തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ അവസാനവർഷ ബിരുദ പരീക്ഷകൾ ഏപ്രിൽ മാസത്തിനകം പൂർത്തിയാക്കാൻ തീരുമാനം. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീൽ വിളിച്ചുചേർത്ത വൈസ് ചാൻസലർമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. വിദ്യാർഥികളുടെ ഉപരിപഠന സാധ്യതകൾ മുടങ്ങാത്ത രീതിയിൽ പരീക്ഷ പൂർത്തിയാക്കി ഫലപ്രഖ്യാപനം നടത്തും.
മാർച്ച്, ഏപ്രിൽ മാസങ്ങളിലായിരിക്കും പരീക്ഷ നടത്തുക. പരീക്ഷയുടെ തീയതിയും ടൈംടേബിളും ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷ ക്രമീകരണങ്ങൾ സർവകലാശാലതലത്തിൽ തീരുമാനിക്കും.
ജനുവരി നാലിന് കോളജുകൾ തുറക്കുേമ്പാൾ പ്രവർത്തിക്കേണ്ട സമയം ബന്ധപ്പെട്ട കോളജുകൾക്ക് തീരുമാനിക്കാം. രാവിലെ എട്ടരമുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കാനായിരുന്നു സർക്കാർ ഉത്തരവിലെ നിർദേശം. ഇതിനെതിരെ അധ്യാപകർ പ്രതിഷേധം ഉയർത്തിയിരുന്നു. രാവിലെയും ഉച്ചക്കുശേഷവുമായി രണ്ട് ഷിഫ്റ്റുകൾ സർക്കാർ നിർദേശിച്ചതിൽ ഉചിതമായത് കോളജുകൾക്ക് തീരുമാനിക്കാം. സർക്കാർ േകാളജുകളിൽ പി.ടി.എ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. എയ്ഡഡ്, അൺ എയ്ഡഡ് കോളജുകളിൽ ബന്ധപ്പെട്ട മാനേജ്മെൻറുകൾക്ക് തീരുമാനമെടുക്കാം.
രാവിലെ എട്ടരക്ക് ക്ലാസ് തുടങ്ങുന്നതിന് ബുദ്ധിമുട്ടുണ്ടെങ്കിൽ പത്ത് മുതൽ നാലുവരെയുള്ള പതിവ് സമയത്ത് പ്രവർത്തിക്കാം. വിവിധ സർവകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും പുതുതായി അനുവദിച്ച പുതുതലമുറ കോഴ്സുകൾ ഇൗ വർഷം തന്നെ തുടങ്ങാൻ നിർേദശം നൽകി. ഇൗ കോഴ്സുകൾക്കുള്ള സിലബസ് തയാറാക്കിക്കഴിഞ്ഞതായി വൈസ് ചാൻസലർമാർ യോഗത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.