തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തര സൂചികയും വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കാൻ തീരുമാനം. ഉത്തരസൂചികയെ ചൊല്ലി അധ്യാപകർ തുടർച്ചയായ മൂന്ന് ദിവസം മൂല്യനിർണയം ബഹിഷ്കരിച്ചതോടെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
എട്ട് ചോദ്യങ്ങൾക്ക് ചോയ്സായി നൽകിയതിൽ ഒന്നിലധികം ശരിയുത്തരമുണ്ടെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ അനൗദ്യോഗിക പരിശോധനയിൽ കണ്ടെത്തിയത്. ഇതിനുപുറമെ ചോദ്യത്തിൽ നൽകിയ ഉത്തരത്തിലും സൂചികയിൽ നൽകിയ ഉത്തരത്തിലും വൈരുധ്യമുണ്ടെന്നും കണ്ടെത്തി.
ചോദ്യകർത്താവിന് പരീക്ഷയെ സമഗ്രതയിൽ സമീപിക്കാനായില്ലെന്ന വിമർശനവുമുണ്ട്. എന്നാൽ, അധ്യാപകർ സ്കീം ഫൈനലൈസേഷനിൽ തയാറാക്കിയ സൂചിക അനർഹമായി മാർക്ക് നൽകാനുള്ള ശ്രമമാണെന്നാണ് സർക്കാർ വിലയിരുത്തൽ.
അതിനാൽ അധ്യാപകർ തയാറാക്കിയ സൂചിക ഉപയോഗിച്ച് മൂല്യനിർണയം നടത്തേണ്ടതില്ലെന്നാണ് ധാരണ. പ്രശ്നം സർക്കാറിനെതിരെ തിരിയുമെന്ന ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും ഉൾപ്പെടെ ചേർന്നാണ് വിദഗ്ധസമിതിയെ വെച്ച് പരിശോധിക്കാനുള്ള നിർദേശം മുന്നോട്ടുവെച്ചത്. ഇത് മന്ത്രിയുടെ യോഗത്തിൽ അംഗീകരിക്കുകയായിരുന്നു.
ഉത്തരസൂചികയിൽ പോരായ്മയുണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് യോഗശേഷം മന്ത്രി ശിവൻകുട്ടി അറിയിച്ചു. ഉത്തര സൂചികയിൽ പിഴവില്ലെന്നും അത് ഉപയോഗിച്ച് തന്നെ മൂല്യനിർണയം നടത്തുമെന്നുമായിരുന്നു മന്ത്രി നേരത്തേ നിലപാടെടുത്തിരുന്നത്. പിഴവുണ്ടെന്ന തെളിവുകൾ പുറത്തുവന്നതോടെയാണ് മന്ത്രി നിലപാട് മാറ്റിയത്. സത്യസന്ധവും നീതിയുക്തവുമായ മൂല്യനിർണയം ഉറപ്പുവരുത്തുമെന്ന് മന്ത്രി അറിയിച്ചു.
അർഹതപ്പെട്ട മാർക്ക് വിദ്യാർഥികൾക്ക് ലഭിക്കും. ഇക്കാര്യത്തിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ട. പോർട്ടലിൽ പ്രസിദ്ധീകരിച്ച ഉത്തര സൂചികയിൽ പോരായ്മയുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മൂല്യനിർണയത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രിയും പരീക്ഷ സെക്രട്ടറിയും മുന്നറിയിപ്പ് നൽകിയത് തള്ളി അധ്യാപകർ ശനിയാഴ്ചയും ക്യാമ്പ് ബഹിഷ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.