ഉന്നത പരീക്ഷകളിൽ വിജയം നേടിയവരുടെ കഥകളിൽ ഇനി പറയുന്നത് അപാല മിശ്രയെ കുറിച്ചാണ്. മെഡിക്കൽ പ്രഫഷൻ ഉപേക്ഷിച്ച്, യു.പി.എസ്.സി പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയിട്ടും ഐ.എ.എസ് വേണ്ടെന്ന് വെച്ച് ഇന്ത്യൻ ഫോറിൻ സർവീസ് തെരഞ്ഞെടുത്ത ഗാസിയാബാദ് സ്വദേശിയെ കുറിച്ച്.
1997ൽ ഉത്തർപ്രദേശിലെ ഗാസിയാബാദിലെ പട്ടാള കുടുംബത്തിലാണ് അപാല ജനിച്ചത്. റിട്ട. കേണലായിരുന്നു അപാലയുടെ പിതാവ് അമിതാഭ് മിശ്ര. സഹോദരൻ അഭിഷേക് സൈന്യത്തിൽ മേജറും. സൈന്യത്തിലെ കടുത്ത ചിട്ടകളും നിയന്ത്രണങ്ങളും കുടുംബത്തിലുമുണ്ടായിരുന്നു. അപാലയുടെ അമ്മ ഡോ. അൽപന മിശ്ര ഡൽഹി യൂനിവേഴ്സിറ്റിയിൽ പ്രഫസറായിരുന്നു. കുട്ടിക്കാലം തൊട്ടേ സമർപ്പണത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും മൂല്യങ്ങൾ അറിഞ്ഞാണ് അപാല വളർന്നത്.
പഠിക്കാൻ സമർഥയായിരുന്നു ഈ പെൺകുട്ടി. 10 വരെ ഡെറാഡ്യൂണിലും 12ാം ക്ലാസ് ഡൽഹിയിലുമാണ് അപാല പഠിച്ചത്.സൈനിക മെഡിക്കൽ കോളജിൽ നിന്ന് ബി.ഡി.എസ് കരസ്ഥമാക്കിയപ്പോൾ ഇനി അതായിരിക്കും തന്റെ കരിയർ എന്ന് അപാല ഉറപ്പിച്ചു. എന്നാൽ പ്രാക്ടീസിനിടയിലാണ് കളംമാറ്റിച്ചവിട്ടാൻ അവർ തീരുമാനിക്കുന്നത്. യു.പി.എസ്.സി പരീക്ഷ എഴുതാനായിരുന്നു തീരുമാനം. അതിനായി കഠിന പരിശ്രമം നടത്താൻ തുനിഞ്ഞിറങ്ങി.
ആദ്യ രണ്ടുതവണ യു.പി.എസ്.സി പ്രിലിംസ് പോലും കടന്നുകൂടിയില്ല. പിൻമാറാതെ, പഠന രീതി ഒന്നു പരിഷ്‍കരിക്കാൻ തന്നെ അപാല തീരുമാനിച്ചു. ദിവസവും ഏഴുമുതൽ എട്ടുമണിക്കൂർ വരെ അപാലയുടെ പഠനം നീണ്ടു. അങ്ങനെ 2020 ൽ ഒമ്പതാം റാങ്കോടെ ഈ മിടുക്കി സിവിൽ സർവീസ് പരീക്ഷ വിജയിച്ചു. യു.പി.എസ്.സി പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടുന്നവരിൽ ഭൂരിഭാഗവും തെരഞ്ഞെടുക്കുക ഐ.എ.എസ് ആണ്. എന്നാൽ അവിടെയും അപാല വേറിട്ടു നിന്നു. ഐ.എ.എസിനു പകരം, ഐ.എഫ്.എസ് ആയിരുന്നു അവർക്ക് ഇഷ്ടം. അന്താരാഷ്ട്ര ബന്ധങ്ങളും ഇന്ത്യയെ അന്താരാഷ്ട്ര തലങ്ങളിൽ പ്രതിനിധീകരിക്കുന്നതുമായിരുന്നു അവരെ ആകർഷിച്ചത്.
യു.പി.എസ്.സി അഭിമുഖത്തിൽ 275ൽ 215 മാർക്കാണ് അപാല സ്വന്തമാക്കിയത്. യു.പി.എസ്.സി അഭിമുഖത്തിൽ ഒരു ഉദ്യോഗാർഥി നേടുന്ന റെക്കോർഡ് മാർക്കാണിത്. പല വിഷയങ്ങളിലെ അഗാധമായ ജ്ഞാനവും നല്ല ആശയവിനിമയ ശേഷിയുമാണ് അഭിമുഖത്തിൽ അപാലക്ക് തുണയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.