കൈയിൽ കിട്ടുന്നതെല്ലാം വായിച്ചു, ദിവസവും ഒമ്പതു മണിക്കൂർ പഠനത്തിനായി മാറ്റിവെച്ചു; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.എ.എസുകാരിയായി സുലോചന മീണ

ലോകത്തിലെ തന്നെ ഏറ്റവും വിഷമം പിടിച്ച മത്സര പരീക്ഷയായ യു.പി.എസ്.സി ആദ്യ ശ്രമത്തിൽ തന്നെ വിജയിക്കുന്നവർ വിരളമാണ്. ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് നേടിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.എ.എസുകാരിയെ ആണിവിടെ പരിചയപ്പെടുത്തുന്നത്. സുലോചന മീണ എന്നാണ് ആ മിടുക്കിയുടെ പേര്. 22ാം വയസിലാണ് ഈ മിടുക്കി സിവിൽ സർവീസ് പരീക്ഷ പാസായത്.

രാജസ്ഥാനിലെ മധോപൂർ ജില്ലയിലാണ് സുലോചന ജനിച്ചത്. ഇവിടെ തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസവും. പഠിക്കാൻ മിടുക്കിയായ സുലോചന ഉപരിപഠനത്തിായി ഡൽഹിയിലേക്ക് പോയി. ഡൽഹി യൂനിവേഴ്സിറ്റിയിൽ നിന്ന് ബോട്ടണി ബിരുദം നേടിയശേഷം സുലോചന യു.പി.എസ്.സി പരീക്ഷക്കായി ശ്രമം തുടങ്ങി. ആദ്യശ്രമത്തിൽ തന്നെ ഐ.എ.എസ് നേടി എന്നുമാത്രമല്ല, രാജ്യത്തെ ​ഏറ്റവും പ്രായം കുറഞ്ഞ ഐ.എ.എസുകാരിയായി ചരിത്രം കുറിക്കുകയും ചെയ്തു ഈ മിടുക്കി.

കുട്ടിക്കാലം മുതലേ കലക്ടറാവുക എന്നത് ഈ പെൺകുട്ടി സ്വപ്നം കണ്ടുനടന്നു. മകൾ ​സിവിൽ സർവീസ് നേടുക എന്നത് സുലോചനയുടെ പിതാവിന്റെ സ്വപ്നമായിരുന്നു. യു.പി.എസ്.സി ക്കായി ദിവസവും എട്ടുമുതൽ ഒമ്പത് മണിക്കൂർവരെ പഠിക്കുമായിരുന്നു. പത്രങ്ങൾ മുടങ്ങാതെ വായിച്ചു. അതോടൊപ്പം മോക്ക് ടെസ്റ്റുകളും പരിശീലിച്ചു. കൈയിൽ കിട്ടുന്ന എല്ലാറ്റിലും ആ പെൺകുട്ടി വിജ്ഞാനം തേടി. യൂട്യൂബിലും ടെലഗ്രാമിലും ലഭ്യമായ വിവരങ്ങളും ശേഖരിച്ചു. കൂടുതൽ ഫോക്കസ് ചെയ്തത് എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളായിരുന്നു.

2021ൽ സിവിൽ സർവീസ് പരീക്ഷയെഴുതിയ സുലോചനക്ക് 415ാം റാങ്ക് ആണ് ലഭിച്ചത്. സംവരണത്തിന്റെ ആനുകൂല്യമുള്ളതിനാൽ ഐ.എ.എസ് ലഭിച്ചു.പട്ടിക വർഗ വിഭാഗക്കാരിയാണ്.

നിലവിൽ ഝാർഖണ്ഡിലാണ് സേവനം. സിവിൽ സർവീസ് പരീക്ഷയെഴുതുന്നതിന് ഒരു വർഷം മുമ്പ് സുലോചന യു.പി.എസ്.സിയുടെ സി.എസ്.ഇ പരീക്ഷ എഴുതിയിരുന്നു. അതിൽ ആറാം റാങ്ക് നേടി.

അടുത്തിടെ സുലോചന വീണ്ടും മാധ്യമങ്ങളിൽ വാർത്തയായി. ആഴ്ചയിൽ രണ്ടുദിവസമായിരുന്നു അവരുടെ മേഖലയിൽ കോടതി നടപടികൾ. അത് ആഴ്ചയിൽ അഞ്ചുദിവസമാക്കുക വഴി കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം പരിഹരിക്കാൻ അതുവഴി സാധിച്ചു.

യു.പി.എസ്.സി പരീക്ഷയെഴുതാൻ കുറുക്കുവഴികളില്ലെന്നാണ് ഈ മിടുക്കിക്ക് പറയാനുള്ളത്. നിരാ​ശപ്പെടാതെ കഠിനാധ്വാനം ചെയ്യുക മാത്രമാണ് വഴി.

Tags:    
News Summary - From Village to Becoming an IAS Officer at Just 22, Story of Sulochana Meena from Rajasthan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.