മനാമ: ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് വിജ്ഞാനത്തിന്റെയും കരിയറിന്റെയും അനന്ത സാധ്യതകൾ പകർന്നുകൊണ്ട് ഗൾഫ് മാധ്യമം-‘എജു കഫേ’ ഡിസംബർ ആറ്, ഏഴ് തീയതികളിൽ ഇന്ത്യൻ ക്ലബിൽ നടക്കും. വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന എജു കഫേയിൽ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം.
രണ്ടു ദിവസത്തെ മേളയിൽ രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്. എജു കഫേയിൽ വിദ്യാഭ്യാസ- കരിയർ സ്ഥാപനങ്ങളുടെ പ്രദർശനങ്ങൾ, പ്രമുഖരുടെ ക്ലാസുകൾ, പരീക്ഷയെ വിജയകരമായി നേരിടാനുള്ള ടിപ്സുകൾ, അഭിരുചി തിരിച്ചറിയാനുള്ള പ്രത്യേക ടെസ്റ്റ്, മോട്ടിവേഷനൽ ക്ലാസുകൾ, ഉന്നത വിജയത്തിനാവശ്യമായ കൗൺസലിങ്, ആത്മവിശ്വാസം വർധിപ്പിക്കൽ, കരിയർ ഗൈഡൻസ്, തൊഴിൽ മേള എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെയും വിദേശത്തെയും യൂനിവേഴ്സിറ്റികൾ, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോളജുകൾ തുടങ്ങി ഉന്നത വിദ്യാഭ്യാസ രംഗത്തെ വിവിധ സ്ഥാപനങ്ങൾ പ്രദർശനത്തിലുണ്ട്.
ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം തുടങ്ങിയ മേഖലകളിലേക്കെല്ലാം പഠനത്തിന് ആവശ്യമായ നിർദേശങ്ങൾ യൂനിവേഴ്സിറ്റി പ്രതിനിധികളിൽനിന്ന് നേരിട്ട് മനസ്സിലാക്കാൻ സ്റ്റാളുകൾ സന്ദർശിക്കുന്നതിലൂടെ സാധിക്കും. ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്ന രീതിയിലാണ് മേളയുടെ ഡിസൈൻ. വിദ്യാർഥികളുടെ മികച്ച ആശയങ്ങൾക്ക് മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാം ഇന്നവേഷൻ അവാർഡും സമ്മാനിക്കും.
മഹാത്മ ഗാന്ധി യൂനിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് പ്രഫസറും മുൻ സോഷ്യൽ സയൻസസ് ഡീനുമായ പ്രഫ. എം.എച്ച്. ഇല്യാസ്, പ്രശസ്ത ശിശുരോഗ വിദഗ്ധയും മോട്ടിവേറ്ററും എഴുത്തുകാരിയുമായ ഡോ. സൗമ്യ സരിൻ, എ.ഐ വിദഗ്ധനും പബ്ലിക് സ്പീക്കറുമായ കൃഷ്ണകുമാർ, പ്രശസ്ത മജീഷ്യനും മെന്റലിസ്റ്റുമായ രാജമൂർത്തി എന്നിവർ ‘എജു കഫേ’യിൽ വിദ്യാർഥികളുമായും രക്ഷിതാക്കളുമായും സംവദിക്കും. വെള്ളിയാഴ്ച വൈകീട്ട് രണ്ടു മുതൽ രാത്രി എട്ടുവരെയും ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് ആറു വരെയുമാണ് ‘എജു കഫേ’. https://www.myeducafe.com എന്ന ലിങ്കിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.