കലയുടെ നൂപുരങ്ങളണിഞ്ഞ് സാംസ്കാരിക കേരളത്തിെൻറ മുറ്റത്ത് തിളങ്ങിനിൽക്കുകയാണ് കേരള കലാമണ്ഡലം കൽപിത സർവകലാശാല. കേരളത്തിെൻറ സാംസ്കാരികചുറ്റുവട്ടത്തിൽ ചെറുതുരുത്തി കേരള കലാമണ്ഡലത്തിെൻറ സാന്നിധ്യം ചെറുതല്ല. 1930ൽ വള്ളത്തോൾ നാരായണമേനോൻ ആരംഭിച്ച ഈ വിദ്യാലയം കലാകേരളത്തിന് സമ്മാനിച്ച പ്രതിഭകളും നിരവധി. കോഴിക്കോട്ടുകാരിയായ സൈല അത്തരത്തിൽ ഒരു കലാമണ്ഡലം േപ്രാഡക്റ്റാണ്. കലാമണ്ഡലത്തിൽനിന്ന് നൃത്തകലയുടെ അടിത്തറ കുറിച്ചശേഷം സ്വന്തമായി നൃത്തവിദ്യാലയം നടത്തുകയാണ് സൈലയിപ്പോൾ. കോഴിക്കോട് ജില്ലയിലെ എരഞ്ഞിപ്പാലത്താണ് ‘നടനം’ എന്ന നൃത്ത,സംഗീത വിദ്യാലയം. 2011ലാണ് നടനം നൃത്ത,സംഗീത വിദ്യാലയം ആരംഭിക്കുന്നത്. കലാമണ്ഡലത്തിൽനിന്ന് പ്ലസ് ടു പൂർത്തിയാക്കിയശേഷം ഇന്ദിര കലാസംഗീത യൂനിവേഴ്സിറ്റിക്ക് കീഴിലെ കണ്ണൂർ ലാസ്യ കോളജിൽനിന്ന് ഭരതനാട്യത്തിൽ ബിരുദമെടുത്തു. ട്രിച്ചി കലൈ കാവിരി കോളജ് ഓഫ് ഫൈൻ ആർട്സിൽനിന്ന് ഭരതനാട്യത്തിൽ പി.ജിയും പൂർത്തിയാക്കി. ഭർത്താവ് സലീഷ് മാധ്യമപ്രവർത്തകനാണ്.
കേരള കലാമണ്ഡലത്തിലെ കോഴ്സുകളെക്കുറിച്ചും പ്രവേശനത്തെക്കുറിച്ചും കലാമണ്ഡലം സൈല സംസാരിക്കുന്നു:
എല്ലാ വർഷവും ഏപ്രിൽ, മേയ് മാസങ്ങളിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നു. കലാമണ്ഡലത്തിൽ പ്രവേശനം നൽകുന്നത് എട്ടാം ക്ലാസിലേക്കാണ്. 13 വയസ്സാണ് ഉയർന്ന പ്രായപരിധി. പാരമ്പര്യകലകൾ അനുഷ്ഠിച്ചുപോരുന്ന കുടുംബങ്ങളിൽനിന്നുള്ള കുട്ടികൾക്ക് മുൻഗണനയുണ്ട്. ആർട്സ് ഹൈസ്കൂൾ ലിവിങ് സർട്ടിഫിക്കറ്റ് കോഴ്സിനാണ് (എ.എച്ച്.എസ്.എൽ.സി) പ്രവേശനം ലഭിക്കുന്നത്. 1990 മുതലാണ് കലാമണ്ഡലം വിദ്യാർഥികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്. കലകളോടൊപ്പം സാധാരണ സ്കൂളുകളിലെ പാഠ്യവിഷയങ്ങളും ഇവിടെ വിദ്യാർഥികൾ പഠിക്കും. ഒരു കലാരൂപം വിദ്യാർഥികൾ പഠനത്തിനായി തെരഞ്ഞെടുക്കണം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലസ് ടുവിനും തുടർന്നുള്ള കോഴ്സുകളിലും പ്രവേശനം നേടാം. പ്രവേശനപരീക്ഷയുടെയും അഭിമുഖത്തിെൻറയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മേയ് അവസാനമായിരിക്കും എഴുത്തുപരീക്ഷ. മുമ്പ് അഭിമുഖം മാത്രമായിരുന്നു. ഡിപ്ലോമ കോഴ്സുകളും ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ പ്രധാനമായും പ്രവേശനം എട്ടാം ക്ലാസിലേക്കാണ്. കഥകളി വേഷം (വടക്കൻ കളരി), കഥകളി വേഷം (തെക്കൻ കളരി), കഥകളി സംഗീതം, ചെണ്ട, മദ്ദളം, ചുട്ടിയും വേഷവും, മോഹിനിയാട്ടം (പെൺ), കൂടിയാട്ടം (ആൺ), കൂടിയാട്ടം (പെൺ), മിഴാവ്, തുള്ളൽ, മൃദംഗം, തിമില, കർണാടക സംഗീതം എന്നീ വിഭാഗങ്ങളിലാണ് എട്ടാം ക്ലാസിൽ പ്രവേശനം നൽകുന്നത്. ആർട്സ് ഹൈസ്കൂൾ എന്ന പേരിൽ മൂന്നുവർഷ കോഴ്സ് ആണ്. മേൽപറഞ്ഞ കോഴ്സുകൾ തന്നെയാണ് പ്ലസ് ടു തലത്തിലും ഉള്ളത്. അതിന് എ.എച്ച്.എസ്.എൽ.സിക്ക് 60 ശതമാനത്തിൽ കുറയാത്ത മാർക്ക് വേണം. പ്ലസ് ടുവിന് 60 ശതമാനം മാർക്ക് നേടുന്നവർക്ക് ഇതേ വിഷയങ്ങളിൽതന്നെ ബിരുദ കോഴ്സുകളുമുണ്ട്. മോഹിനിയാട്ടം വിദ്യാർഥികൾക്ക് ഭരതനാട്യമോ കുച്ചുപ്പുടിയോ ഉപവിഷയമായി തെരഞ്ഞെടുക്കാം. ഇതുകൂടാതെ സംഗീതവും ഒരു ഉപവിഷയമായി പഠിക്കണം.
പ്ലസ് വണിലേക്കും വളരെക്കുറച്ച് വിദ്യാർഥികൾക്ക് പ്രവേശനം ലഭിക്കും. എന്നാൽ, അതിന് എട്ടാം ക്ലാസ് മുതൽ പത്താംതരം വരെയുള്ള കലാമണ്ഡലം സിലബസ് പ്രത്യേകമായി പഠിച്ചെടുക്കണം. ബിരുദതലത്തിലും ഇതേരീതിയിൽ പ്രവേശനം ലഭിക്കും. എം.എ കഥകളി, എം.എ മോഹിനിയാട്ടം, എം.എ മൃദംഗം, എം.എ ചെണ്ട, എം.എ കർണാട്ടിക് മ്യൂസിക് എന്നിവയാണ് ബിരുദാനന്തരബിരുദ കോഴ്സുകൾ. എം.ഫിൽ (ഒരു വർഷം), പിഎച്ച്.ഡി (മൂന്നു വർഷം) കോഴ്സുകളും കലാമണ്ഡലത്തിലുണ്ട്. കൾചറൽ സ്റ്റഡീസ്, പെർഫോമൻസ് സ്റ്റഡീസ്, മാസ് കമ്യൂണിക്കേഷൻ, വിമൻസ് സ്റ്റഡീസ്, ഡോക്യുമെൻററി ഫിലിം െപ്രാഡക്ഷൻസ് എന്നിവയിലും ഗവേഷണം നടത്താനാകും. ഫാക്കൽറ്റി ഓഫ് പെർഫോമിങ് ആർട്സ്, ഫാക്കൽറ്റി ഓഫ് കൾചറൽ സ്റ്റഡീസ് എന്നിവക്ക് കീഴിലാണ് എം.ഫിൽ, പിഎച്ച്.ഡി കോഴ്സുകൾ. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് എം.ഫിലിനും പിഎച്ച്.ഡിക്കും അപേക്ഷ ക്ഷണിക്കുക.
വിദ്യാർഥികൾക്ക് കലാമണ്ഡലത്തിൽതന്നെ താമസിച്ച് പഠിക്കാനാകും. കേരളത്തിനകത്തും പുറത്തുമുള്ളവർക്കായി നടനകലകളിൽ പ്രത്യേക പരിശീലനമുണ്ട്. അപേക്ഷകർക്ക് സംഗീതത്തിലോ നൃത്തത്തിലോ താൽപര്യം വേണമെന്നുമാത്രം. വിദേശ വിദ്യാർഥികളുൾപ്പെടെ കലാമണ്ഡലത്തിൽ പഠിക്കാനെത്താറുണ്ട്. കലാമണ്ഡലം മികച്ച വിദ്യാർഥികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുമായി എൻഡോവ്മെൻറുകളും ഫെലോഷിപ്പുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കോഴ്സുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www. kalamandalam.orgൽ ലഭിക്കും.
കലയെ ജീവിതമായിതന്നെ കാണാനാഗ്രഹിക്കുന്നവർക്ക് അതിൽതന്നെ ഉപരിപഠനം നടത്താനുള്ള സാധ്യതകളാണ് കലാമണ്ഡലം തുറന്നുതരുന്നത്. അടിസ്ഥാനപഠനത്തിൽ തുടങ്ങി ഗവേഷണത്തിനുവരെ ഇവിടെ സാധ്യതകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.