അഞ്ചുവർഷം മുമ്പ് ഐ.പി.എസ് പട്ടികയിൽ ഒന്നാമതായി തിളങ്ങിയ ചൈത്ര തെരേസ ജോണിെൻറ വീട്ടിലേക്ക് മറ്റൊരു സിവിൽ സർവിസ് കൂടി. ചൈത്രയുടെ അനിയൻ ഡോ. ജോർജ് അലൻ ജോണാണ് യു.പി.എസ്.സി സിവിൽ സർവിസ് പരീക്ഷയിൽ 156ാം റാങ്ക് നേടി ചൈത്രയുടെ പാത പിന്തുടർന്നത്.
ഇരുവരുടെയും പിതാവ് ഈസ്റ്റ്ഹിൽ താമരക്കാട് ജോൺ ജോസഫും സിവിൽ സർവിസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. 1983ൽ ഐ.ആർ.എസ് നേടിയ ജോൺ ജോസഫ് കസ്റ്റംസിലും ഡി.ആർ.ഐയിലും കോഴിക്കോട്ട് പ്രവർത്തിച്ചിട്ടുണ്ട്. സ്പെഷൽ സെക്രട്ടറിയായാണ് വിരമിച്ചത്.
സ്വന്തമായി പഠിച്ചാണ് ജോർജ് അലൻ സിവിൽ സർവിസിൽ ആഗ്രഹിച്ച വിജയം സ്വന്തമാക്കിയത്. 2017ൽ എഴുതിയപ്പോൾ 500 ആയിരുന്നു റാങ്ക്. രണ്ടാം ശ്രമത്തിൽ ലക്ഷ്യത്തിലെത്തി. ചേച്ചിയുടെ പാത പിന്തുടർന്ന് ഐ.പി.എസിൽ കേരള കേഡർതന്നെയാണ് ലക്ഷ്യം. എം.ബി.ബി.എസ് സമയത്താണ് സിവിൽ സർവിസിന് ശ്രമിക്കാൻ തീരുമാനിച്ചതെന്ന് ജോർജ് അലൻ പറഞ്ഞു. ഈസ്റ്റ്ഹിൽ കേന്ദ്രീയ വിദ്യാലയത്തിൽ പഠിച്ച ജോർജ് അലൻ ജോൺ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽനിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കി.
തൃശൂർ മെഡിക്കൽ കോളജിൽ പി.ജി പഠനത്തിന് ശേഷം ഡൽഹി രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ഡോക്ടറാണ്. ഫലം വന്നപ്പോഴും ഡ്യൂട്ടിയിലായിരുന്നു ജോർജ്. തീവ്രവാദ വിരുദ്ധ സ്ക്വാഡ് എസ്.പിയാണ് ചൈത്ര. മൃഗസംരക്ഷണ വകുപ്പ് ജോയൻറ് ഡയറക്ടറായി വിരമിച്ച ഡോ. മേരി എബ്രഹാം ആണ് ജോർജിെൻറയും ചൈത്രയുടെയും മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.