കോട്ടയം: 19 ദിവസത്തിനിടെ ബി.എഡ് മൂന്ന് സെമസ്റ്ററുകളുടെ ഫലം പ്രഖ്യാപിച്ച് എം.ജി സർവകലാശാല. രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളുടെ ഫലമാണ് നിശ്ചയിച്ച തീയതിക്കകം പ്രസിദ്ധീകരിച്ച് സർവകലാശാല ചരിത്രം സൃഷ്ടിച്ചത്. ആഗസ്റ്റ് 16ന് രണ്ടാം സെമസ്റ്റർ ഫലവും 26 ന് മൂന്നാം സെമസ്റ്റർ ഫലവും സെപ്റ്റംബർ മൂന്നിന് നാലാം സെമസ്റ്റർ ഫലവും പ്രസിദ്ധീകരിച്ചു. പരീക്ഷഫലം വൈകുമെന്ന ആശങ്കയിലായിരുന്ന വിദ്യാർഥികൾക്ക് ഇത് ഏറെ ആശ്വാസമായി.
2020 ഫെബ്രുവരിയിലാണ് ഒന്നാം സെമസ്റ്റർ പരീക്ഷ നടന്നത്. എന്നാൽ, ഫലം വന്നത് ഒരു വർഷം കഴിഞ്ഞാണ്. 2020 ഡിസംബറിൽ നടന്ന രണ്ടാം സെമസ്റ്റർ പരീക്ഷയുടെ മൂല്യനിർണയം കഴിഞ്ഞെങ്കിലും കോവിഡ് വ്യാപനം മൂലം ടാബുലേഷൻ ജോലികൾ പൂർത്തിയാക്കാനാവാതിരുന്നതിനാൽ ഫലം പ്രസിദ്ധീകരിച്ചിരുന്നില്ല. 2021 മാർച്ചിൽ മൂന്നാം സെമസ്റ്റർ പരീക്ഷയും ജൂണിൽ നാലാം സെമസ്റ്റർ പരീക്ഷയും നടത്തി. ഒന്നാം സെമസ്റ്റർ ഫലം ഒരു വർഷത്തോളം ൈവകിയതോടെ മറ്റ് സെമസ്റ്ററുകളുടെ ഫലം എപ്പോൾ വരുമെന്ന കാര്യത്തിൽ വിദ്യാർഥികൾക്ക് പ്രതീക്ഷയില്ലായിരുന്നു.
ഇതിനിടയിലാണ് പി.എസ്.സി എച്ച്.എസ്.എ മലയാളം, ഇംഗ്ലീഷ് അധ്യാപക ഒഴിവുകളിലേക്ക് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചത്. ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം എട്ട് ആണ്. ഇതിനകം ഫലം വന്നാലേ വിദ്യാർഥികൾക്ക് പ്രയോജനമുള്ളൂ. ഇതിനായി വിദ്യാർഥികൾ സർവകലാശാല അധികൃതരെ സമീപിച്ചു.
വിദ്യാർഥികളുടെ അപേക്ഷ പരിഗണിച്ച് പരീക്ഷഫലം ഉടൻ പ്രസിദ്ധീകരിക്കാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. മൂന്ന്, നാല് സെമസ്റ്റർ മൂല്യനിർണയ ക്യാമ്പുകൾ ജൂലൈ 28ന് ആരംഭിച്ചു. സെപ്റ്റംബർ ആറിന് അവസാനിപ്പിക്കാനായിരുന്നു നിർദേശം. എന്നാൽ, അധ്യാപകരുടെ കൂട്ടായ പരിശ്രമം കൊണ്ട് രണ്ട് സെമസ്റ്ററുകളുടെയും മൂല്യനിർണയം ആഗസ്റ്റ് 18ന് പൂർത്തിയാക്കി.
മൂല്യനിർണയ ക്യാമ്പിന് അനുവദിച്ച സമയത്തിനുമുമ്പ് രണ്ട് സെമസ്റ്ററുകളുടെ ഫലം പ്രസിദ്ധീകരിക്കാൻ സർവകലാശാലക്ക് കഴിഞ്ഞു. 96.58 ആണ് വിജയ ശതമാനം. 45 കോളജുകളിലായി മൂവായിരത്തോളം വിദ്യാർഥികളാണുള്ളത്.
മൂല്യനിർണയം വേഗത്തിലാക്കിയ എം.ജിയുടെ കീഴിലുള്ള ബി.എഡ് അധ്യാപകരും അവധി ദിവസങ്ങളിലും അധികസമയവും ജോലി ചെയ്ത് ടാബുലേഷൻ ജോലികൾ പൂർത്തിയാക്കിയ ഇ.ഐ അഞ്ച്, ഇ.ഐ ആറ്, ഇ.ഐ 26 സെക്ഷനുകളിലെ ജീവനക്കാരും കോട്ടയം, എറണാകുളം സോണിലെ ക്യാമ്പ് ഉദ്യോഗസ്ഥരും സിസ്റ്റം അഡ്മിനിസ്ട്രേഷൻ സെക്ഷനിലെ ജീവനക്കാരും ചേർന്നാണ് ഈ നേട്ടം സാധ്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.