രാജ്യത്ത് സ്‌കൂൾ വിദ്യാഭ്യാസം ലഭിക്കാതെ 11.7 ലക്ഷം കുട്ടികൾ

ന്യൂഡൽഹി: രാജ്യത്ത് ആറിനും പതിമൂന്നിനും ഇടയിൽ പ്രായമുള്ള 11.7 ലക്ഷം കുട്ടികൾക്ക് സ്‌കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്ന് പുതിയ കണക്ക്. 2024–25 അധ്യയന വർഷത്തിലെ കണക്കുപ്രകാരം 11,70,404 കുട്ടികളാണ് പഠനം അവസാനിപ്പിക്കുകയും സ്കൂളിൽ ചേരാതിരിക്കുകയും ചെയ്തവർ.

ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ളത്. കണക്കുകൾ പ്രകാരം ഇവിടെ 7,84,228 കുട്ടികൾക്കും സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല. 65,000-ത്തിലധികം കുട്ടികൾ ജാർഖണ്ഡിലും 63,000-ലധികം കുട്ടികൾ ആസാമിലും സ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്തവരാണ്.

സിക്കിമിലാണ് ഏറ്റവും കുറവ് വിദ്യാർഥികൾ സ്കൂളിൽ പോകാതിരിക്കുന്നത്- 74 പേർ. എന്നാൽ, ലഡാക്കിലും ലക്ഷദ്വീപിലും മുഴുവൻ കുട്ടികളും സ്കൂളിൽ പോകുന്നവരാണ്. കേരളത്തിൽ 2297 കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ലഭിക്കുന്നില്ല.

കഴിഞ്ഞ അധ്യയനവർഷം രാജ്യത്ത് 12.5 ലക്ഷം കുട്ടികൾക്കാണ് സ്കൂൾ വിദ്യാഭ്യാസം ലഭിക്കാത്തത്. ഇതനുസരിച്ച് ഈ വർഷം നേരിയ പുരോഗതി പ്രാഥമിക വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് സ്‌കൂൾ വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളുടെ കണക്ക് പുറത്തുവിട്ടത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രബന്ധ് പോർട്ടലിൽ സംസ്ഥാനങ്ങൾ നൽകുന്ന വിവരങ്ങൾ അനുസരിച്ചാണ് ഓരോ വർഷവും പട്ടിക തയാറാക്കുന്നത്.

Tags:    
News Summary - 11.7 lakh children are out of school in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.