കോട്ടയം: നാലുവര്‍ഷ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ആദ്യ സെമസ്റ്റര്‍ പരീക്ഷ പൂര്‍ത്തിയായി മൂന്നാംദിവസം ഫലം പ്രസിദ്ധീകരിച്ച് എം.ജി സര്‍വകലാശാല. തിയറി പരീക്ഷകള്‍ ഈ മാസം 16നും പ്രാക്ടിക്കല്‍ പരീക്ഷകള്‍ 18നുമാണ് പൂര്‍ത്തിയായത്.
പരീക്ഷാഫലം ശനിയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ഔട്ട് കം ബേസ്ഡ് എജുക്കേഷന്‍ (ഒ.ബി.ഇ) രീതിയില്‍ നാലുവര്‍ഷ പ്രോഗ്രാമുകള്‍ നടത്തി പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന സംസ്ഥാനത്തെ ആദ്യ സര്‍വകലാശാലയാണ് എം.ജി.
ഓണേഴ്സ് ബിരുദ പ്രോഗ്രാമിന്‍റെ ഡേറ്റാ മാനേജ്മെന്‍റിനായി സര്‍വകലാശാലയിലെ ഐ.ടി വിഭാഗം തയാറാക്കിയ സോഫ്റ്റ്വെയർ മുഖേന വിദ്യാര്‍ഥികളുടെ വിലയിരുത്തലുകളുടെയും സെമസ്റ്റര്‍ അവസാന പരീക്ഷകളുടെയും മാര്‍ക്കുകള്‍ കോളജുകളില്‍നിന്ന് ശേഖരിച്ചാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.
ഔട്ട് കം അടിസ്ഥാനമാക്കിയുള്ള വിശദമായ അറ്റെയ്ൻമെന്‍റ് ചാര്‍ട്ട് ജനുവരി ആദ്യം പ്രസിദ്ധീകരിക്കും. പ്രാക്ടിക്കല്‍ പരീക്ഷകള്‍ സര്‍വകലാശാലയുടെ മേല്‍നോട്ടത്തില്‍ ഏകീകൃത രീതിയിലാണ് നടത്തിയത്. മൂല്യനിര്‍ണയത്തിന് സ്കീമുകള്‍ തയാറാക്കി പ്രസിദ്ധീകരിച്ചു.
ഓരോ കോളജിലെയും അധ്യാപകര്‍ അതത് കോളജുകളിലെ വിദ്യാര്‍ഥികളുടെ മാത്രം മൂല്യനിര്‍ണയം നടത്തും വിധമായിരുന്നു ക്രമീകരണം. പരീക്ഷ നടത്തിപ്പും മൂല്യനിര്‍ണയവും കൃത്യമായും സുതാര്യമായും നടത്താൻ കോളജ് അധ്യാപകരും സര്‍വകലാശാലാ ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട വിജിലന്‍സ് സ്ക്വാഡുകളും പ്രവര്‍ത്തിച്ചിരുന്നു.
പരീക്ഷാഫലം വളരെ വേഗം പ്രസിദ്ധീകരിക്കുന്നതിനായി പ്രവര്‍ത്തിച്ച എല്ലാവരെയും വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍ അഭിനന്ദിച്ചു. സംസ്ഥാന സര്‍ക്കാറിന്‍റെ ഉന്നത വിദ്യാഭ്യാസ പരിഷ്കരണത്തിന്‍റെ ഭാഗമായി ഓണേഴ്സ് ബിരുദ പ്രോഗ്രാമുകള്‍ക്ക് ജൂലൈ ഒന്നിനാണ് തുടക്കം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.