ന്യൂഡൽഹി: നാഷനൽ എക്സിറ്റ് പരീക്ഷ (നെക്സ്റ്റ്) 2024ൽ നടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അവസാന വർഷ എം.ബി.ബി.എസ് പരീക്ഷക്കും പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകൾക്കുള്ള പ്രവേശന പരീക്ഷക്കും ഡോക്ടർമാർക്കുള്ള ലൈസൻസിനും ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ മെഡിക്കൽ ബിരുദ വിദ്യാർഥികൾക്കുള്ള സ്ക്രീനിങ് ടെസ്റ്റിനും പകരമായുള്ള പൊതു പരീക്ഷയാണ് നെക്സ്റ്റ്.
നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന് (എൻ.ബി.ഇ.എം.എസ്) പകരം ന്യൂഡൽഹിയിലെ ‘എയിംസ്’ ആയിരിക്കും പരീക്ഷ നടത്തുക. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇന്ത്യയിലുള്ളവർക്കും വിദേശത്ത് പഠിച്ചവർക്കും പൊതുവായുള്ള പരീക്ഷയായതിനാൽ അംഗീകാരം സംബന്ധിച്ച പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകും. നിലവിൽ, അവസാന വർഷ എം.ബി.ബി.എസ് പരീക്ഷകൾ അതത് കോളജുകളാണ് നടത്തുന്നത്.
നീറ്റ് പി.ജി, എഫ്.എം.ജി.ഇ എന്നിവ എൻ.ബി.ഇ ആണ് നടത്തുന്നത്. 2020ലാണ് നെക്സ്റ്റ് പരീക്ഷ സംബന്ധിച്ച നിയമം വന്നത്. നിയമം നിലവിൽവന്ന് മൂന്നുവർഷത്തിനകം നെക്സ്റ്റ് നടപ്പാക്കേണ്ടതായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം സർക്കാർ സമയപരിധി നീട്ടി നൽകുകയായിരുന്നു. പരീക്ഷയുടെ സിലബസ്, രീതി തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.