കൊച്ചി: മെഡിസിന്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് ഉടന്‍ ഡോക്ടറാകാം. പക്ഷേ എഞ്ചിനീറിങ് വിദ്യാര്‍ഥികള്‍ക്ക് പഠന ശേഷം ഉടന്‍ എഞ്ചിനീയറായി ജോലി ചെയ്യാനാകുന്നില്ല. എന്താണിതിന് കാരണം? വടകര എഞ്ചിനീയറിങ് കോളജിലെ എ.കെ. അഭിഷേകിന്റെ ചോദ്യം മുഖ്യമന്ത്രി പിണറായി വിജയനോട്. അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് ഉച്ച കോടിയുടെ ഭാഗമായി വിദ്യാര്‍ഥികളുമായി മുഖ്യമന്ത്രി നടത്തിയ സംവാദത്തിന് തുടക്കമിട്ടായിരുന്നു ചോദ്യം.
കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പരിജ്ഞാനം ഇല്ലായിരുന്നുവെന്നാണ് ഇവിടെ റിക്രൂട്ട്‌മെന്റ് നടത്താനെത്തിയ കമ്പനി സൂചിപ്പിച്ചതെന്ന് മുഖ്യമന്ത്രി. മറ്റു പല സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഇക്കാര്യത്തില്‍ മുന്നിലായിരുന്നു. ഈ പ്രശ്‌നത്തിനുള്ള പരിഹാര നടപടികളും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനായി പാഠ്യപദ്ധതിയിലും സിലബസിലും മൂല്യനിർണയത്തിലും ആവശ്യമായ തിരുത്തലുകള്‍ വരുത്തണം.
ഉന്നത വിദ്യാഭ്യാസ മേഖലയെ മികവിലേക്ക് നയിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി കേരള ഹയര്‍ എജ്യുക്കേഷന്‍ കരിക്കുലം 2023 തയാറാക്കിയിട്ടുണ്ട്. ഓരോ വിഷയത്തിലും അക്കാദമിക് മികവ് ഉയര്‍ത്തുന്നതിനാണ് ശ്രമം. എന്‍ജിനീയറിംഗ് വിഷയത്തിലുള്‍പ്പടെ പ്രായോഗിക പരിശീലനം ആവശ്യമുള്ള കോഴ്‌സുകള്‍ക്ക് നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കി മികച്ച ഇന്റേണ്‍ഷിപ്പ് സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ എസ്. അപർണയുടെതായിരുന്നു അടുത്ത ചോദ്യം. ധാരാളം കുട്ടികള്‍ പഠനത്തിനും ജോലിക്കുമായി വിദേശത്തേക്ക് പോകുന്നു. കേരളത്തിലെ തൊഴില്‍ ലഭ്യതക്കുറവാണോ ഇതിന് കാരണം. ഇതു പരിഹരിക്കാന്‍ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയും?
മുഖ്യമന്ത്രി: പ്രവാസത്തിന്റെതായ നല്ല അനുഭവമാണ് നമുക്കുള്ളത്. വിദേശരാജ്യങ്ങളുമായി കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നു. ജോലിക്കായും വിദേശത്ത് പോകുന്നവരുമുണ്ട്. പ്രഫഷണല്‍ കോഴ്‌സുകളില്‍ ചേരാന്‍ പുറത്തേക്ക് പോകുന്ന രീതി ഉണ്ട്. പക്ഷേ കേരളത്തെ സംബന്ധിച്ച് പ്രത്യേക പ്രചാരണം നടക്കുന്നു. ഇവിടെ വിദ്യാഭ്യാസത്തിന് ഗുണമേന്മയില്ലെന്ന് പ്രചരിപ്പിക്കുന്നു. ചില മാധ്യമങ്ങളും ഇതിന് വലിയ പ്രചാരം നല്‍കുന്നു. കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമമാണിത്. അത്തരം വാര്‍ത്തകളില്‍പ്പെട്ട് ആശങ്കപ്പെടരുതെന്നും മുഖ്യമന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.