകാശം ഉണ്ടാകും. എന്നാൽ ഇത് നിർമിച്ച സ്ഥലത്തിന്‍റെ ഉടമാവകാശം ഉണ്ടാകില്ല. ഇത് ഭൂവുടമയുടെ കൈവശം തന്നെയായിരിക്കും. ഞങ്ങളുടെ പ്രോപ്പർട്ടിയുടെ കാര്യത്തിലാണെങ്കിൽ 'അരാദ'യായിരിക്കും ഭൂവുടമ. ഫ്രീഹോൾഡിൽ വാങ്ങുന്നയാൾക്ക് സ്ഥലവും വില്ലയും സ്വന്തം ഉടമസ്ഥതയിൽ ലഭിക്കും. അപാർട്മെന്‍റാണെങ്കിൽ ഭൂമിയുടെ വേർതിരിക്കാത്ത ഓഹരി ഉടമാവകാശം ലഭിക്കും. 'അരാദ' ചെയ്യുന്നതുപോലെ, 100 വർഷത്തെ കാലയളവിന്‍റെ അവസാനത്തിൽ ലീസ്ഹോൾഡ് പുതുക്കുന്നതിന് വസ്തുവിന്‍റെ ഭൂവുടമ പ്രതിജ്ഞാബദ്ധമാണെങ്കിൽ പ്രായോഗികമായി രണ്ട് ഘടനകൾ തമ്മിൽ ചെറിയ വ്യത്യാസമേയുണ്ടാകൂ എന്നതാണ് യഥാർഥ്യം.
ഷാർജയിൽ റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി വാങ്ങുന്നതിനും സ്വന്തമാക്കുന്നതിനും എന്തെങ്കിലും നിയന്ത്രണങ്ങളോ മുൻവ്യവസ്ഥകളോ ഉണ്ടോ?
നിലവിലെ നിയമം എല്ലാ രാജ്യക്കാർക്കും ഷാർജയിൽ റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങാൻ അനുവാദം നൽകുന്നുണ്ട്. എന്നാൽ ദുബൈ പോലുള്ള അയൽ വിപണികളിലേതിന് സമാനമായി നിർദ്ദിഷ്ട പ്രദേശങ്ങളിൽ മാത്രമേ വാങ്ങാൻ അനുവാദമുള്ളൂ. വ്യക്തമായി പറഞ്ഞാൽ, ന്യൂ ഷാർജ എന്ന് വിളിക്കുന്ന 'അരാദ'യുടെ കമ്മ്യൂണിറ്റികളിൽ സ്ഥിതിചെയ്യുന്ന പ്രോപ്പർട്ടികൾ ഏതെങ്കിലും രാജ്യക്കാർക്ക് വാങ്ങുന്നതിന് ഒരു നിയന്ത്രണവുമില്ല. ദുബൈയുമായും യു.എ.ഇയിലെ മറ്റ് ഭാഗങ്ങളുമായും മികച്ച കണക്റ്റിവിറ്റി, കുറഞ്ഞ തിരക്ക്, കൂടുതൽ സ്ഥലസൗകര്യം എന്നിവ ഉറപ്പാക്കുന്നതിന് സർക്കാർ ധാരാളമായി അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന മേഖലകളാണിത്. 'അരാദ'യുടെ സമ്പൂർണ്ണ സംയോജിതവും ആധുനികവുമായ കമ്മ്യൂണിറ്റികളിലെല്ലാം മികച്ച രൂപകൽപ്പനയും ലോകോത്തര സൗകര്യങ്ങളുമുള്ള വിശാലമായ വീടുകളാണ് താങ്ങാവുന്ന വിലയിൽ ലഭ്യമായിട്ടുള്ളത്.
ഷാർജയിൽ വിദേശ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന് അനുവദിച്ചിരിക്കുന്ന പ്രോപ്പർട്ടി ലീസ് പരമാവധി 100 വർഷത്തേക്കാണ്. ഷാർജയിലെ ലീസ്ഹോൾഡ് വസ്തുക്കൾ വിൽക്കാൻ കഴിയുമോ? 100 വർഷത്തെ പാട്ടക്കാലത്തിന് ശേഷം എന്ത് സംഭവിക്കും?
വിദേശ പൗരന്മാരുടെ ഉടമസ്ഥതയിലുള്ള ലീസ്ഹോൾഡ് വസ്തുക്കൾ വിൽക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. അത് ഫ്രീ ഹോൾഡ് പ്രോപ്പർട്ടി പോലെ തന്നെ വിറ്റഴിക്കാവുന്നതാണ്. 'അരാദ' പ്രോപ്പർട്ടികൾ വാങ്ങുന്നവരുടെ 100 വർഷത്തെ പാട്ടത്തുക ശാശ്വതമായി പുതുക്കും. കാരണം, ഭൂവുടമയെന്ന നിലയിൽ ഈ പാട്ടക്കാലാവധി എന്നെന്നേക്കുമായി പുതുക്കാൻ 'അരാദ' പ്രതിജ്ഞാബദ്ധമാണ്. ഇതിലൂടെ ലീസ്ഹോൾഡിൽ വസ്തു സ്വന്തമാക്കിയ ആളോ സ്വത്ത് നൽകാൻ അയാൾ തിരഞ്ഞെടുക്കുന്നവരോ എപ്പോഴും അതിന്‍റെ ഉടമകളായിരിക്കും.
ലീസ്ഹോൾഡ് പ്രോപ്പർട്ടി വിൽക്കുമ്പോൾ 100 വർഷത്തെ പാട്ടം പുതുക്കപ്പെടുമോ?
അതെ, പുതുക്കപ്പെടും. ലീസ്ഹോൾഡിൽ വാങ്ങിയ ഒരു വസ്തു അറബ് പൗരനല്ലാത്ത ഒരാൾക്ക് വിൽക്കുമ്പോൾ കാലയളവ് യഥാർത്ഥ വർഷങ്ങളുടെ എണ്ണമാകും. ഉദാഹരണത്തിന്, നിങ്ങൾ അഞ്ച് വർഷം മുമ്പ് 100 വർഷത്തെ ലീസ്ഹോൾഡിൽ ഒരു പ്രോപ്പർട്ടി വാങ്ങുകയും അത് ഇന്ന് അറബ് പൗരന്മാരല്ലാത്ത ഒരാൾക്ക് വിൽക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, പുതിയ ഉടമക്ക് 95 വർഷത്തെ പാട്ടത്തിനല്ല, 100 വർഷത്തെ പാട്ടത്തിനാണ് ലഭിക്കുക. ഒരു അറബ് പൗരത്വമില്ലാത്ത ഉടമ, അറബ് പൗരത്വമുള്ള ഒരാൾക്ക് വിൽക്കാൻ തീരുമാനിക്കുകയാണെങ്കിൽ, ഉടമസ്ഥാവകാശം സ്വയമേവ ലീസ്ഹോൾഡിൽ നിന്ന് ഫ്രീഹോൾഡിലേക്ക് മാറുകയും ചെയ്യും.
വസ്തു സ്വന്തമാക്കുമ്പോൾ വാങ്ങുന്നയാൾക്ക് താമസ വിസ ഉണ്ടായിരിക്കണമെന്ന് നിയമം പറയുന്നുണ്ട്. വസ്തു വാങ്ങിയശേഷം താമസ വിസ കാലഹരണപ്പെട്ടാൽ എന്ത് സംഭവിക്കും?
ഷാർജയിൽ വസ്തു വാങ്ങുമ്പോൾ താമസ വിസയുണ്ടായിരിക്കണമെന്നത് പലർക്കുമുള്ള ഒരു തെറ്റിദ്ധരണയാണ്. 2018ൽ സർക്കാർ ഈ നിയമം ഭേദഗതി വരുത്തിയിട്ടുണ്ട്. ഏത് രാജ്യക്കാർക്കും യു.എ.ഇ താമസ വിസയില്ലാതെ തന്നെ ഷാർജയിൽ വസ്തു സ്വന്തമാക്കാൻ നിലവിൽ കഴിയും. സാധ്യമാകുന്നിടത്തോളം നിക്ഷേപക സൗഹൃദ നയങ്ങൾ പിന്തുടരാനുള്ള പ്രാദേശിക അധികാരികളുടെ ദൃഢനിശ്ചയത്തിന്‍റെ മറ്റൊരു ഉദാഹരണമാണ് ഈ നിയമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.