തിരുവനന്തപുരം: അഞ്ചു ദിവസമായി നടത്തിയ സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷ ചോദ്യങ്ങളിൽ കൂട്ടത്തെറ്റ്. മൊത്തം 21 ചോദ്യങ്ങൾ റദ്ദാക്കി. കഴിഞ്ഞ ഒമ്പതിന് നടന്ന പരീക്ഷയിൽ മാത്രം എട്ടു ചോദ്യമാണ് റദ്ദാക്കിയത്. മുൻ വർഷങ്ങളിൽ ഒറ്റ ദിവസമായി നടത്തിയ പരീക്ഷയിലും തെറ്റായ ചോദ്യങ്ങൾ റദ്ദാക്കാറുണ്ടെങ്കിലും ഇത്രയും ഉയർന്ന എണ്ണം സമീപകാലത്ത് ആദ്യമാണ്.
ജൂൺ അഞ്ചിലെ പരീക്ഷയിലെ മൂന്നും ആറിലെ പരീക്ഷയിൽ രണ്ടും ഏഴ്, എട്ട് തീയതികളിലെ നാലുവീതവും ചോദ്യമാണ് റദ്ദാക്കിയത്. കൂട്ടത്തെറ്റിന്റെ സാഹചര്യത്തിൽ അടുത്ത വർഷം മുതൽ പരീക്ഷ നടത്തിപ്പിന് വിപുല ചോദ്യബാങ്ക് തയാറാക്കാൻ പ്രവേശന പരീക്ഷാ കമീഷണറേറ്റ് തീരുമാനിച്ചു. 20,000 മുതൽ 25,000 വരെ ചോദ്യമെങ്കിലും ഉൾപ്പെടുത്തിയുള്ള ബാങ്കാണ് ലക്ഷ്യമിടുന്നത്. ഉൾപ്പെടുത്തുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും മുൻകൂട്ടി പരിശോധിച്ച് ശരിയാണെന്ന് ഉറപ്പാക്കും.
ചോദ്യബാങ്കിൽനിന്നുള്ള ചോദ്യങ്ങൾ സോഫ്റ്റ്വെയർ അധിഷ്ഠിതമായി തെരഞ്ഞെടുത്ത് പരീക്ഷക്ക് ഉപയോഗിക്കുന്ന രീതിയാണ് പരിഗണനയിൽ. ഇതുവഴി ഭാവിയിൽ തെറ്റായ ചോദ്യം കടന്നുകൂടുന്നത് ഒഴിവാക്കാമെന്നാണ് കണക്കുകൂട്ടൽ. ചോദ്യബാങ്ക് ആവശ്യമെങ്കിൽ പുതുക്കുകയും ചെയ്യാം. ഇത്തവണ 21 ചോദ്യം റദ്ദാക്കിയതിനാൽ ശേഷിക്കുന്ന ചോദ്യങ്ങളുടെ മാർക്ക് പരീക്ഷയുടെ പരമാവധി മാർക്കിലേക്ക് മാറ്റും.
അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചതോടെ സ്കോർ നോർമലൈസ് ചെയ്യുന്ന നടപടികൾക്ക് വ്യാഴാഴ്ച തുടക്കമായി. ജൂൺ 23നകം നോർമലൈസ് ചെയ്ത സ്കോർ പ്രസിദ്ധീകരിക്കും. സി.ബി.എസ്.ഇ വിദ്യാർഥികളുടെ ഹയർ സെക്കൻഡറി മാർക്ക് പരീക്ഷ ബോർഡിൽനിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. ഇതു ലഭിക്കാൻ ഡൽഹിയിലെ റെസിഡൻഷ്യൽ കമീഷണർ വഴി അപേക്ഷ നൽകിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഐ.സി.എസ്.ഇ ഉൾപ്പെടെയുള്ള മറ്റ് ബോർഡുകളിൽനിന്നുള്ള ഹയർസെക്കൻഡറി പരീക്ഷ സ്കോർ ലഭിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ സ്കോർ കൂടി ലഭിച്ചാൽ ഹയർസെക്കൻഡറി മാർക്ക് വിദ്യാർഥികളുടെ കൺഫർമേഷന് കാൻഡിഡേറ്റ് പോർട്ടലിൽ പ്രസിദ്ധീകരിക്കും.
ശേഷം പ്രവേശന പരീക്ഷ സ്കോറും ഹയർസെക്കൻഡറി പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിൽ ലഭിച്ച സ്കോറും തുല്യ അനുപാതത്തിൽ പരിഗണിച്ചുള്ള സ്റ്റാൻഡേഡൈസേഷൻ കൂടി പൂർത്തിയാക്കിയായിരിക്കും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.