തൃശൂർ: വിദ്യാർഥികളുടെ പരീക്ഷാ ബഹിഷ്കരണം തള്ളി ആരോഗ്യ സർവകലാശാല. അവസാന വർഷ എം.ബി.ബി.എസ് പരീക്ഷ തുടരാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ യോഗത്തിൽ സർവകലാശാല തീരുമാനിച്ചു. മതിയായ ക്ലാസുകൾ ലഭിച്ചില്ലെന്ന വിദ്യാർഥികളുടെ പരാതി നിലനിൽക്കുന്നതല്ലെന്നും നിശ്ചിത സമയത്ത് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ക്ലാസുകൾ നൽകുകയും ചെയ്തതായി യോഗം വിലയിരുത്തി. പ്രിൻസിപ്പൽമാരുടെ യോഗത്തിന്‍റെ മിനിറ്റ്സിലും ഇക്കാര്യം വ്യക്തമാക്കി.
സപ്ലിമെൻററി പരീക്ഷകൾ സെപ്തംബറിൽ മാത്രമേ നടത്തൂ. സമരം അവസാനിപ്പിച്ച് വിദ്യാർഥികൾ ഇനിയുള്ള പരീക്ഷകൾ എഴുതണമെന്ന് സർവകലാശാല ആവശ്യപ്പെട്ടു. എന്നാൽ, ബഹിഷ്കരണം തുടരുമെന്നും കോടതിയിൽ പ്രതീക്ഷയുണ്ടെന്നുമാണ് സമരം ചെയ്യുന്ന വിദ്യാർഥികൾ പറയുന്നത്. മതിയായ ക്ലിനിക്കൽ പോസ്റ്റിങ് ലഭിക്കാത്തത് ചൂണ്ടിക്കാട്ടി ഭൂരിഭാഗം വിദ്യാർഥികളും വ്യാഴാഴ്ചയിലെ ആദ്യ പരീക്ഷ ബഹിഷ്കരിച്ചിരുന്നു. ക്ലിനിക്കൽ പോസ്റ്റിങ് നാല് മാസം പോലും തികച്ച് ലഭിച്ചില്ലെന്നാണ് വിദ്യാർഥികളുടെ പരാതി. ഇക്കാര്യത്തിൽ സർവകലാശാലക്ക് ഒന്നും ചെയ്യാനില്ലെന്നും അതത് സമയത്ത് മാർഗനിർദേശം പുറപ്പെടുവിക്കുകയും നടപടിക്രമങ്ങൾ പാലിക്കുകയും ചെയ്തിട്ടുണ്ടെന്നുമാണ് സർവകലാശാലയുടെ വിശദീകരണം.
സംസ്ഥാനത്ത് അവസാന വർഷ എം.ബി.ബി.എസ് പരീക്ഷയെഴുതാൻ 2915 വിദ്യാർഥികളുണ്ട്. ഇതിൽ രണ്ടായിരത്തിലേറെ വിദ്യാർഥികൾ പരീക്ഷ ബഹിഷ്കരിച്ചുവെന്നാണ് സമരക്കാർ പറയുന്നത്. ഏപ്രിൽ നാലിനാണ് വിദ്യാർഥികളുടെ ഹരജി കോടതി പരിഗണിക്കുക. കോവിഡ് കാരണം ക്ലിനിക്കൽ പോസ്റ്റിങ് വെട്ടിച്ചുരുക്കിയതാണ് മതിയായ ക്ലാസുകൾ ലഭിക്കാത്തതിന് വിദ്യാർഥികളുടെ പരാതിയുടെ പ്രധാന കാരണം. മതിയായ അധ്യയനം ലഭിച്ചില്ലെന്നത് ന്യായമായ പരാതിയെന്ന് വിദ്യാർഥികളുടെ രക്ഷിതാക്കളും പറയുന്നു. എന്നാൽ നിസഹായരാണെന്നും പരീക്ഷ നടത്താനുള്ള തീരുമാനം ദേശീയ മെഡിക്കൽ കമീഷന്‍റേതാണെന്നുമാണ് സർവകലാശാലയുടെ പക്ഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.