മലപ്പുറം: പ്ലസ് വൺ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെന്റ് ഒഴിവ് പട്ടിക പുറത്തുവന്നതോടെ ജില്ലയിൽ ആകെ റിപ്പോർട്ട് ചെയ്തത് 1427 ഒഴിവുകൾ. കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സീറ്റുകൾ കുറഞ്ഞത് അപേക്ഷകരെ വലക്കും. ആദ്യഘട്ട സപ്ലിമെന്ററിയിൽ മാത്രം സീറ്റ് കിട്ടാതെ 10,985 അപേക്ഷകരാണ് പുറത്ത് നിൽക്കേണ്ടി വന്നിരുന്നത്. പുതിയ പട്ടിക വന്നതോടെ 9,558 അപേക്ഷകർ സീറ്റ് കിട്ടാതെ പുറത്താകും. കൂടാതെ ഇതുവരെ അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്ക് രണ്ടാംഘട്ട സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷ സമർപ്പിക്കാനും അവസരമുണ്ട്. ഇത് കൂടി പരിഗണിച്ചാൽ സീറ്റ് കിട്ടാത്തവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത.
ആദ്യഘട്ട സപ്ലിമെന്ററി അലോട്ട്മെന്റില്‍ 18,054 അപേക്ഷകരിൽ 7,069 പേര്‍ക്കാണ് പട്ടികയിൽ ഇടം ലഭിച്ചിരുന്നത്. ഇപ്പോൾ പുറത്തുവന്ന ഒഴിവ് പട്ടികയിൽ ജനറൽ വിഭാഗത്തിലാണ് കൂടുതൽ സീറ്റുകളുള്ളത്. ആകെ 691 സീറ്റുണ്ട്. സംവരണ സീറ്റുകളിലും ഒഴിവുണ്ട്. എസ്.സി 172, സാമ്പത്തിക സംവരണം 115, എസ്.ടി 114, ഈഴവ-തീയ്യ-ബില്ലവ 92, മുസ്ലിം 80, ഒ.ബി.സി ഹിന്ദു 34, എൽ.സി 34, ധീരവ 23, വിശ്വകർമ 23, ഭിന്നശേഷി 16, ഒ.ബി.സി ക്രിസ്റ്റ്യൻ 11, കുടുംബി 11, കുശവൻ 11 എന്നിങ്ങനെയാണ് ഒഴിവുകൾ. വ്യാഴാഴ്ച മുതൽ പുതിയ അപേക്ഷ നൽകി തുടങ്ങി. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണി വരെ അവസരമുണ്ട്. എന്നാൽ ഏതെങ്കിലും േക്വാട്ടയിൽ പ്രവേശനം നേടിയവർക്കും അലോട്ട്മെന്റ് ലഭിച്ചിട്ടും ഹാജരാക്കത്തവർക്കും ഏതെങ്കിലും േക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം ടി.സി വാങ്ങിയവർക്കും ഈ ഘട്ടത്തിൽ അപേക്ഷിക്കാൻ കഴിയില്ല. മുഖ്യഘട്ട അലോട്ട്മെന്റിൽ ജില്ലയിൽ ആകെ 80,100 പേരാണ് അപേക്ഷിച്ചത്. ജില്ലയില്‍ മുഖ്യ അലോട്ട്മെന്റിൽ 45,994 പേര്‍ക്കാണ് അവസരം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.