ന്യൂഡൽഹി: എൻജിനിയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷകൾ അടുത്ത മാസം നടത്താൻ നിശ്ചയിച്ച കേന്ദ്ര സർക്കാർ നീക്കം ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. എന്നാൽ കോവിഡ് ഭീതിക്കിടയിലും പരീക്ഷകൾ നടത്തുന്നത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഭാഗത്ത് നിന്നുള്ള നിരന്തരമായ സമ്മർദ്ദം മൂലമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രവേശനത്തിനുള്ള ജോയൻറ് എൻട്രൻസ് എക്സാമും (ജെ.ഇ.ഇ) മെഡിക്കൽ പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷയും അടുത്ത മാസം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. അഡ്മിറ്റ് കാർഡ് ഇതിനോടകം ഡൗൺലോഡ് ചെയ്ത 80 ശതമാനം വിദ്യാർഥികളും പരീക്ഷ എഴുതുമെന്ന് ദൂരദർശൻ ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
'മാതാപിതാക്കളുടെയും വിദ്യാർഥികളുടെയും ഭാഗത്ത് നിന്ന് നിരന്തര സമ്മർദ്ദം ഉണ്ടായിരുന്നു.
എന്തുകൊണ്ടാണ് നീറ്റും ജെ.ഇ.ഇയും നടത്താത്തതെന്നായിരുന്നു അവരുടെ ചോദ്യം. വിദ്യാർഥികൾ ഏറെ പരിഭ്രാന്തരാണ്. എത്ര കാലം കൂടി ഇനിയും പഠിക്കണമെന്നാണ് അവർ ചിന്തിക്കുന്നത് ' അദ്ദേഹം പറഞ്ഞു.
'ജെ.ഇ.ഇ ക്ക് രജിസ്റ്റർ ചെയ്ത 8.58 ലക്ഷം വിദ്യാർഥികളിൽ 7.25 ലക്ഷം അപേക്ഷകർ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് കഴിഞ്ഞു. ഞങ്ങൾ വിദ്യാർഥികൾക്കൊപ്പമാണ്. അവരുടെ സുരക്ഷയാണ് പ്രധാനം. പിന്നെയാണ് വിദ്യാഭ്യാസം' അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും തരുന്ന മാർഗനിർദേശങ്ങൾക്ക് അനുസൃതമായായിരിക്കും സ്കൂൾ തുറക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ മാസ്കും കൈയ്യുറകളും ധരിച്ച് വേണം വിദ്യാർഥികൾ പരീക്ഷക്കെത്താൻ. സ്വന്തമായി സാനിറ്റൈസറും വെള്ളക്കുപ്പികളും ഒപ്പം കരുതാനും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.