ന്യൂഡൽഹി: നിബന്ധനകളോടെ രാജ്യത്ത് പത്ത്, പ്ലസ്ടു പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ അനുമതി. വിദ്യാർഥികളുടെ അക്കാദമിക് താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ലോക്ഡൗൺ കാരണം വിവിധ സംസ്ഥാന വിദ്യാഭ്യാസ ബോർഡുകൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയവയുടെ പരീക്ഷകളാണ് മാറ്റിവെച്ചിരുന്നത്. പുതുക്കിയ പരീക്ഷ തീയതി അതാത് ബോർഡുകൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം അറിയിച്ചു.
നിബന്ധനകൾ:
കണ്ടെയ്ൻമെൻറ് സോണുകളിൽ പരീക്ഷ കേന്ദ്രങ്ങൾ പാടില്ല.
വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ എന്നിവർ മാസ്ക് ധരിക്കണം.
സാമൂഹിക അകലം പാലിക്കണം.
പരീക്ഷകേന്ദ്രങ്ങളിൽ തെർമൽ സ്ക്രീനിങ്, സാനിറ്റൈസർ എന്നിവ ഒരുക്കണം.
പരീക്ഷ ആവശ്യാർഥം സർക്കാറുകൾക്ക് പ്രത്യേക ബസുകൾ ഏർപ്പെടുത്താവുന്നതാണ്.
കേരളത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ ജൂൺ ആദ്യവാരം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. നേരത്തെ മേയ് 26ന് തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗം തീയതി മാറ്റുകയായിരുന്നു.
ലോക്ഡൗണിനെ തുടർന്ന് മാറ്റിവെച്ച സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ ജൂലൈ ഒന്നു മുതൽ 15 വരെ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. വംശീയ ആക്രമണത്തെത്തുടർന്ന് വടക്കു-കിഴക്കൻ ഡൽഹിയിൽ മാത്രമാണ് 10ാം ക്ലാസ് പരീക്ഷ നടക്കാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.