കോയമ്പത്തൂർ: നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോൾ തിളക്കമാർന്ന വിജയം നേടിയ ഒരാളാണ് സംഘവി. തമിഴ്നാട്ടിലെ മലസർ പട്ടിക വർഗ വിഭാഗത്തിൽനിന്ന് ആദ്യമായി ഡോക്ടറാകാനൊരുങ്ങുകയാണ് ഈ 19കാരി. നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ 202 മാർക്കാണ് സംഘവി നേടിയത്.
കോയമ്പത്തൂർ മധുകരൈ താലൂക്കിലെ റൊട്ടിഗൗണ്ടൻ പുദൂർ ഗ്രാമത്തിലാണ് സംഘവിയുടെ താമസം. സ്വന്തം ഗ്രാമത്തിൽനിന്ന് ആദ്യമായി പ്ലസ് ടു വിജയിച്ചയാൾ കൂടിയാണ് സംഘവി. രണ്ടാമത്തെ ശ്രമത്തിലാണ് നീറ്റ് പരീക്ഷക്ക് 720ൽ 202 എന്ന മാർക്ക് നേട്ടം സംഘടിക്ക് സ്വന്തമാക്കാനായത്. മലസർ വിഭാഗത്തിൽ 108 ആണ് കട്ട് ഓഫ് മാർക്ക്. 202 മാർക്ക് നേടിയതിനാൽ നല്ല സർക്കാർ മെഡിക്കൽ കോളജിൽ തന്നെ പ്രവേശനം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സംഘവിയും കുടുംബവും.
കഴിഞ്ഞവർഷം അച്ഛൻ മുനിയപ്പനെ നഷ്ടപ്പെട്ട സംഘവിക്ക് പാതി അന്ധയായ അമ്മ വസന്താമണിയായിരുന്നു കൂട്ട്. ലോക്ഡൗണിലെ കഷ്ടതകളോട് പോരാടിയായിരുന്നു നീറ്റ് പരീക്ഷക്കുള്ള തയാറെടുപ്പ്. ആദ്യ ശ്രമത്തിലെ ദയനീയ പരാജയത്തിൽനിന്ന് വിജയം നേടാനായി കഠിനപരിശ്രമം വേണ്ടിവന്നു ഈ മിടുക്കിക്ക്. തന്‍റെ വിജയം ആദിവാസി സമൂഹത്തിന് സമർപ്പിക്കുന്നതായി സംഘവി പറയുന്നു. രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന തന്‍റെ ഗ്രാമവാസികൾക്ക് സഹായം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും സംഘവി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.