കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരള, എം.ജി സർവകലാശാലകൾ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ കോളജുകളിൽ പരീക്ഷ നടത്തുന്നത് ഹൈകോടതി തടഞ്ഞു. എൻ.എസ്.എസിന്‍റെ ഹരജിയിലാണ് ഫെബ്രുവരി എട്ടുവരെ പരീക്ഷകൾ തടഞ്ഞുള്ള ഇടക്കാല ഉത്തരവ്. കോവിഡ് വ്യാപനം കൂടിയ സി വിഭാഗത്തിലുള്ള ഈ ജില്ലകളിലെ കോളജുകളിൽ പരീക്ഷ നടത്തുന്നതിനെതിരെ ജസ്റ്റിസ് രാജാ വിജയരാഘവന്റെ ബെഞ്ചാണ് ഉത്തരവ് നൽകിയത്.
ഇതനുസരിച്ച് എം.ജി സർവകലാശാല ഫെബ്രുവരി എട്ടു വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാൻസലർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കേരള സർവകലാശാലയും പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്.
പരീക്ഷ നടത്തിപ്പിന് അധ്യാപകരെ ലഭിക്കുന്നില്ലെന്നും വിദ്യാർഥികൾ രോഗം മറച്ചുവെച്ച് പരീക്ഷയിൽ പങ്കെടുക്കുന്നതിനാൽ രോഗവ്യാപനം കൂടുമെന്നും വ്യക്തമാക്കി എൻ.എസ്.എസ് സർക്കാറിന് നിവേദനം നൽകിയിരുന്നു. ഇതിൽ നടപടി ഉണ്ടായില്ലെന്ന് ഹരജിയിൽ പറയുന്നു. 20 പേരിൽ കൂടുതൽ ഒത്തുകൂടരുതെന്ന മാർഗനിർദേശം നിലനിൽക്കെയാണ് സർവകലാശാലകൾ തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ നടത്താൻ ഒരുങ്ങുന്നതെന്ന് ഹരജിയിൽ ആരോപിക്കുന്നു.
എം.ജി സർവകലാശാല ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിലും കേരള സർവകലാശാല ഫെബ്രുവരി എട്ടിനും പരീക്ഷ നിശ്ചയിച്ചിട്ടുണ്ടെന്ന് ഹരജിയിൽ പറയുന്നു. തുടർന്നാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും താൽപര്യം കണക്കിലെടുത്ത് സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.