പാട്ന: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ട വിദ്യാർഥി നേതാവ് ഷർജീൽ ഇമാമിന്‍റെ സഹോദരി ഫറാ നിഷാത് ബിഹാറിൽ ജഡ്ജിയാകും. ബിഹാർ ജുഡീഷ്യൽ സർവിസ് പരീക്ഷയിൽ വിജയിച്ചാണ് ഫറാ നിഷാത് ജഡ്ജിയാകാനൊരുങ്ങുന്നത്. പരീക്ഷയിൽ 139ാം റാങ്കാണ് ഇവർക്ക് ലഭിച്ചത്.
ഷർജീൽ ഇമാമിന്‍റെ മറ്റൊരു സഹോദരനും ജെ.ഡി(യു) നേതാവുമായ മുസമ്മിൽ ഇമാമാണ് സഹോദരിയുടെ നേട്ടം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. 'ഇതാണ് ജീവിതത്തിന്‍റെ തത്വശാസ്ത്രം. ഒരു വശത്ത് അടിച്ചമർത്തലിനെതിരെ പോരാടിയതിന് സഹോദരൻ ജയിലിൽ കിടക്കുന്നു. മറുവശത്ത് സഹോദരി അടിച്ചമർത്തലുകൾക്കെതിരെ നീതിയുടെ ശബ്ദമാകാൻ ന്യായാധിപന്‍റെ കസേരയിലിരിക്കുന്നു. സഹോദരി ഫറാ നിഷാത് 32ാമത് ബിഹാർ ജുഡീഷ്യൽ സർവിസ് പരീക്ഷ പാസ്സായി ജഡ്ജിയാകാൻ പോകുകയാണ്. അവളുടെ തീരുമാനങ്ങളിൽ ഒരു നിരപരാധിയും അടിച്ചമർത്തപ്പെടാതിരിക്കട്ടെ. അല്ലാഹു നിനക്ക് ധൈര്യവും ശക്തിയും നൽകട്ടെ' -മുസമ്മിൽ ഇമാം പോസ്റ്റിൽ പറഞ്ഞു.
റായ്പൂരിലെ ഹിദായത്തുള്ള നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഫറാ നിഷാത് എൽ.എൽ.ബി ബിരുദം നേടിയത്. നിയമബിരുദം പൂർത്തിയാക്കിയ ശേഷം 2018 മുതൽ 2021 വരെ സുപ്രീം കോടതിയിൽ ലോ ക്ലർക്ക് കം റിസർച്ച് അസിസ്റ്റന്‍റായി ജോലി ചെയ്തു. ഈ സമയത്താണ് ബിഹാർ ജുഡീഷ്യൽ സർവിസ് പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ നടത്തിയത്. ഏതൊരു സമൂഹത്തിലും കോടതിയുടെയും നീതിയുടെയും പങ്ക് ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ഫറ പറയുന്നു. കോടതികളുടെ സത്യസന്ധത കാത്തുസൂക്ഷിക്കേണ്ടത് ന്യായാധിപന്‍റെ ഉത്തരവാദിത്തമാണെന്നും ഫറ ചൂണ്ടിക്കാട്ടി.
ഡൽഹി കലാപത്തിന്‍റെ ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ട ഫറയുടെ സഹോദരൻ ഷർജീൽ ഇമാം ഇപ്പോഴും ജയിലില് കഴിയുകയാണ്. നിരവധി തവണ ജാമ്യഹരജി ഫയൽ ചെയ്തിട്ടും പരിഗണിക്കാൻ ഡൽഹി ഹൈകോടതി തയാറായിട്ടില്ല. തുടർന്ന് സുപ്രീംകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തിരുന്നു. ജാമ്യഹരജി പരിഗണിക്കുന്നത് വേഗത്തിലാക്കാൻ സുപ്രീംകോടതി ഡൽഹി ഹൈകോടതിക്ക് നിർദേശം നൽകിയിരിക്കുകയാണ്.
ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ ബ്രാഞ്ച് 2020ലെ കലാപവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് ഷർജീൽ ഇമാമിനെതിരെ ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട്, യു.എ.പി.എ ചുമത്തുകയായിരുന്നു. 2020 ജനുവരി 28ന് അറസ്റ്റിലായ ഷർജീൽ ഇമാം അന്നുമുതൽ ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.