തിരുവനന്തപുരം: കേരളത്തെ വിഴുങ്ങിയ പ്രളയം കടന്നുപോയ വർഷത്തിലും 10ാംക്ലാസ് വിദ്യാർഥികൾക്ക് വിജയക്കുതിപ്പ്. എസ്.എസ്.എൽ.സിക്ക് 98.11 ശതമാനം വിജയം. വിജയത്തിൽ കഴിഞ്ഞ വർഷത്തെ (97.84) അപേക്ഷിച്ച് 0.27ശതമാനത്തിെൻറ വർധന. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണത്തിലും വർധനയുണ്ട്.
പരീക്ഷ എഴുതിയ 4,34,729 പേരിൽ 4,26,513 പേർ ഉപരിപഠന യോഗ്യത നേടി. പ്രൈവറ്റ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 1867ൽ 1357പേർ വിജയിച്ചു. ഗൾഫിൽ 98.79 ശതമാനമാണ് വിജയം. ഇവിടെ ഒമ്പത് സ്കൂളുകളിൽ 495 പേർ പരീക്ഷയെഴുതിയതിൽ 489 പേർ വിജയിച്ചു. ലക്ഷദ്വീപിൽ 87.96 ശതമാനമാണ് വിജയം. ഒമ്പത് സ്കൂളുകളിൽ പരീക്ഷ എഴുതിയ 681പേരിൽ 599 പേർ വിജയിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാനാണ് ഫലപ്രഖ്യാപനം നടത്തിയത്.
37,334 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 34,313 ആയിരുന്നു. 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണം 1703. കഴിഞ്ഞ വർഷം 1565 ആയിരുന്നു. 100 ശതമാനം നേടിയതിൽ 599 (കഴിഞ്ഞ വർഷം 517) ഗവ. സ്കൂളുകളും 719 (കഴിഞ്ഞ വർഷം 659) എയ്ഡഡ് സ്കൂളുകളും 391 അൺഎയ്ഡഡ് സ്കൂളുകളും ഉൾപ്പെടുന്നു. 99.34 ശതമാനം വിജയം നേടിയ പത്തനംതിട്ട ജില്ലയാണ് മുന്നിൽ.
വിദ്യാഭ്യാസ ജില്ലകളിൽ കുട്ടനാട് മുന്നിൽ -99.91 ശതമാനം. പിറകിൽ വയനാട് ജില്ലയാണ് -93.22 ശതമാനം. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികൾ കൂടുതൽ മലപ്പുറം ജില്ലയിലാണ് -5970 (കഴിഞ്ഞ വർഷം 5702). കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ച സ്കൂൾ മലപ്പുറം പി.കെ.എം.എം ഹയർ സെക്കൻഡറി സ്കൂളാണ്.
പരീക്ഷാ പേപ്പർ പുനർ മൂല്യ നിർണയം, സൂക്ഷ്മ പരിശോധന, ഉത്തരക്കടലാസിൻെറ ഫോട്ടോ കോപ്പി എന്നിവക്ക് മെയ് ഏഴു മുതൽ മെയ് 10 വരെ അപേക്ഷിക്കാം. സേ പരീക്ഷ മെയ് 20 മുതൽ 25 വരെ നടക്കും. ഫലപ്രഖ്യാപനം ജൂണിൽ നടക്കും. പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ബുധനാഴ്ച 11ന് പ്രഖ്യാപിക്കും.
എ പ്ലസ് നേട്ടക്കാരുടെ എണ്ണത്തിലും വർധന; കൂടുതൽ പേർ മലപ്പുറത്ത്
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ സമ്പൂർണ എ പ്ലസുകാരുടെ എണ്ണം സർവകാല റൊക്കോഡിൽ. 37,334 പേരാണ് മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയത്. കഴിഞ്ഞ വർഷം 34,313 ആയിരുന്നു. ആറു വർഷത്തിനിടെ മുഴുവൻ വിഷയത്തിനും എ പ്ലസ് നേട്ടക്കാരുടെ എണ്ണത്തിൽ വൻ വർധനയാണുണ്ടായത്. സമ്പൂർണ എ പ്ലസ് നേട്ടക്കാരിൽ ഇത്തവണയും പെൺകുട്ടികൾതന്നെയാണ് മുന്നിൽ. 25,123 പേർ.
എ പ്ലസ് മികവിൽ ഒന്നാം സ്ഥാനത്ത് ഇക്കുറിയും മലപ്പുറം ജില്ലയാണ്. 5970 പേരാണ് മലപ്പുറത്ത് സമ്പൂർണ എ പ്ലസ് വിജയം കൊയ്തത്. വിദ്യാഭ്യാസ ജില്ല അടിസ്ഥാനപ്പെടുത്തിയുള്ള കണക്കിലും 2439 പേർ േനട്ടത്തിലെത്തിയ മലപ്പുറംതന്നെയാണ് ഒന്നാമത്.
4436 പേർ എ പ്ലസ് നേടിയ കോഴിക്കാടാണ് സമ്പൂർണ എ പ്ലസ് നേട്ടത്തിൽ രണ്ടാമത്. 4012 പേർ എ പ്ലസ് നേടിയ കൊല്ലം മൂന്നും 3748 പേർ നേട്ടത്തിലെത്തിയ കണ്ണൂർ നാലും 3611 പേർ സമ്പൂർണ എ പ്ലസ് നേടിയ തിരുവനന്തപുരം അഞ്ചും സ്ഥാനങ്ങളിൽ എത്തി.
മറ്റ് ജില്ലകളിൽ മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയവരുടെ എണ്ണം: കാസർകോട്- 1461, വയനാട്- 815, പാലക്കാട്- 2223, തൃശൂർ- 2946, എറണാകുളം- 2887, ഇടുക്കി- 822, കോട്ടയം- 1575, ആലപ്പുഴ- 1881, പത്തനംതിട്ട- 890. ഗൾഫ്- 52, ലക്ഷദ്വീപ്- അഞ്ച്.
ടി.എച്ച്.എസ്.എൽ.സിക്ക് 99 ശതമാനം
തിരുവനന്തപുരം: ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 99 ശതമാനം വിജയം. പരീക്ഷ എഴുതിയ 3208 പേരിൽ 3176 പേർ ഉപരിപഠന യോഗ്യത നേടി. പ്രൈവറ്റായി പരീക്ഷയെഴുതിയ ഏഴുപേരും വിജയിച്ചു. 252 പേർക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ്.
ഹിയറിങ് ഇംപയേർഡ് വിഭാഗത്തിൽ പരീക്ഷ എഴുതിയ14 പേരും വിജയിച്ചു. എ.എച്ച്.എസ്.എൽ.സിയിൽ 82 പേർ പരീക്ഷ എഴുതിയതിൽ 78 പേർ ഉപരിപഠന യോഗ്യത നേടി. വിജയം 95.12 ശതമാനം.
കൂടുതൽ വിദ്യാർഥികൾ തോറ്റത് കെമിസ്ട്രിയിൽ
തിരുവനന്തപുരം: 10ാംതരം കടമ്പ കടക്കുന്നതിൽ ഇത്തവണ കൂടുതൽ വിദ്യാർഥികൾക്ക് മുന്നിൽ വിലങ്ങുതടിയായത് കെമിസ്ട്രി. 4442 പേരാണ് കെമിസ്ട്രിയിൽ മാത്രമായി ഉപരിപഠന യോഗ്യത നേടാതെ പോയത്. വിജയശതമാനം 98.97. കഴിഞ്ഞ വർഷം കെമിസ്ട്രിയിൽ 99.43 ശതമാനമായിരുന്നു വിജയം. കൂടുതൽ പേരെ അയോഗ്യരാക്കിയതിൽ ഫിസിക്സാണ് രണ്ടാം സ്ഥാനത്ത്.
പരീക്ഷയെഴുതിയ 434586 പേരിൽ 432369 പേരാണ് ഫിസിക്സിൽ വിജയിച്ചത്, 99.48. കണക്കിലെ വിജയശതമാനം 99.51 ആണ്. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പരാജയപ്പെട്ടത് (99.05) കണക്കിലായിരുന്നു. ഇംഗ്ലീഷിലും സാമൂഹിക ശാസ്ത്രത്തിലും 99.75 വീതമാണ് ഇത്തവണത്തെ വിജയം.
കഴിഞ്ഞ വർഷം സാമൂഹിക ശാസ്ത്രത്തിൽ 99.5 ശതമാനമായിരുന്നു വിജയം. മലയാളം പേപ്പർ ഒന്നിൽ 99.94 ശതമാനമാണ് ഇത്തവണ വിജയം. പേപ്പർ രണ്ടിൽ 99.96 ഉം ഹിന്ദിയിൽ 99.98 ശതമാനവുമാണ് വിജയം.
ഗൾഫിലെ സ്കൂളുകൾക്ക് മികച്ച വിജയം
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഗൾഫിലെയും ലക്ഷദ്വീപിലെയും സ്കൂളുകൾക്ക് മികച്ച വിജയം. ഗൾഫിലെ ഒമ്പത് കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ 495ൽ 489 പേരും വിജയിച്ചു, 98.79 ശതമാനം. കഴിഞ്ഞ വർഷം 98.90 ശതമാനമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.