തിരുവനന്തപുരം: വിദേശ ഉപരിപഠനത്തിന് ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ് അനുവദിക്കുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് സർക്കാർ ഉത്തരവ്.
ഒരു വിദ്യാർഥിക്ക് അനുവദിക്കുന്ന ഉയർന്ന സ്കോളർഷിപ് പരിധി അഞ്ച് ലക്ഷം രൂപയായിരിക്കും. ടൈംസ് ഹയർ എജുക്കേഷൻ ലോക റാങ്കിങ്ങിൽ ഉൾപ്പെടുന്ന വിദേശ സർവകലാശാലകളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്.ഡി കോഴ്സുകളിൽ പ്രവേശനം നേടുന്നവരെ മാത്രമാവും പരിഗണിക്കുക. ഡിേപ്ലാമ/പോസ്റ്റ് ഡിേപ്ലാമക്കാരെ പരിഗണിക്കില്ല.
ബി.പി.എൽ വിദ്യാർഥികൾക്കാണ് അർഹത. ബി.പി.എൽ വിഭാഗത്തിൽനിന്ന് മതിയായ അപേക്ഷകരില്ലെങ്കിൽ, എട്ട് ലക്ഷം രൂപയിൽ താഴെ കുടുംബ വരുമാനമുള്ള എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കും. ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴിലുള്ള പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ് പദ്ധതിക്കായുള്ള 7.14 കോടി രൂപയിൽനിന്ന് 1.7 കോടി രൂപയാണ് വിദേശ ഉപരിപഠന സ്കോളർഷിപ്പിനായി ഇത്തവണ മാറ്റിവെച്ചത്.
വിദേശ സർവകലാശാലകളിൽ ഉന്നത പഠനത്തിന് ദേശാസാത്കൃത/ഷെഡ്യൂൾഡ് ബാങ്കുകളിൽനിന്നോ ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽനിന്നോ വിദ്യാഭ്യാസ വായ്പ എടുത്തവർക്ക് വായ്പ സബ്സിഡി ആയാണ് പദ്ധതി നടപ്പാക്കുന്നത്. 2024-25ൽ പ്രവേശനം നേടിയവർക്കായിരിക്കും പ്രഥമ പരിഗണന. അപേക്ഷകരില്ലെങ്കിൽ 2023-24ൽ പ്രവേശനം നേടി പഠനം തുടരുന്നവരെയും പരിഗണിക്കും. വായ്പ രേഖകൾ സമർപ്പിക്കുന്നവരിൽനിന്ന് തെരഞ്ഞെടുക്കുന്നവർക്ക് തുക റീ ഇംബേഴ്സ്മെന്റായാണ് അനുവദിക്കുക.
കുടുംബത്തിൽ ഒരാൾക്കേ സ്കോളർഷിപ് അനുവദിക്കൂ. പ്രായം 2024 ജൂൺ ഒന്നിന് 35ന് താഴെയായിരിക്കണം. വിദേശ സർവകലാശാലകളുടെ ഇന്ത്യയിലെ ഉപകേന്ദ്രങ്ങളിലോ വിദേശ സർവകലാശാലകൾ ഇന്ത്യൻ സർവകലാശാലകളുമായി സംയുക്തമായി രാജ്യത്തിനകത്ത് നടത്തുന്ന സ്ഥാപനങ്ങളിലോ പഠിക്കുന്നവർ അർഹരല്ല. സ്കോളർഷിപ്പിന് തെരഞ്ഞെടുത്ത ശേഷം മുൻകൂർ അനുമതിയില്ലാതെ കോഴ്സോ സർവകലാശാലയോ മാറിയാൽ തുക തിരിച്ചടക്കണം. തെരഞ്ഞെടുത്ത വർഷത്തിനകം സർവകലാശാലയിൽ പഠനം ആരംഭിച്ചിരിക്കണം.
കേന്ദ്ര സർക്കാറിന്റെ ‘പഠോ പർദേശ്’ പദ്ധതി പ്രയോജനം ലഭിക്കുന്നവർ സ്കോളർഷിപ്പിന് അർഹരല്ല. അപേക്ഷകനും മാതാപിതാക്കളും കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം. മുസ്ലിം, കൃസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി വിഭാഗത്തിൽപെട്ടവർക്ക് ജനസംഖ്യാനുപാതികമായായിരിക്കും സ്കോളർഷിപ് അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.