ന്യൂഡൽഹി: സി.ബി.എസ്.ഇ അഞ്ച്, എട്ട് ക്ലാസുകളിൽ അടുത്ത വർഷം മുതൽ അഫിലിയേറ്റ് ചെയ്ത എല്ലാ സ്‌കൂളുകളിലും വിദ്യാർഥികളുടെ കഴിവ് അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ നടത്തുമെന്ന് ബോർഡ് ചെയർമാൻ അറിയിച്ചു. 2024-25 അധ്യയന വർഷത്തിൽ ഏകദേശം 9,000 സ്കൂളുകളിലാണ് ഇത്തരത്തിൽ മൂല്യനിർണയം നടത്തിയത്. 2025-26ൽ രാജ്യത്തെ 30,100 സി.ബി.എസ്.ഇ സ്കൂളുകളിലും ഇത് നിർബന്ധമാക്കും.
‘ദേശീയ പാഠ്യ പദ്ധതി ശിപാർശകൾക്കനുനുസൃതമായി പഠനത്തിന്റെ പ്രധാന ഘട്ടങ്ങളിൽ കുട്ടികളുടെ കഴിവുകൾ വിലയിരുത്താൻ ഞങ്ങൾ ശ്രമിക്കുന്നു. ഈ വർഷം രാജ്യത്തുടനീളമുള്ള 9,000 സ്കൂളുകളിൽ അത്തരത്തിൽ വിലയിരുത്തൽ നടത്തി. അടുത്ത വർഷം എല്ലാ സ്കൂളുകൾക്കും ഇത് നിർബന്ധമാക്കാൻ പദ്ധതിയിടുന്നു’- സി.ബി.എസ്.ഇ ചെയർമാൻ രാഹുൽ സിങ് സഹോദയ സ്കൂൾ കോംപ്ലക്സുകളുടെ ദേശീയ വാർഷിക സമ്മേളനത്തിൽ പറഞ്ഞു.
ഇത് ഓരോ സ്കൂളും കുട്ടിക്ക് നൽകുന്ന പഠനത്തിന്റെ നിലവാരത്തെ കുറിച്ച് ഞങ്ങൾക്ക് ഫീഡ്ബാക്ക് നൽകും. കൂടാതെ പുരോഗതി ട്രാക്ക് ചെയ്യാനും കഴിയും. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഡേറ്റ ലഭിച്ചുകഴിഞ്ഞാൽ സമയക്രമം അനുസരിച്ച് കുട്ടികളുടെ കഴിവ് വളർത്തുന്നതിന് നിർദ്ദിഷ്ടവും ലക്ഷ്യബോധമുള്ളതുമായ പരിപാടികൾ ആവിഷ്കരിക്കുന്നതിൽ ഞങ്ങൾക്ക് സ്കൂളുകളെ സഹായിക്കാനാകും. ഇത് അധ്യാപകരുടെ കഴിവും വർധിപ്പിക്കുമെന്ന് സിങ് പറഞ്ഞു.
അഞ്ചാം ക്ലാസിൽ ഇംഗ്ലീഷ്, ഗണിതം, പരിസ്ഥിതി ശാസ്ത്രം എന്നിവയിലായിരിക്കും യോഗ്യത അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ. എട്ടിന് സയൻസ്, ഗണിതം, ഇംഗ്ലീഷ് എന്നിവയിലായിരിക്കും മൂല്യനിർണയം. ഇതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ വിഷയത്തെക്കുറിച്ച് ധാരണയുണ്ടോ എന്ന് അളക്കാനാവും.
വിദ്യാർഥികളെ ‘സമ്മർദ്ദരഹിത’മാക്കുക എന്നതാണ് ഈ മൂല്യനിർണയങ്ങളുടെ ലക്ഷ്യം. ഇത് യോഗ്യതയെ സാക്ഷ്യപ്പെടുത്തുന്ന തരത്തിലുള്ള വിലയിരുത്തലല്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. വിദ്യാർത്ഥികൾക്ക് വ്യക്തിഗത റിപ്പോർട്ടുകൾ നൽകുകയില്ല. എന്നാൽ, സ്‌കൂളിന് ഒരു പ്രത്യേക ഗ്രേഡിന്റെ റിപ്പോർട്ട് നൽകുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ വർഷം കമ്പ്യൂട്ടർ അധിഷ്ഠിത മൂല്യനിർണയമായിരുന്നു നടന്നത്. മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത സ്‌കൂളുകൾക്ക് പേന-പേപ്പർ ഓപ്ഷൻ ഉണ്ടായിരിക്കും. അല്ലാത്തപക്ഷം അത് കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയായിരിക്കും.
ബംഗാളിലെ പല സ്‌കൂളുകളിലെയും നിലവിലെ അക്കാദമിക സെഷനിൽ മൂല്യനിർണയം നടത്തി. ‘പ്രാപ്‌തി അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ വിദ്യാർഥികളുടെ വിശകലന ശേഷികൾ വികസിപ്പിക്കാൻ സഹായിക്കുമെന്ന് ഹൗറയിലെ ഡൽഹി പബ്ലിക് സ്കൂൾ പ്രിൻസിപ്പലും കൊൽക്കത്ത സഹോദയയുടെ ജോയിന്‍റ് സെക്രട്ടറിയുമായ സുനിത അറോറ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.