കാസർകോട്: പ്ലസ് ടു മൂല്യനിർണയത്തിൽ ഗ്രേസ് മാർക്കിനെ ചൊല്ലി വിവാദം. കഴിഞ്ഞ ദിവസം പ്ലസ് ടു ഫലം വന്നെങ്കിലും ചില വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ഇല്ലാതെയാണ് ഫലം വന്നിരിക്കുന്നത്. കേരളത്തിലെ ഒട്ടുമിക്ക സ്കൂളുകളിലും ഇതുതന്നെയാണ് സ്ഥിതി. ഫലം വന്നപ്പോൾ കുട്ടികളുടെ ഗ്രേസ് മാർക്ക് ആ കോളത്തിൽ ലഭ്യമായിട്ടില്ല. പകരം, വെരിഫൈഡ് എന്ന് മാത്രമാണുള്ളത്. ഗ്രേസ് മാർക്ക് ഇല്ലാത്തതുകൊണ്ടുതന്നെ കുട്ടികളുടെ ആകെ മാർക്കിൽ വ്യത്യാസം വരും. അതുകൊണ്ടുതന്നെ പല സ്കൂളുകളിലെയും അധ്യാപകർ തിരുവനന്തപുരത്തേക്ക് ഓടുകയാണ്. ചെറിയ മാർക്കിന് പ്ലസ് ടു പരാജയപ്പെട്ട വിദ്യാർഥികളുടെ കാര്യമാണ് ദയനീയം. ആ വിദ്യാർഥികളോട് ആര് സമാധാനം പറയുമെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്.
പരീക്ഷ തുടങ്ങുന്നതിന് എത്രയോ മുമ്പ് സമർപ്പിച്ച വിദ്യാർഥികളുടെ സർട്ടിഫിക്കറ്റിൽ ചിലത് ശരിയായവിധത്തിൽ അപ് ലോഡ് ചെയ്യാത്തതുകൊണ്ടും വ്യക്തമാകാത്തതുകൊണ്ടും നിരസിച്ചിരുന്നു എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, അത് അപ്പോൾതന്നെ ശരിയാക്കി ഓൺലൈൻ വഴി അപേക്ഷിച്ചിരുന്നു എന്നാണ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെ വാദം. ഇങ്ങനെ വീണ്ടും അപേക്ഷിച്ച സർട്ടിഫിക്കറ്റിൻമേൽ ക്ലിയറൻസ് ലഭിക്കുന്നത് പരീക്ഷ കഴിഞ്ഞിട്ടാണ്. 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങിയ വിദ്യാർഥികൾക്ക് കഴിഞ്ഞവർഷത്തെ നിബന്ധന പ്രകാരം ഗ്രേസ് മാർക്ക് ലഭിക്കില്ല. എന്നാൽ, ചെറിയ മാർക്കിന്റെ വ്യത്യാസത്തിൽ പരാജയപ്പെട്ട കുട്ടിക്ക് ഗ്രേസ് മാർക്ക് ലഭിക്കാതെവന്നാൽ ആരോട് പറയുമെന്നാണ് വിദ്യാർഥികളുടെ ചോദ്യം.
ഡയറക്ടറേറ്റിൽ ഇതുസംബന്ധിച്ച് പരാതിപ്പെട്ടപ്പോൾ ഒരാഴ്ചക്കുള്ളിൽ അപ്ഡേറ്റ് ചെയ്ത് വരുമെന്നാണ് ബന്ധപ്പെട്ട പ്രിൻസിപ്പൽമാർക്ക് അറിയിപ്പ് ലഭിച്ചത്. എൻ.എസ്.എസ്, കലോത്സവം എന്നീ ഇനങ്ങളിലുള്ള വിദ്യാർഥികളിൽ ചിലർക്ക് ഗ്രേസ് മാർക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം, സ്പോർട്സിലുള്ള കുട്ടികളിൽ ചിലർക്ക് ഗ്രേസ് മാർക്കില്ല. ‘നോട്ട് വെരിഫൈ ബൈ ഏജൻസി’ എന്നാണ് കാണിക്കുന്നത്. ഇത് ഓരോ കൗൺസിലുകളാണ് വെരിഫൈ ചെയ്യേണ്ടത്. പരീക്ഷക്കു മുമ്പേ ചെയ്യേണ്ടുന്ന ജോലിയിലാണ് മൂല്യനിർണയം കഴിഞ്ഞിട്ടും അപാകത ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ സത്വരനടപടി ഉണ്ടാകണമെന്നാണ് അധ്യാപകരുടേയും രക്ഷിതാക്കളുടേയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.