എൻ.ഐ.ടികൾ, ഐ.ഐ.ടികൾ, കേന്ദ്ര ഫണ്ടോടെ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ബി.ടെക് അഖിലേന്ത്യാ പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിൻ (പേപ്പർ) രണ്ടാംഘട്ടം മാർച്ച് 15, 16, 17, 18 തീയതികളിൽ 'എൻ.ടി.എ'യുടെ ആഭിമുഖ്യത്തിൽ നടത്തും.
ഇതിലേക്ക് നേരത്തെ അപേക്ഷിച്ചിട്ടില്ലാത്തവർ മാർച്ച് ആറ് വൈകീട്ട് ആറുമണിക്കകം ഫീസ് അടച്ച് രജിസ്റ്റർ ചെയ്യണം. സ്കോർ മെച്ചപ്പെടുത്തുന്നതിനുള്ള അവസരം കൂടിയാണിത്.
ജെ.ഇ.ഇ മെയിൻ ആദ്യ വെർഷനോടൊപ്പം മാർച്ച്/ഏപ്രിൽ/മേയ് സെഷനിലേക്ക് കൂടി ഫീസ് അടച്ച് അപേക്ഷിച്ചിട്ടുള്ളവർക്ക് ആവശ്യമുള്ളപക്ഷം സമർപ്പിക്കപ്പെട്ട അപേക്ഷയിൽ മാറ്റങ്ങൾ വരുത്താം. മാർച്ച് ആറിനു ശേഷം അപേക്ഷയിൽ മാറ്റങ്ങൾ അനുവദിക്കില്ല.
ജെ.ഇ.ഇ മെയിൻ രണ്ടാംഘട്ട പരീക്ഷക്ക് മാർച്ച് ആറ് രാത്രി 11.50 മണിവരെ ഓൺലൈനായി ഫീസ് അടക്കാം. മൂന്നാംഘട്ട (ബി.ഇ/ബി.ടെക് പേപ്പർ ഒന്ന്) ജെ.ഇ.ഇ മെയിൻ പരീക്ഷ ഏപ്രിൽ 27 മുതൽ 30 വരെയും നാലാംഘട്ടം മേയ് 24 മുതൽ 28 വരെയും നടത്തും. രജിസ്ട്രേഷൻ ഉൾപ്പെടെ ഇതുസംബന്ധിച്ച അറിയിപ്പ് വെബ്സൈറ്റിൽ യഥാസമയം പ്രസിദ്ധപ്പെടുത്തും.
സ്കോർ മെച്ചപ്പെടുത്തുന്നതിന് വിദ്യാർഥികൾക്ക് ഈ അവസരങ്ങൾ പരമാവധി വിനിയോഗിക്കാം.
ഐ.ഐ.ടി പ്രവേശനത്തിനായുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ പങ്കെടുക്കുന്നതിനും ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ ഉയർന്ന സ്കോർ ആവശ്യമാണ്. ജെ.ഇ.ഇ മെയിൻ ഓൺലൈൻ അപേക്ഷ https://jeemain.nta.nic.in, www.nta.ae.in എന്നീ വെബ്സൈറ്റുകളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.