തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് സർവകലാശാല പരീക്ഷകൾ മാറ്റിവെക്കണമെന്ന് ഗവർണർ വൈസ് ചാൻസലർമാർക്ക് നിർദേശം നൽകി. നാളെ മുതൽ നടക്കേണ്ട ഓഫ്ലൈൻ പരീക്ഷകൾ മാറ്റിവെക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശം നൽകിയിരിക്കുന്നത്.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്തുന്നത് നിരുത്തരവാദപരമാണെന്നും കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലെയും പരീക്ഷകള്‍ മാറ്റിവെക്കണമെന്നും ശശി തരൂർ എം.പി ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.
കോവിഡ് കാലത്ത് പരീക്ഷ നടത്തുന്നതിനെതിരെ രക്ഷിതാക്കളും വിദ്യാർഥികളും പരാതിയുമായി രംഗത്തെത്തിയിരുന്നു. പല പരീക്ഷ സെന്‍ററുകളും കണ്ടെയ്ന്മെന്റ് സോണുകളിലായതിനാൽ വിദ്യാർഥികൾ ആശങ്കയിലാണ്.
മലയാളം സർവകലാശാല തിങ്കളാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും. ആരോഗ്യ സർവകലാശാലയും എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
കേരളത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകൾ മാറ്റിവെച്ച സാഹചര്യത്തിൽ കേരളത്തിൽ പരീക്ഷകൾ മാറ്റേണ്ടതുണ്ടോ എന്ന കാര്യത്തിൽ പുനരാലോചന വേണമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.