സർക്കാർ ശമ്പളത്തിൽ സ്വകാര്യ കൽപിത സർവകലാശാല; നിർദേശം തള്ളി സി.പി.എം

തിരുവനന്തപുരം: എയ്ഡഡ് കോളജുകളെ സർക്കാർ ശമ്പളത്തിൽ സ്വകാര്യ കൽപിത സർവകലാശാലയാക്കാനുള്ള നിർദേശം തള്ളി സി.പി.എം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പരിഷ്കാരങ്ങൾ ചർച്ചചെയ്യാൻ സംഘടിപ്പിച്ച ദ്വിദിന ശിൽപശാലയിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്.

അതേസമയം, സമഗ്രനിയമനിർമാണത്തിന്‍റെ അടിസ്ഥാനത്തിൽ സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിന്‍റെ സാധ്യത പരിശോധിക്കാൻ ധാരണയായി. സംസ്ഥാനത്ത് സ്വയംഭരണ പദവിയുള്ള ഏതാനും എയ്ഡഡ് കോളജുകൾ സർക്കാർ ശമ്പളം നിലനിർത്തി കൽപിത സർവകലാശാല പദവിക്ക് നീക്കം ശക്തിപ്പെടുത്തുന്നതിനിടെയാണ് സി.പി.എം നിലപാട് വ്യക്തമാക്കിയത്. ശിൽപശാലയിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, മുതിർന്ന പാർട്ടി നേതാക്കൾ, പാർട്ടി അനുകൂല അധ്യാപക-വിദ്യാർഥി സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. കൽപിത സർവകലാശാല സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതി സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുകൂല സമീപനം സ്വീകരിക്കുന്നെന്ന വിമർശനവും ഉയർന്നു.

നിലവിൽ സർക്കാർ ശമ്പളത്തിൽ പ്രവർത്തിക്കുന്ന എയ്ഡഡ് കോളജുകൾ കൽപിത സർവകലാശാലയാകുന്നത് പൊതുവിദ്യാഭ്യാസ മേഖലയെ ദുർബലപ്പെടുത്തുമെന്ന് അഭിപ്രായമുയർന്നു. സ്വയംഭരണ പദവിയുള്ള മൂന്ന് എയ്ഡഡ് കോളജ് മാനേജ്മെന്‍റുകളുടേതുൾപ്പെടെ ആറു വിദ്യാഭ്യാസ ഏജൻസികളുടെ അപേക്ഷയാണ് കൽപിത സർവകലാശാലക്കായി സർക്കാറിന്‍റെ മുന്നിലുള്ളത്. ഇതുസംബന്ധിച്ച് പഠിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ വിദഗ്ധസമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. സമിതി യോഗങ്ങളിൽ കൽപിത സർവകലാശാലക്ക് അനുകൂല നിലപാട് ഉയർന്നിരുന്നു. പിന്നാലെയാണ് എയ്ഡഡ് സ്ഥാപനങ്ങളെ കൽപിത സർവകലാശാലയാക്കാനുള്ള നിർദേശം പാർട്ടി നേതൃത്വംതന്നെ തള്ളിയത്. നേരത്തേ ഡോ. ശ്യാം ബി. മേനോൻ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷനും കൽപിത സർവകലാശാല വേണ്ടതില്ലെന്നും സ്വകാര്യ സർവകലാശാലകളാകാമെന്നും ശിപാർശ ചെയ്തിരുന്നു.

Tags:    
News Summary - Private university on government salary CPM rejected the proposal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.