കേന്ദ്ര പൊതുമേഖലയിൽ ഉൾപ്പെട്ട ബാങ്ക് ഓഫ് മഹാരാഷ്ട്ര വിവിധ ബ്രാഞ്ചുകളിലേക്കും പുണെ ഹെഡ് ഓഫിസിലേക്കും ക്രഡിറ്റ് ഓഫിസർമാരെ തെരഞ്ഞെടുക്കുന്നു. നേരിട്ടുള്ള നിയമനമാണ്. ആകെ 100 ഒഴിവുകളാണുള്ളത്.
മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ രണ്ടിൽ 50 ഒഴിവുകളും (ജനറൽ 22, ഒ.ബി.സി 13, എസ്.സി 7, എസ്.ടി 3, ഇ.ഡബ്ല്യു.എസ് 5) സ്കെയിൽ 3ൽ 50 ഒഴിവുകളും (ജനറൽ 22, ഒ.ബി.സി 13, എസ്.സി 7, എസ്.ടി 3, ഇ.ഡബ്ല്യു.എസ് 5) ലഭ്യമാണ്. ഭിന്നശേഷിക്കാർക്കും (പി.ഡബ്ല്യു.ബി.ഡി) ഒഴിവുകളിൽ പ്രത്യേക സംവരണമുണ്ട്.
യോഗ്യത: 60 ശതമാനം മാർക്കിൽ കുറയാതെ (എസ്.സി/എസ്.ടി/ഒ.ബി.സി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് 55 ശതമാനം മതി) ബിരുദവും ദ്വിവത്സര ഫുൾടൈം എം.ബി.എ( ബാങ്കിങ്/ഫിനാൻസ്/മാർക്കറ്റിങ്\ഫോറെക്സ്\ക്രെഡിറ്റ്)\പി.ജി.ഡി.ബി.എ\പി.ജി.ഡി.ബി.എം\സി.എ\സി.എഫ്.എ\ഐ.സി.ഡബ്ല്യു.എ യോഗ്യതയുള്ളവർക്കാണ് അവസരം.
എം.എം.ജി സ്കെയിൽ രണ്ടിന് ഓഫിസറായി മൂന്നു വർഷത്തെ പ്രവൃത്തി പരിചയമുണ്ടാകണം. പ്രായം 25-32. എം.എം.ജി സ്കെയിൽ മൂന്നിന് ഓഫിസറായി അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം 25-35.
യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളുമടങ്ങിയ വിശദമായ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.bankofmaharashtra.inൽ നിന്നും ഡൗൺലോഡ് ചെയ്യാം. എസ്.സി/എസ്.ടി/ഒ.ബി.സി നോൺക്രീമിലെയർ/ ഭിന്നശേഷിക്കാർ(പി.ഡബ്ല്യൂ.ബി.ഡി) വിമുക്ത ഭടന്മാർ മുതലായ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷാഫീസ് 1180 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങൾക്ക് 118 രൂപ മതി. നിർദേശാനുസരണം ഓൺലൈനായി നവംബർ ആറുവരെ അപേക്ഷിക്കാം.
കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ ഗ്രേഡ് ചർച്ച / വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. പ്രഫഷനൽ പരിജ്ഞാനവും ജനറൽ ബാങ്കിങ്ങിലുള്ള അറിവും പരിശോധിക്കുന്ന നൂറു ചോദ്യങ്ങളുണ്ടാവും. പരമാവധി 200 മാർക്കിനാണിത്. കേരളത്തിൽ തിരുവനന്തപുരം പരീക്ഷാ കേന്ദ്രമാണ്. മെറിറ്റ് ലിസ്റ്റ് തയാറാക്കിയതാണ് നിയമനം. എം.എം.ജി സ്കെയിൽ 2 തസ്തികയുടെ ശമ്പളനിരക്ക് 48170-69810 രൂപയും സ്കെയിൽ 3 തസ്തികയുടെ ശമ്പളനിരക്ക് 63840-78230 രൂപയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.