ആയുര്‍വേദ എം.ഡി പ്രവേശ പരീക്ഷ ഒക്ടോബര്‍ ഒന്നിന്

ആയുര്‍വേദ ബിരുദധാരികള്‍ക്ക് മികച്ച കരിയറിലത്തൊന്‍ പോസ്റ്റ്ഗ്രാജ്വേറ്റ് പഠനം ഏറെ സഹായകമാണ്. എം.ഡി ആയുര്‍വേദ കോഴ്സുകളിലേക്കുള്ള ഇക്കൊല്ലത്തെ എന്‍ട്രന്‍സ് പരീക്ഷ ഒക്ടോബര്‍ ഒന്ന് ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും. ഇതില്‍ പങ്കെടുക്കുന്നതിന് സംസ്ഥാന പ്രവേശ പരീക്ഷാ കമീഷണറുടെ വെബ്സൈറ്റില്‍ സെപ്റ്റംബര്‍ ആറിന് വൈകീട്ട് അഞ്ചു മണിവരെ ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം നടത്താവുന്നതാണ്. പൊതു അപേക്ഷാഫോറവും നിര്‍ദേശങ്ങളും www.cee.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.  ജനറല്‍ വിഭാഗക്കാരും സര്‍വിസ് വിഭാഗക്കാരും വെവ്വേറെ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. 
അപേക്ഷാ ഫീസ് 1000 രൂപ. പട്ടികജാതി/വര്‍ഗക്കാര്‍ക്ക് 500 രൂപ മതി. ജനറല്‍ വിഭാഗക്കാര്‍ ഇന്‍റര്‍നെറ്റ് ബാങ്കിങ്/ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് മുഖാന്തരം ഓണ്‍ലൈനായോ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍നിന്ന് പ്രവേശപരീക്ഷാ കമീഷണറുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റായോ അപേക്ഷാ ഫീസ് അടക്കാം. സര്‍വിസ് ക്വോട്ട സീറ്റുകളിലേക്ക് അപേക്ഷാഫീസ് 0210-02-101-99 എന്ന ഹെഡില്‍ ട്രഷറിയില്‍ (1000 രൂപ) അടക്കണം. 
ജനറല്‍ ക്വോട്ട സീറ്റുകളില്‍ എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശം ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് ബന്ധപ്പെട്ട രേഖകള്‍ സഹിതം 2016 സെപ്റ്റംബര്‍ ഏഴ് വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് കിട്ടത്തക്കവണ്ണം രജിസ്ട്രേഡ്/ സ്പീഡ് തപാലില്‍ കമീഷണര്‍ ഫോര്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ്, ഹൗസിങ് ബോര്‍ഡ് ബില്‍ഡിങ്സ്, ശാന്തിനഗര്‍, തിരുവനന്തപുരം-695001 എന്ന വിലാസത്തില്‍ അയക്കണം. 
സര്‍വിസ് ക്വോട്ടയില്‍ അപേക്ഷിക്കുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ ബന്ധപ്പെട്ട കണ്‍ട്രോളിങ് ഓഫിസര്‍ മുഖേന സെപ്റ്റംബര്‍ ഏഴിന് വൈകീട്ട് അഞ്ചുമണിക്കകം കിട്ടത്തക്കവിധം ആയുര്‍വേദ ഡയറക്ടര്‍, ആരോഗ്യഭവന്‍, എം.ജി റോഡ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയക്കണം. 
കേരളത്തിലെ എസ്.സി/എസ്.ടി/ എസ്.ഇ.ബി.സി വിഭാഗങ്ങള്‍ അപേക്ഷാ ഫോറത്തില്‍ നിശ്ചിതഭാഗത്ത് ലഭ്യമാക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുള്ള കമ്യൂണിറ്റി/നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷാഫോറത്തില്‍തന്നെ ലഭ്യമാക്കേണ്ടതാണ്. സ്ഥാപനങ്ങളും കോഴ്സുകളും തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആയുര്‍വേദ കോളജുകളിലും കോട്ടക്കല്‍ വി.പി.എസ്.വി, ഒല്ലൂര്‍ വൈദ്യരത്നം, കണ്ണൂര്‍ പറശ്ശനിക്കടവ്, തിരുവനന്തപുരം പങ്കജകസ്തൂരി എന്നീ ആയുര്‍വേദ കോളജുകളിലും 2016-17 അധ്യയന വര്‍ഷത്തെ എം.ഡി ആയുര്‍വേദ കോഴ്സുകളിലേക്കാണ് എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്ക് പണിഗണിച്ച് അഡ്മിഷന്‍ ലഭിക്കുക. കായചികിത്സ, ശാലക്യ (നേത്രരോഗ വിജ്ഞാനം), രസാശാസ്ത്രം & ഭൈഷജ്യ കല്‍പനം, ദ്രവ്യഗുണ വിജ്ഞാനം, ശാലക്യ (കര്‍ണ-നാസ-കണ്ഠ -ശിരോരോഗ), സ്വസ്ഥവൃത്തം, പ്രസൂതി തന്ത്രവും സ്ത്രീരോഗവും ആയുര്‍വേദ സിദ്ധാന്തവും ദര്‍ശനവും പഞ്ചകര്‍മ, കൗമാരഭൃത്യ, ശല്യതന്ത്രം, മനോവിജ്ഞാനം, അഗദതന്ത്രം, ക്രിയാശാരീരം, രോഗനിദാനം, ശല്യക്ഷാര്‍ ആന്‍ഡ് അനുശാസ്ത്രകര്‍മ എന്നിവയിലാണ് പഠനാവസരം. ആയുര്‍വേദ വചസ്പതി എം.ഡി, ആയുര്‍വേദ ധന്വന്തരി എം.എസ് കോഴ്സുകള്‍ തെരഞ്ഞെടുത്ത് പഠിക്കാം. കോഴ്സ് കാലാവധി മൂന്നുവര്‍ഷം.
പ്രവേശയോഗ്യത: അപേക്ഷകന്‍ ഇന്ത്യന്‍ പൗരനായിരിക്കണം. വിവിധ സാമുദായിക വിഭാഗ സീറ്റുകളിലേക്ക് സംവരണാവകാശം ഉന്നയിക്കുന്നവര്‍ കേരളത്തില്‍ ജനിച്ചവരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്കൂടി ഹാജരാക്കണം.
അപേക്ഷകര്‍ക്ക് 2016 ജൂലൈ 31ന് 45 വയസ്സ് കവിയാന്‍ പാടില്ല. പട്ടികജാതി/ വര്‍ഗ വിഭാഗക്കാര്‍ക്കും സര്‍വിസ് ക്വോട്ടയില്‍ അപേക്ഷിക്കുന്നവര്‍ക്കും അഞ്ചു വര്‍ഷത്തെ വയസ്സിളവ് ലഭിക്കും. 
അംഗീകൃത ബി.എ.എം.എസ്/ആയുര്‍വേദാചാര്യ/ബി.എ.എം ബിരുദമെടുത്തിരിക്കണം. ഓരോ വിഷയത്തിലും തിയറിക്കും പ്രാക്ടിക്കല്‍ പരീക്ഷക്കും പ്രത്യേകം 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയിരിക്കണം. 1995ന് മുമ്പ് യോഗ്യത നേടിയിട്ടുള്ളവര്‍ക്ക് ഈ മാര്‍ക്ക് നിബന്ധന ബാധകമല്ല. 31.7.2016ന് മുമ്പ് ഇന്‍േറണ്‍ഷിപ് പരിശീലനം പൂര്‍ത്തിയാക്കിയിരിക്കണം. പ്രവേശത്തിന് മുമ്പായി ബന്ധപ്പെട്ട മെഡിക്കല്‍ കൗണ്‍സിലില്‍നിന്നുമുള്ള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 
പ്രവേശപരീക്ഷക്കുള്ള അഡ്മിറ്റ്കാര്‍ഡ് വെബ്സൈറ്റില്‍നിന്ന് സെപ്റ്റംബര്‍ 22 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. 
പ്രവേശ പരീക്ഷ: രണ്ടുമണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള 150 ചോദ്യങ്ങളടങ്ങിയ രണ്ട് പേപ്പറുകള്‍ എന്‍ട്രന്‍സ് പരീക്ഷക്കുണ്ടാവും. പരീക്ഷ ഒബ്ജക്ടിവ് മാതൃകയിലായിരിക്കും. 
എന്‍ട്രന്‍സ് പരീക്ഷാ കമീഷണര്‍ റാങ്ക്ലിസ്റ്റ് തയാറാക്കി അഡ്മിഷനായി ആയുര്‍വേദ മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ക്ക് കൈമാറും. 
ഗവണ്‍മെന്‍റ്/എയ്ഡഡ് കോളജുകളില്‍ പി.ജി പ്രോഗ്രാമുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 25,000 രൂപവീതം മൂന്നുവര്‍ഷം സ്റ്റൈപന്‍ഡ് ലഭിക്കും. 
വാര്‍ഷിക ഫീസ് 15,000 രൂപയാണ്. സ്വാശ്രയ കോളജുകളില്‍ 50 ശതമാനം ഗവണ്‍മെന്‍റ് സീറ്റുകളില്‍ അഡ്മിഷന്‍ നേടുന്ന പട്ടികജാതി/വര്‍ഗക്കാരുടെ ഫീസ് എസ്.സി/എസ്.ടി ഡെവലപ്മെന്‍റ് ഡിപ്പാര്‍ട്മെന്‍റ്, മാനേജ്മെന്‍റിന് നല്‍കും. പി.ജി പഠനകാലത്ത് പ്രൈവറ്റ് പ്രാക്ടീസ് അനുവദിക്കില്ല. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.cee.kerala.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്. ആകെ 132 സീറ്റുകളിലാണ് പ്രവേശം. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.