അലനല്ലൂര്‍ (പാലക്കാട്): പി.എസ്.സി പരീക്ഷ എഴുതുന്നവർക്ക് വലിയ പ്രചോദനമായി പത്തംഗങ്ങൾ സർക്കാർ സർവിസിലുള്ള കുടുംബം. എടത്തനാട്ടുകര വട്ടമണ്ണപ്പുരം എം.ഇ.എസ് ആശുപത്രിപ്പടിയിലെ മുന്‍ മരം ലോഡിങ് തൊഴിലാളിയായ പോത്തുകാടന് സൈതാലി-ആമിന ദമ്പതികളുടെ അഞ്ച് മക്കളും മരുമക്കളുമാണ് ഈ പത്തുപേർ. നാലാമത്തെ മകന്റെ ഭാര്യ സി.എം. ബാസിമ കഴിഞ്ഞ ദിവസം അധ്യാപികയായി സർവിസിൽ കയറിയതോടെയാണ് കുടുംബത്തിലെ സർക്കാർ ജോലിക്കാരുടെ എണ്ണം പത്ത് തികഞ്ഞത്.
ആദ്യമായാണ് എടത്തനാട്ടുകരയിലെ ഒരു വീട്ടില്‍നിന്ന് ഇത്രയും പേര് പി.എസ്.സി വഴി സര്‍ക്കാര്‍ സര്‍വിസില്‍ പ്രവേശിക്കുന്നത്. ദമ്പതികളുടെ മൂത്ത മകന് മുഹമ്മദാലി 30 വര്‍ഷം മുന്‍പ് വില്പന നികുതി വകുപ്പില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. ഇപ്പോള്‍ ജി.എസ്.ടി വകുപ്പില്‍ ഡെപ്യൂട്ടി കമീഷണറായി മലപ്പുറത്ത് ജോലി ചെയ്യുന്നു. ഭാര്യ എ. സീനത്ത് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്കൂള്‍ അധ്യാപികയാണ്.
രണ്ടാമത്തെ മകന് അബ്ദുറഹിമാന് മണ്ണാര്‍ക്കാട് താലൂക്ക് ഓഫിസിൽ ഡെപ്യൂട്ടി തഹസില്‍ദാരായും ഭാര്യ ടി. ഷഫ്ന അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ സീനിയര്‍ ക്ലര്‍ക്കായും ജോലി ചെയ്യുന്നു. മൂന്നാമത്തെ മകന് അബ്ദുസ്സലാം എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്കൂളില്‍ അധ്യാപകനാണ്. ഭാര്യ ടി. ഷംന അലനല്ലൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ വി.എച്ച്.എസ്.സി വിഭാഗത്തില്‍ ലബോറട്ടറി ടെക്നിക്കല്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നു.
നാലാമത്തെ മകന് ഷംസുദ്ദീന് പാലക്കാട് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ സീനിയര്‍ ക്ലര്‍ക്കാണ്. ഭാര്യ സി.എം. ബാസിമക്കാണ് ഇപ്പോള്‍ ഭീമനാട് ഗവ. യു.പി സ്കൂളില്‍ അധ്യാപികയായി ജോലി ലഭിച്ചത്. അഞ്ചാമത്തെ മകന് ഷാജഹാന് പെരിന്തല്‍മണ്ണ കെ.എസ്.ആര്.ടി.സി ജീവനക്കാരനാണ്. ഭാര്യ ഇ. ഷബ്ന മലപ്പുറം ജില്ലയിലെ മാമ്പുഴ ജി.എല്‍.പി. സ്കൂള്‍ അധ്യാപികയാണ്.
നാലുപേര്‍ ബിരുദാനന്തര ബിരുദധാരികളും ആറുപേർ ബിരുദധാരികളുമാണ്. മുഹമ്മദാലിക്ക് സംസ്ഥാനത്തെ മികച്ച ഇന്‍സ്പെക്ടര്‍ അവാര്‍ഡും അബ്ദുറഹിമാന് 2016ല്‍ സംസ്ഥാനത്തെ മികച്ച വില്ലേജ് ഓഫിസര്‍ക്കുള്ള ബഹുമതിയും 2003ല്‍ പാലക്കാട് ജില്ല കലക്ടറില്‍നിന്ന് മികച്ച സേവനത്തിന് ഗുഡ് സര്‍വിസ് എന്‍ട്രിയും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.