കുതിര സവാരി പരിശീലിച്ചു, റിവോൾവർ ഉപയോഗിക്കാൻ പഠിച്ചു; പുരുഷൻമാരുടെ കുത്തക തകർത്ത് ഇന്ത്യയിലെ ആദ്യ വനിത ഐ.എ.എസുകാരിയായ അന്ന രാജം മൽഹോത്രയെന്ന മലയാളി

ആരാണ് ഇന്ത്യയിലെ ആദ്യ വനിത ഐ.എ.എസ് ഉദ്യോഗസ്ഥ. പലർക്കും പെട്ടെന്ന് പേര് ഓർമ വരണമെന്നില്ല. അവരുടെ വേരുകൾ കേരളത്തിലാണ്. മറ്റാരുമല്ല, പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശിയായ അന്ന രാജം മൽഹോത്രയാണത്.

സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുള്ള ആദ്യ വര്‍ഷങ്ങളില്‍, സ്ത്രീകള്‍ സിവില്‍ സര്‍വീസില്‍ വരാന്‍ മടിക്കുന്ന കാലത്താണ് അന്ന ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന്റെ ഭാഗമായത്. 1927 ജൂലായ് 11ന് നിരണത്ത് ഒ എ ജോര്‍ജിന്റെയും അന്ന പോളിന്റെയും മകളായാണ് അന്ന  ജനിച്ചത്.

എഴുത്തുകാരൻ പൈലോ പോളിന്റെ പേരക്കുട്ടിയായിരുന്നു. കോഴിക്കോടാണ് ബാല്യകാലം. പ്രോവിഡൻസ് വനിത കോളജിൽ നിന്ന് പ്രീഡിഗ്രിയും മലബാർ ക്രിസ്ത്യൻ കോളജിലുൽ നിന്ന് ബിരുദ വിദ്യാഭ്യാസവും പൂർത്തിയാക്കി. അതിനു ശേഷം മദ്രാസ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും.

1950ലാണ് അന്ന സിവിൽ സർവീസ് പരീക്ഷ എഴുതിയത്. അക്കാലത്ത് സിവില്‍ സര്‍വീസില്‍ വരുന്ന സ്ത്രീകളെ ഐ.എ.എസില്‍ നിന്ന് പരമാവധി പിന്തിരിപ്പിച്ച് ഐ.എഫ്.എസിലേക്കോ മറ്റ് സര്‍വീസുകളിലേയ്‌ക്കോ മാറ്റുകയായിരുന്നു പതിവ്. അതാണ് സ്ത്രീകള്‍ക്ക് യോജിക്കുന്നത് എന്നാണ് പറഞ്ഞ് നടന്നിരുന്നത്.

പരീക്ഷ വിജയിച്ചയിച്ചപ്പോൾ ഐ.എ.എസ് തിര​ഞ്ഞെടുക്കേണ്ട, അത് സ്‍ത്രീകൾക്ക് പറ്റിയതല്ലെന്നായിരുന്നു അന്നത്തെ യു.പി.എസ്.സി ചെയർമാൻ ആയിരുന്ന ആർ.എൻ. ബാനർജിയും ബോർഡിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരും അന്നയോട് പറഞ്ഞത്. എന്നാൽ അന്ന തനിക്ക് ഐ.എ.എസ് മതിയെന്ന് ഉറപ്പിച്ചു. മദ്രാസ് കേഡറാണ് തെരഞ്ഞെടുത്തത്. നിയമന ഉത്തരവ് വന്നതിന് പിന്നാലെ, വിവാഹം കഴിഞ്ഞാൽ സർവീസിൽ നിന്ന് പിരിച്ചുവിടും എന്നുൾപ്പെടെയുള്ള ഭീഷണികളുണ്ടായി. രണ്ടുമൂന്നു വർഷം ഈ ഭീഷണികൾ തുടർന്നു.

സി. രാജഗോപാലാചാരിയുടെ കീഴിലായിരുന്നു അന്നയുടെ ആദ്യ പോസ്റ്റിങ്. സബ് കലക്ടർ ആയായിരുന്നു ആദ്യ നിയമനം.

സ്ത്രീകള്‍ സിവില്‍ സര്‍വീസില്‍ വരുന്നതില്‍ രാജഗോപാലാചാരിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. അന്നക്ക് ക്രമസമാധാനവുമായി ബന്ധപ്പെട്ടതുള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനാവില്ല എന്നായിരുന്നു രാജഗോപാലാചാരിയുടെ മുന്‍വിധി. അതുകൊണ്ട് സബ് കലക്ടറായി നിയമിക്കുതിന് പകരം സെക്രട്ടറിയേറ്റില്‍ നിയമിക്കാമെന്നു പറഞ്ഞു. എന്നാൽ പുരുഷൻമാർ ചെയ്യുന്ന ഏതു ജോലിയും സിവിൽ സർവീസിന്റെ ഭാഗമായി താൻ ചെയ്യാമെന്ന് അന്ന ഉറപ്പിച്ചു പറഞ്ഞു. അതിന്റെ ഭാഗമായി അവർ കുതിര സവാരി പരിശീലിച്ചു. റൈഫിളും റിവോൾവറും അടക്കമുള്ള തോക്കുകൾ ഉപയോഗിക്കാൻ പഠിച്ചു. ആ നിശ്ചയ ദാർഢ്യത്തിനു മുന്നിലെ തോറ്റുപോയ രാജഗോപാലാചാരി ഹൊസൂരിൽ അന്നയെ സബ് കലക്ടറായി നിയമിക്കാൻ തയാറായി. പ്രതിസന്ധികൾ പിന്നെയും വന്നുകൊണ്ടിരുന്നു.

അധികാരമുള്ളവരും അല്ലാത്തവരുമായ പുരുഷന്മാരുടെ സ്ത്രീകളെ സംബന്ധിച്ചുള്ള മുന്‍വിധികളും മനോഭാവവും പ്രശ്‌നമായി തുടര്‍ന്നു. എന്നാല്‍ പിന്നീട് തിരുച്ചിറപ്പള്ളിയില്‍ നടന്ന പൊതുപരിപാടിയില്‍ മുഖ്യമന്ത്രി രാജഗോപാലാചാരി അന്നയെ പ്രശംസിച്ചു. സ്ത്രീകള്‍ക്ക് മാതൃകയായി അന്നയെ ഉയര്‍ത്തിക്കാട്ടി. അന്നയുടെ പാത പിന്തുടർന്ന് കൂടുതൽ സ്ത്രീകൾ സിവിൽ സർവീസി​ലേക്ക് വന്നു. ഏഴു മുഖ്യമന്ത്രിമാർക്ക് കീഴിൽ അന്ന ജോലി ചെയ്തു.

മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞു. ന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ മല്‍ഹോത്ര ധനകാര്യ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാരില്‍ സെക്രട്ടറി പദവി വഹിക്കുന്ന ആദ്യ വനിതയും അന്നയാണ്. സിവില്‍ സര്‍വീസ് ബാച്ച്‌മേറ്റായിരുന്ന ആര്‍.എന്‍ മല്‍ഹോത്രയാണ് ഭർത്താവ്. 1985ല്‍ ആര്‍.എന്‍. മല്‍ഹോത്ര റിസര്‍വ് ബാങ്ക് ഗവര്‍ണറായി. ഐ.എം.എഫിലെ ഇന്ത്യന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1990ല്‍ അന്നയെ പദ്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചു.

Tags:    
News Summary - Meet India’s first female IAS officer who inspired generations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.